Sunday, September 29, 2013

ഇത്തിൾക്കണ്ണി

മഴവന്നു വിളിച്ചിട്ടും 
തളിർക്കനാകാതെ...
കാറ്റ് പിടിക്കതൊരു ഒറ്റമരം ..
വസന്തമെത്തി മടങ്ങിയ ചില്ലയിൽ
അവശേഷിച്ച -
രണ്ടിലകളിൽ
ജീവന്റെ പച്ചപ്പ്‌ മങ്ങിതുടങ്ങിയിട്ടും ,
ജലഞരമ്പുകളിൽ നിന്നോടുവിലത്തെ -
തുള്ളിയും കവർന്നെടുത്തിട്ടും,
മതിയാകാതെ ..
തിന്നു തിന്നെന്റെ ഹൃദയവും
കാർന്നുതിന്ന് - നീ
പടർന്നു കയറുന്നതെങ്ങോട്ടാണ് ...

യോതിഷ് ആറന്മുള

ദുരവസ്ഥ

ആഘോഷങ്ങൾ എത്ര വലുതാണെങ്കിലും 
ഒരു നിമിഷത്തിന്റെ ദൈർഘ്യത്തിലവ പോയ്‌ മറയും .... 
ഏറ്റവും ചെറിയ സങ്കടങ്ങൾക്കു പോലും -
ഒരു മനുഷ്യായുസ്സിന്റെ ദൈർഘ്യമനുഭവിക്കേണ്ടി വരുന്നത് 

Monday, June 17, 2013

എന്നിട്ടും ഉന്മാദമെന്നു പറഞ്ഞില്ല ...

അന്നാണ് നീയെന്നെ ശരിക്കും ഭയപ്പെടുത്തിയത് ...
അവളുടെ മറുപടിക്ക്
കാത്തു നിന്ന ദിവസം ..
ഒരു തീപ്പെട്ടിക്കു കൊളുത്തിയ തീയിൽ -
ഒറ്റ ഇരുപ്പിന് നീയെത്ര സിഗരറ്റുകളാണ്  വലിച്ചുതീർത്തത് ....
"അവൾക്കെന്നെ ഇഷ്ടമായിരിക്കുമല്ലേടാ  "
എന്നു ചോദിച്ചു കൊണ്ട്
വട്ടത്തിലും നീളത്തിലും  നീ പറത്തി വിട്ട -
പുകചുരുളുകൾ പോലും
നിന്റെ ഇഷ്ടത്തിനൊത്ത്‌
നൃത്തം ചവിട്ടുന്നത് എന്നെ അത്ഭുതപ്പെടുത്തിയിരുന്നു...

പിന്നെ കാണുമ്പോളൊക്കെ
നിന്റെ കയ്യിലും ഇടനെഞ്ചിലും
ഒരു കനലെരിയുന്നത് കണ്ടു...  
എന്റെ വേവലാതി മുഴുവൻ നിന്നെ കുറിച്ചായിരുന്നു..
അത് കൊണ്ട് തന്നെ -
അവളെ കുറിച്ച്  ചോദിച്ചില്ല ..
 ചോദിച്ചത് നിന്റെ   ജീവിതത്തെ കുറിച്ചാണ്- എന്നിട്ടും
നീ പൊട്ടിത്തെറിച്ചു..

ജീവിതം !
സ്നേഹം
ഞാൻ
നീ
അവൾ
ഈ ലോകം .... സകലതും
അന്തരീക്ഷത്തിലലിഞ്ഞലിഞ്ഞില്ലാതാകുന്ന
ഈ പുക പോലെയാണ്... വെറും പുക

കയ്യിലെരിയുന്ന സിഗരറ്റിനെക്കുറിച്ച്
അതിൽ നിന്നുകിട്ടുന്ന  ആനന്ദത്തെകുറിച്ച് ചോദിച്ചപ്പോൾ
ബുദ്ധനെപോലെ നീ ചിരിച്ചു ..
തികഞ്ഞ ജ്ഞാനിയെപോലെ നീ പറഞ്ഞു തുടങ്ങി ...

