Monday, June 27, 2022

അമ്മ പറയുന്നു - ★വിഷ്ണുപ്രസാദ് ★


കവി : വിഷ്ണുപ്രസാദ് 
കുട്ടുറവൻ ഇലപ്പച്ച എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ അറിയപ്പെടുന്ന മലയാളത്തിലെ ശ്രദ്ധേയരായ കവികളിൽ പ്രധാനിയാണ് വിഷ്ണുപ്രസാദ്. കവിതാസമാഹാരങ്ങൾ - നട്ടുച്ചക്കുള്ള പാട്ട് അഥവാ മീൻ പൊരിക്കുന്ന മണം, കുളം+പ്രാന്തത്തി, ചിറകുള്ള ബസ്, ലിംഗവിശപ്പ്, നൃത്തശാല

ഇവിടെ പരിചയപ്പെടുത്തുന്ന കവിത : അമ്മ പറയുന്നു

prathibhasha.blogspot.com

കുഞ്ഞേ
എന്തിനായിരുന്നു അമ്മയ്ക്ക് രണ്ടു മുലകൾ?
കുടിച്ചു കുടിച്ച് ഇതുതീർന്നു പോവുമോ എന്ന്
നീ പേടിക്കുമ്പോൾ മറ്റൊന്നു കൂടിയുണ്ടെന്ന് നിന്നെ സമാധാനിപ്പിക്കുവാൻ,
മറ്റൊന്നുകൂടിയുണ്ടല്ലോ എന്ന് നിനക്ക്
പ്രതീക്ഷയേകുവാൻ,
ആക്രാന്തം കാണിക്കേണ്ടതില്ലെന്ന് നിന്നെ ശമിപ്പിക്കുവാൻ,
അമ്മ കരുതി വെക്കുന്നു രണ്ടു മുലകൾ.
എപ്പോഴും ഒരു സാദ്ധ്യത കൂടിയുണ്ട്
ഒരു സാദ്ധ്യത കൂടിയുണ്ട് എന്ന്
നിനക്ക് മനപ്പാഠമാകുവാൻ,
നീ ഒരിക്കലും സങ്കടപ്പെടാതിരിക്കാൻ,
ഒരു സമയം ഒന്നേ നിന്റെ കുഞ്ഞിവായയ്ക്ക്
സ്വീകരിക്കാനാവൂ എന്ന് ഓർമ്മിപ്പിക്കുവാൻ,
കുടിച്ചു കുടിച്ച് വലത്തോട്ടോ ഇടത്തോട്ടോ
നിന്റെ ഇഷ്ടത്തിന് ചാഞ്ഞുറങ്ങാൻ,
നിനക്കു വേദനിക്കാതിരിക്കാൻ
അത്ര പതുപതുത്തതാക്കി....
ലോകം എത്ര കരുതലോടെയാണ് നിന്നെ കൊണ്ടുവന്നത്!
നിനക്ക് നിരാശപ്പെടുവാൻ എന്താണുള്ളത്?
അമ്മ നിന്നോടു പറയുന്നു:
മറ്റൊരു സാദ്ധ്യതയുണ്ട്
മറ്റൊരു സാദ്ധ്യതയുണ്ട് എന്ന്
മറ്റൊരു ഭൂഖണ്ഡമുണ്ട്
അതും നിനക്കുള്ളതാണ് എന്ന്
നീ സമയമെടുത്തോളൂ എന്ന്.
നീയത് ഓർമ്മിക്കുന്നോ?

Sunday, June 26, 2022

ഭയം

പൂവാകാൻ ഭയമാണ്..
പുലരിയെ നോക്കി 
പുഞ്ചിരിക്കും മുൻപേ 
നുള്ളിയെടുത്തില്ലേ..
പൂജക്കെന്നു പറഞ്ഞു-
പിച്ചിയെറിഞ്ഞില്ലേ...

ശരിക്കും ഭയമാണ് ..


