Saturday, August 6, 2022

പെരുങ്കളിയാട്ടം


 
ഒറ്റചങ്കിന്റെ പങ്കു ചോദിച്ചവളോട് 
അതെവിടെയോ കളഞ്ഞു -
പോയെന്നു പറയുമ്പോൾ ,
പരിഭവിച്ചവളൊരു -
പാട്ട് വച്ചു..
പരിഭവിച്ച് 
പരിഭവിച്ചൊടുവിൽ ,
ഇരട്ട ചങ്കു ചേർത്ത് കിടന്നു..
നഗരം ഉറക്കം നടിച്ചു കിടന്ന രാത്രി -
പാട്ടിനൊപ്പം അവളും വിയർത്തു..
പട്ടിണി കൊച്ചു വെളുപ്പാൻ കാലത്ത് ,
നെറുകയിലെ കുങ്കുമം മാഞ്ഞുതുടങ്ങും മുൻപ് 
കാവിലെ - പെരുങ്കളിയാട്ടം കണ്ടിട്ടില്ലെന്നവൾ  ചിണുങ്ങി..
പിന്നെയും എത്രയോ വട്ടം 
അവൾ ഒറ്റച്ചങ്കു ചോദിച്ചു കിണുങ്ങി..
പരിഭവിച്ച് -
പാട്ട് വച്ചു..
പിന്നെയും എത്രയെത്ര രാത്രികളിൽ 
നാണമില്ലാതെ നഗരം ഉറക്കം നടിച്ചു കിടന്നു..


നട്ടുച്ചയ്ക്ക് -
വെട്ടിവിയർത്ത് പാടത്തും പറമ്പിലും 
വേലയ്ക്ക് കൂട്ടുവന്നു..
പൂരത്തിന് കൊണ്ടുപോകണമെന്ന് 
വാശിപിടിച്ചു..
കാവിൽ പൂരം കൊടിയിറങ്ങുന്നന്നു രാത്രിയിൽ 
അവളുടെ അടി വയറ്റിൽ 
പത്താം ഉത്സവം നടക്കുകയായിരുന്നു..
പെരുങ്കളിയാട്ടത്തിൽ അയാൾ  
ഉറഞ്ഞു തുള്ളി..
മഴ കനത്തു പെയ്തു.. 
മലചിതറി തെറിച്ചു പുഴയിലേക്കിറങ്ങി..
കളി പാതിയിൽ നിർത്തി
കാല്‍ചിലമ്പൂരിയെറിഞ്ഞ്‌  
ചായില്യം മായ്ക്കാതെ 
മുഖത്തെഴുത്തുമായി  
പനയോലക്കെട്ടോടെ 
അയാൾ വീട്ടിലേക്കോടി..

പുഴയ്ക്ക് കുറുകെ നീന്തുമ്പോൾ 
അവളൊന്നു നിലവിളിച്ചതായി -
കാറ്റു  പറഞ്ഞു..
താഴേക്കുള്ള ഒഴുക്കിൽ 
ഒരു കൊച്ചു കരച്ചിൽ കൂട്ടിനുണ്ടായിരുന്നു..
ചുഴിയിൽ ചുറ്റിതിരിഞ്ഞൊരു -
കുഞ്ഞു പുഞ്ചിരി അയാളെ വരവേറ്റു..




വാൽകഷ്ണം :  നിത്യ കന്യകയായ മുച്ചിലോട്ട് ഭഗവതിയുടെ താലികെട്ടാണ് പെരുംകളിയാട്ടം എന്ന പേരിൽ മുച്ചിലോട്ട് ഭഗവതി കാവുകളിൽ നടത്തുന്നത്. 12 വർഷത്തിലൊരിക്കലാണ് പെരുംകളിയാട്ടം നടത്തുന്നത്






മുറിവ്

നേർച്ചയിൽ അധികവും പോയത് അങ്ങോട്ടാണ് .. ഉരുളി കമഴ്ത്തുമ്പോഴും ഉരുവിട്ടത് ആൺകുട്ടി ആൺകുട്ടിയെന്നാണ് ... ജനിക്കും മുൻപേതന്നെ അവഗണിക്കപ്പെട്ടു ....