നല്ല പൂഴിമണ്ണിൻറെ മണമുള്ള
പുതുമഴ നനഞ്ഞിട്ടുണ്ടോ...?
കോരിച്ചൊരിയുന്ന മഴയിൽ,
മരങ്ങൾ പെയ്യുന്നത് നോക്കിയിരിന്നു -
ചൂടുളള  ചായ കുടിച്ചിട്ടുണ്ടോ ..?
അപ്പോഴൊക്കെ എന്താ തോന്നാറ് ...?
കുറച്ചുകൂടി ലളിതമായി പറയാം
എപ്പോഴെങ്കിലും നീ നിന്റെ കാമുകിയുടെ
ചുണ്ടുകളിൽ അമർത്തി ചുംബിച്ചിട്ടുണ്ടോ.....?
ചുടു നിശ്വാസത്തിനപ്പുറം
ചുണ്ടുകളിൽ നിന്നും സിരകളിലൂടെ
പടർന്നു പെരുവിരൽ വരെ
അരിച്ചിറങ്ങുന്ന  ഒരു തരിപ്പുണ്ടല്ലോ ..
അതുപോലെ - അല്ലെങ്കിൽ
അതിൽ നിന്നും വേറിട്ട്‌ നില്ക്കുന്നൊരു
തരം അനുഭൂതി.... അതാണെന്നു മാത്രം പറഞ്ഞു ,
എന്നിട്ടും ഉന്മാദമെന്നു പറഞ്ഞില്ല .....

വാദിച്ചു ജയിക്കാൻ വേണ്ടി
പിന്നെയും ഞാൻ പറഞ്ഞു...
സിഗരറ്റു വലിക്കുമ്പോൾ
ഒരറ്റത്തു തീയും
മറ്റേ അറ്റത്തൊരു  വിഡ്ഢിയുമാണെന്നാണ് പുതുചൊല്ല്...    
അവിടെയും നീയെന്നെ തിരുത്തി ...
വിഡ്ഢിയെന്ന പദത്തിനപ്പുറം
നിരാശനെന്നോ...
ദുഃഖിതനെന്നോ...
എഴുതി ചേർക്കണം    
എല്ലാം നഷ്ടപ്പെട്ടവന്റെ  മുറിവിൽ
ഉപദേശം വച്ച് കെട്ടിയാൽ മുറിവുണങ്ങില്ലെന്നു -
പറഞ്ഞു നീ തിരിഞ്ഞു നടന്നു ...

വർഷങ്ങൾക്കു ശേഷം
കോട്ടയം മെഡിക്കൽ കോളേജിന്റെ
കാൻസർ വാർഡിലെ
ഒൻപതാം നമ്പർ മുറിയിലേക്ക്
വിളിച്ചു വരുത്തി
എന്റെ ചെവിയിൽ അടയാളപ്പെടുത്തിയ വാക്കുകൾ...
"വല്ലപ്പോഴുമെങ്കിലും -
ആരും കാണാതെ കക്കൂസിന്റെ നാലു
ചുവരുകൾക്കുള്ളിലിരുന്നു ഇനിയും  മരണത്തെ
വലിച്ചു കയറ്റരുതെ"ന്നു ശാസിച്ചത് ....
ഉള്ളിലോരഗ്നിപർവതമെരിയുന്ന വേദനയിൽ  - " ഇനി വയ്യ ,
മരണം മാത്രമാണ് ഈ വേദനയിൽ നിന്നുള്ള രക്ഷപെടലെ"ന്നു
നിന്റെ സ്വരമിടറിയത്‌
ഒരു തുള്ളി കണ്ണുനീരോടെയല്ലാതെ  
എങ്ങനെ എനിക്ക് കേട്ടുനിൽക്കാനാകും..

അന്നൊരു തീപ്പെട്ടിക്കു കൊളുത്തിയ
തീയിലിന്നു  നിന്റെ ചിതയെരിയുമ്പോൾ
എന്റെ സുഹൃത്തേ ...
നീ പറഞ്ഞ തരിപ്പുണ്ടല്ലോ ?
ആ മറ്റേടത്തെ അനുഭൂതി ...................
അതൊരുതരം ഞരമ്പുരോഗമാണെന്ന-
തിരിച്ചറിവിൽ ഞാനിന്നു ലോകത്തോട്‌  ഉറക്കെ
വിളിച്ചു പറയുകയാണ്..

No Smoking..............  No Smoking......................



യോതിഷ് ആറന്മുള 

Thursday, May 30, 2013

സങ്കടങ്ങളുടെ കൂട്ടിമുട്ടലിൽ ഒരു ചിയേർസ്.............