Saturday, June 25, 2022

സങ്കടം

എന്റെ പ്രണയം കൊണ്ട് നീ,
പണ്ടേ സമ്പന്നയായിരുന്നല്ലോ.. 
എന്നിട്ടും! 
ആ സമ്പത്തിൽ നിന്നൊരു- 
തരി പൊന്നുപോലും 
നീയെടുത്തണിയുന്നില്ലല്ലോ.... 
എന്നതായിരുന്നു സങ്കടം...  

കറുപ്പ്

കറുപ്പിനേഴഴക് ...
പത്തിൽ ഏഴാണൊ  / ഏഴ് നൂറിൽ ആണോ 
എന്ന അവ്യക്തതയിലാണ് ..
കറുപ്പിന്റെ അഴകിനെ - കവി 
തന്ത്രപൂർവ്വം കൈകാര്യം ചെയ്തിരിക്കുന്നത് .  

പി(ഇ )ണക്കം

പിണക്കത്തിന്റെ 
പെരുവഴിയിൽ നിന്നും 
ചേമ്പില കുടചൂടി 
ഇടവഴികേറി 
ഇണക്കത്തിന്റെ പെരുമഴയത്ത് 
നനയാതെ നനയുകയാണ് നമ്മൾ... 

ആദവും ഹവ്വയും

ആരാണ് പറഞ്ഞത് ...
ഒരു ആദവും ഹവ്വയും മാത്രമായിരുന്നു 
ആദ്യ മനുഷ്യർ  എന്ന് ...


ലോകത്തിന്റെ നാനാഭാഗങ്ങളിലായി-
ഒട്ടൊരുപാട്  ആദംമ്മാരും  ഹവ്വാമാരും ,
സൃഷ്ടിക്കപ്പെട്ടിട്ടുണ്ടാകും ..
(രൂപാന്തരം പ്രാപിച്ചതാണെങ്കിലും അങ്ങനെ തന്നെ)

ആഫ്രിക്കയിൽ കറുത്തത്
അമേരിക്കയിൽ വെളുത്തത് 
ജപ്പാനിൽ ...........
ചൈനയിൽ ..........
കൊറിയയിൽ ............
................
........
..... 

ഇന്ത്യയിൽതന്നെയുണ്ട്‌  28,000 ജോഡി...

ഒരിടത്ത് ആദം പൂണൂല് ധരിച്ചിരുന്നു..
മറ്റൊരിടത്തു  ആദം കൊന്ത ധരിച്ചിരുന്നു..
വേറൊരിടത്ത് ആദത്തിന്റെ നെറ്റിയിൽ  -
നിസ്ക്കാര തഴമ്പുണ്ടായിരുന്നു ...
ഒരാൾ - ഏതോ ആൽമരച്ചോട്ടിൽ ,
ധ്യാനിക്കുന്നുണ്ടായിരുന്നു ..
.................
...............
..........
അങ്ങനെ.....
അങ്ങനെ ...
ആദം തങ്ങൾ  ഹവ്വാ ബീവി 
ആദം  നമ്പൂതിരി  ഹവ്വാ  നമ്പൂതിരി 
ആദം വർമ ഹവ്വാ വർമ 
ആദം മേനോൻ  ഹവ്വാ മേനോൻ 
ആദം വാര്യർ  ഹവ്വാ വാര്യർ 
ആദം  നായർ   ഹവ്വാ നായർ  
ആദം നമ്പ്യാർ ഹവ്വാ നമ്പ്യാർ 
ആദം കുറുപ്പ് ഹവ്വാ കുറുപ്പ് 
ആദം പിള്ള ഹവ്വാ പിള്ള 
ആദം................... ഹവ്വാ .....................
ആദം................... ഹവ്വാ .....................
ആ................... ഹ.....................
ആ...........ഹ..........
ആ......ഹ......
ആഹ......


വാൽക്കഷ്ണം : ഇന്ത്യയിൽ മാത്രം 3,000 ജാതിയും 25,000 ഉപജാതിയും ഉണ്ടെന്നു പറയപ്പെടുന്നു .

Friday, June 24, 2022

മുറിവ്

നേർച്ചയിൽ അധികവും പോയത്

അങ്ങോട്ടാണ് ..

ഉരുളി കമഴ്ത്തുമ്പോഴും

ഉരുവിട്ടത്

ആൺകുട്ടി ആൺകുട്ടിയെന്നാണ് ...

