പുസ്തകസഞ്ചി വലിച്ചെറിഞ്ഞു ,
തൊടിയിലേക്ക് അഴിച്ചുവിട്ട -
ആട്ടിൻ കുട്ടികളെപോലെ ,
ഓടിനടക്കുമ്പോൾ...
അവധിക്കാലമായിട്ടും
അമ്മയെന്തിനാണ്
എന്റെ പിന്നാലെ പാടത്തും തൊടിയിലും
വന്ന് കാത്തുനിൽക്കുന്നതെന്ന്
ചിന്തിച്ചു വശം കെടാറാണ് പതിവ് ..
വാസുവേട്ടന്റെ പറമ്പിലെ
മൂവാണ്ടൻ മാവിന്റെ കൊമ്പിലേക്ക്
ഞാനും എന്റെട്ടനും
വാശിക്ക് പായിച്ച കല്ലുകൾ -
പൊട്ടിക്കാറുള്ള മാമ്പഴം
കഴിക്കരുതെന്നമ്മ ശാട്യം
പിടിച്ചതെന്തിനാണെന്ന്
മാങ്ങാചൊന വീണു പൊള്ളികറുത്ത
പാടുകളാണ് പറഞ്ഞു തന്നത് ..
കഞ്ഞിയും കറിയും വയ്ക്കാൻ
മാത്രം അറിയാവുന്നത് കൊണ്ടാവും
ഓടിക്കളിക്കാതെ ഒരിടത്തിരുന്ന്
കളിയ്ക്കാൻ അമ്മ നിർബന്ധം
പിടിക്കുന്നതെന്ന് കണ്ടുപിടിച്ചത്
ഇതുപോലൊരു അവധിക്കാലത്താണ് ...
വണ്ടി ഉരുട്ടികൊണ്ടു നടന്നു-
മറിഞ്ഞുവീണ് പള്ള കീറികരഞ്ഞപ്പോൾ...
പുഞ്ചവരമ്പത്തെ ചേറിൽ -
മീൻ കോരിനടക്കുമ്പോൾ ...
വിശപ്പും ദാഹവുമില്ലാതെ
കശുമാങ്ങ പെറുക്കിനടക്കുമ്പോൾ...
കളിക്കൂട്ടുകാരിയുടെ
പമ്പരം തല്ലിപൊട്ടിച്ചു വഴക്കുകൂടുമ്പോൾ
"നശിച്ച അവധിക്കാലം തീർന്നിരുന്നെങ്കിലെ -"
ന്നമ്മ പരിതപിക്കും .
ഒടുവിൽ -
ഏട്ടന്റെ കയ്യിൽ തൂങ്ങി
സ്കൂളിലേക്ക് പുറപ്പെടുമ്പോൾ
ഇനി പകലുമുഴുവൻ ഞാനൊറ്റയ്ക്കാണെന്നുള്ള-
അമ്മയുടെ നെടുവീർപ്പോടുകൂടി
കടന്നു പോകുന്ന അവധിക്കാലം
യോതിഷ് ആറന്മുള
2 comments:
നല്ല കവിത... ആശംസകൾ
അമ്മയോട് ദേഷ്യം തോന്നിയിരുന്ന അവധികാലം ..ഇന്ന് അമ്മയെ ഏറ്റവും സ്നേഹിക്കാന്‍ കൊതിക്കുന്ന അവധി കാലം
Post a Comment