------------------------------------------------------------
വോഡ്കാ നുരയുന്ന 
നക്ഷത്ര രാവിൽ- മരണത്തിനപ്പുറം 
മറ്റൊരു ലഹരിയും തന്നെ മത്തു പിടിപ്പിക്കില്ലെന്നു -
പിറു പിറുക്കുന്നോരച്ഛൻ

ലേബർ റൂമിന് പുറത്തുള്ള 
ചെറിയ ഇടനാഴിയിൽ വീർപ്പുമുട്ടി നില്ക്കുന്നിടത്തെക്ക് 
ഓർമ്മകൾ പതഞ്ഞിറങ്ങി...    
ചുവരുകൾക്ക് പോലും 
താങ്ങുവാനാകാത്ത  നെടുവീർപ്പുകൾക്കും  
ഇടതെറ്റി വീഴുന്ന മന്ദഹാസങ്ങൾക്കുമൊടുവിൽ 
ആശ്വാസത്തിന്റെ പച്ചവെളിച്ചം 
കടന്ന് അമ്മയ്ക്കു  മുൻപേ -
മകളെ ചുംബിച്ച ചുണ്ടുകൾ
വോഡ്ക നുരയുന്ന ഗ്ലാസ്സിനെ 
ഒറ്റവലിക്ക് കുടിച്ചു തീർക്കുന്നു.... 

നായിന്റെ മോള് -
മരിച്ചു പോയീന്നു കരുതിക്കോളാൻ  
ഭാര്യയെ പറഞ്ഞു വിലക്കിയിട്ടും ..
ഇങ്ങനെ ഒരു മകൾ ജനിച്ചിട്ടില്ലെന്ന് 
മനസ്സിനെ പറഞ്ഞു പഠിപ്പിച്ചിട്ടും ...
അടങ്ങാത്ത നോവ്‌,
നക്ഷത്ര ഹോട്ടലിലെ അരണ്ട വെളിച്ചത്തിലിരുന്ന്     
വോഡ്കാ കുപ്പിക്കുള്ളിൽ 
ഒളിപ്പിക്കാൻ ശ്രമിക്കുന്നു  ...

ആയുസ്സിൽ പാതി മകനായും പിന്നുള്ളതിൽ പാതി 
മകൾക്കായി ജീവിച്ചിട്ടും ..
ഇന്നലെ കണ്ടവരുത്തന്റെ  
കൂടിറങ്ങി പോയെന്റെ പോന്നുമോളെന്നു കരയുന്ന,
മരണത്തിനപ്പുറം - മറ്റൊരു ലഹരിയും 
തന്നെ മത്തു പിടിപ്പിക്കില്ലെന്നു -
പിറു പിറുക്കുന്നോരച്ഛൻ...


യോതിഷ് ആറന്മുള

Friday, April 26, 2013

അവധിക്കാലത്ത്‌
















പുസ്തകസഞ്ചി വലിച്ചെറിഞ്ഞു ,
തൊടിയിലേക്ക്‌ അഴിച്ചുവിട്ട  -
ആട്ടിൻ കുട്ടികളെപോലെ ,
ഓടിനടക്കുമ്പോൾ...  
അവധിക്കാലമായിട്ടും  
അമ്മയെന്തിനാണ് 
എന്റെ പിന്നാലെ പാടത്തും തൊടിയിലും  
വന്ന് കാത്തുനിൽക്കുന്നതെന്ന്    
ചിന്തിച്ചു വശം കെടാറാണ്  പതിവ് ..
വാസുവേട്ടന്റെ പറമ്പിലെ  
മൂവാണ്ടൻ മാവിന്റെ കൊമ്പിലേക്ക്   
ഞാനും എന്റെട്ടനും  
വാശിക്ക് പായിച്ച  കല്ലുകൾ -
പൊട്ടിക്കാറുള്ള  മാമ്പഴം 
കഴിക്കരുതെന്നമ്മ ശാട്യം   
പിടിച്ചതെന്തിനാണെന്ന് 
മാങ്ങാചൊന വീണു പൊള്ളികറുത്ത  
പാടുകളാണ് പറഞ്ഞു തന്നത് ..
കഞ്ഞിയും കറിയും വയ്ക്കാൻ  
മാത്രം അറിയാവുന്നത് കൊണ്ടാവും  
ഓടിക്കളിക്കാതെ ഒരിടത്തിരുന്ന്  
കളിയ്ക്കാൻ അമ്മ  നിർബന്ധം      
പിടിക്കുന്നതെന്ന് കണ്ടുപിടിച്ചത് 
ഇതുപോലൊരു അവധിക്കാലത്താണ്‌     ...
വണ്ടി ഉരുട്ടികൊണ്ടു  നടന്നു-
മറിഞ്ഞുവീണ് പള്ള കീറികരഞ്ഞപ്പോൾ...
പുഞ്ചവരമ്പത്തെ ചേറിൽ -
മീൻ കോരിനടക്കുമ്പോൾ ...
വിശപ്പും ദാഹവുമില്ലാതെ 
കശുമാങ്ങ പെറുക്കിനടക്കുമ്പോൾ...
കളിക്കൂട്ടുകാരിയുടെ 
പമ്പരം തല്ലിപൊട്ടിച്ചു വഴക്കുകൂടുമ്പോൾ 
"നശിച്ച അവധിക്കാലം തീർന്നിരുന്നെങ്കിലെ -"
ന്നമ്മ  പരിതപിക്കും .
ഒടുവിൽ  - 
ഏട്ടന്റെ  കയ്യിൽ  തൂങ്ങി 
സ്കൂളിലേക്ക്  പുറപ്പെടുമ്പോൾ  
ഇനി പകലുമുഴുവൻ  ഞാനൊറ്റയ്ക്കാണെന്നുള്ള-  
അമ്മയുടെ നെടുവീർപ്പോടുകൂടി 
കടന്നു പോകുന്ന അവധിക്കാലം 