ജനിക്കും മുൻപേതന്നെ

അവഗണിക്കപ്പെട്ടു ...


എന്നിട്ടോ ?


മേൽവിലാസം തെറ്റിവന്ന

ഒരൊറ്റ മുറിവ് ..


ആ മുറിവിനാൽ

പങ്കുവയ്ക്കലിന്റെ

ശാസ്ത്രത്തെ

നീതികരിക്കാനാവാത്ത വിധം

ഏറ്റക്കുറച്ചിലോടെ-

ലോകം

രണ്ടായി

നിർവ്വചിക്കപ്പെട്ടു ...


ഒറ്റമുറിവിനാൽ

അവൻ അവളായി

രൂപാന്തരം പ്രാപിച്ചു ...

അനന്തരം

ആ മുറിവിനാൽ

അവൾ നീറാൻ തുടങ്ങി..

ബാല്യത്തിന്റെ

പടികടക്കുംമുമ്പേ

ജീർണിച്ച അയിത്താചാരസിദ്ധാന്തം

മാസത്തിൽ ഏഴുദിനരാത്രങ്ങൾ

പടിക്കുപുറത്താക്കി...


അച്ചടക്കത്തിനും

ഒതുക്കത്തിനും പ്രോത്സാഹനസമ്മാനങ്ങൾ,

നല്ലപെരുമാറ്റത്തിന്

പ്രശംസ,

കണ്ണികൾ ഓരോന്നായി

വിളക്കിച്ചേർക്കപ്പെട്ടു...

"നല്ലവൾ" പട്ടത്തോടെ -

അസ്വാതന്ത്ര്യത്തിന്റെ

കരിനിഴൽപാടത്ത്

പതിരായി കിടന്നുപൊള്ളി ..

അടുപ്പിനും തീന്മേശയ്ക്കുമിടയിൽ

ഓടി തളർന്നു ....


കുറഞ്ഞതെന്നോ

കൂടിയതെന്നോ

പ്രായപരിധി ഇല്ലാതെ -

മുറിവുകൾ

എത്ര തുണികൊണ്ടു

മൂടിവച്ചിട്ടും

തേടിപ്പിടിച്ച്

പിച്ചിച്ചീന്തി വ്രണപ്പെടുന്നു....


അവൾക്കുമാത്രം ഉള്ളത് അവയവങ്ങളല്ലല്ലോ..

എല്ലാം ഓരോ നാട്ടുപച്ചക്കറികളല്ലേ ...!


ജനിച്ചനാൾ തൊട്ട്

ദൃഷ്ടി പതിക്കാതെ എങ്ങനെ -

ഞാനൊരു പെൺകുഞ്ഞിനെ

വളർത്തും...?


വയ്യ!


എന്റെ പ്രാർത്ഥനകളും

ഒരാൺകുഞ്ഞിലേക്കു തന്നെ

ഉരുളിയായ് കമഴ്ത്തും

ആണ്‍കുഞ്ഞെങ്കില്‍ 

"പെണ്ണിനെ ബഹുമാനിക്കാന്‍"

പഠിപ്പിച്ചു വളർത്തും ...

അടുത്ത തലമുറകൊണ്ടെങ്കിലും 

ലോകം മാറട്ടെ ...

ശേഷമെങ്കിലും -

പങ്കുവയ്ക്കലിന്റെ

ശാസ്ത്രത്തെ

നീതികരിക്കാവുന്ന  വിധത്തിൽ

ഏറ്റക്കുറച്ചിലുകളില്ലാതെ

ലോകം

രണ്ടായി

നിർവ്വചിക്കപ്പെടട്ടെ...



മുറിവ്

നേർച്ചയിൽ അധികവും പോയത് അങ്ങോട്ടാണ് .. ഉരുളി കമഴ്ത്തുമ്പോഴും ഉരുവിട്ടത് ആൺകുട്ടി ആൺകുട്ടിയെന്നാണ് ... ജനിക്കും മുൻപേതന്നെ അവഗണിക്കപ്പെട്ടു ....