യോതിഷ് ആറന്മുള 

Sunday, April 14, 2013

വിഷുക്കണി


അമ്പല പറമ്പിലെ
കോളാമ്പിയിലൂടോഴുകിയെത്തിയ
പ്രഭാതഗീതത്തിനും
പൂക്കളൊഴിഞ്ഞ-
കൊന്നമരത്തിനും..
ചായക്കു കരുതിയ
അഞ്ചുരൂപ തുട്ടിനും ..
ചട്ടുകാലിനും...
മുഷിഞ്ഞ ഭാണ്ഡത്തിലെ,
ദാരിദ്ര്യം പിടിച്ച -
ഗുരുവായുരപ്പനും ..
കണികാണാൻ
വിളിച്ചുണർത്തിയ-
കടത്തിണ്ണയിലെ,
കൊതുകിനും വിഷു ആശംസകൾ....

യോതിഷ് ആറന്മുള

Sunday, April 7, 2013

മുല്ലവള്ളിയും ഞാനും

മുറ്റത്തെ മുല്ലവള്ളിക്കു പ്രണയം ...
രാത്രിയുടെ കണ്ണുതെറ്റി എപ്പോഴൊക്കെ 
വെയില് വന്നു വിളിച്ചാലും 
ചെമ്പരത്തി കയ്യിലൂടെ പടർന്ന് , 
പറമ്പിലെ വേലിക്കപ്പുറം നിൽക്കുന്ന -
കുറ്റിമുല്ലയുടെ കവിളിൽ ചെന്നുതൊടും ..
ആയിക്കോ...
ഞാനൊന്നും പറയുന്നില്ല...
ആ കുറ്റിമുല്ലക്ക് വെള്ളമൊഴിക്കാറുള്ള
പാവാടക്കാരിയുടെ കണക്കുപുസ്തകത്തിൽ
143 എന്നെഴുതികൊടുത്തതിനാണ്
അവളുടെ അച്ഛൻ
ഒരു പകലുമുഴുവൻ
തെറി പറഞ്ഞുകൊണ്ടാ വേലികെട്ടിയത്...
മുല്ലവർഗ്ഗമാണെങ്കിലും
കുറ്റിയും വള്ളിയും
രണ്ടു ജാതിയാണെന്നയാൾ കലഹിക്കും,
മുല്ലവള്ളിപടർപ്പിലെന്നും -
പൂക്കൾക്ക് ദാരിദ്രമാണെന്നയാൾ
നാടാകെ പറയുകയും ചെയ്യും...
ഒടുവിൽ - പകലുകാണാതെ നിലാവറിയാതെ
നിനക്കും ആ വേലി ചാടെണ്ടിവരും
ആയിക്കോ...
ഞാനൊന്നും പറയുന്നില്ല....

യോതിഷ് ആറന്മുള

മുറിവ്

നേർച്ചയിൽ അധികവും പോയത് അങ്ങോട്ടാണ് .. ഉരുളി കമഴ്ത്തുമ്പോഴും ഉരുവിട്ടത് ആൺകുട്ടി ആൺകുട്ടിയെന്നാണ് ... ജനിക്കും മുൻപേതന്നെ അവഗണിക്കപ്പെട്ടു ....