Monday, November 17, 2014

പൂവിന്റെ മനസ്സ്











പൂമ്പാറ്റ ചിറകുള്ള ,
കാട്ടുതുമ്പി -
ഇന്നലെയും വന്നിരുന്നു...
പിന്നാലെ ഒരു പൂവിന്റെ മനസ്സുമുണ്ടായിരുന്നു...
എന്റെ മുറിയിലാകെ ,
അവർ സല്ലപിച്ചു പാറി കളിച്ചുകൊണ്ടിരുന്നു ....
ജനാലയ്ക്കപ്പുറം
ചെമ്പകച്ചോട്ടിൽ
വസന്തം വന്നു കാത്തു നിൽക്കുന്നെന്ന്
ഒരു മിന്നാമിനുങ്ങ് വന്നു -
പറഞ്ഞിട്ടു പോയി.....
ഇടയ്ക്കെപ്പൊഴോ -
മിന്നാമിനുങ്ങുകൾ മാത്രമുള്ള ,
താഴ്വാരത്തെ കുറിച്ച് അവൻ -
പൂവിന്റെ കാതിൽ സ്വകാര്യം പറഞ്ഞു...
നമുക്കവിടേക്ക് പോകാം
അവിടേക്കു പോകാമെന്ന്
പൂവിന്റെ മനസ്സ് കിന്നരിക്കുന്നതും കേട്ടു .....
ആയിരം മിന്നാമിനുങ്ങുകൾക്കു-
നടുവിൽ ;
ഞാനവളെ ചേർത്തു ചുംബിക്കുമ്പോളാണ്
പൂമ്പാറ്റ ചിറകുള്ള കാട്ടുതുമ്പി ,
അവിടേക്കെത്തുന്നത് .....
പൂവിന്റെ മനസ്സിപ്പോൾ
തുമ്പി ചിറകുകൾക്കു പുറത്തിരുന്ന്
പുതിയ ലോകം ആസ്വദിക്കുകയാണ് ....
നാമൊരുമിച്ചു നട്ട -
ചെമ്പകച്ചോട്ടിൽ
വസന്തം വന്നു കാത്തു നിൽക്കുന്നെന്ന്
അവളോട്‌ പറയുമ്പോൾ
അവൾ എനിക്കൊരു-
ചെമ്പകപ്പൂവ് തന്നു......
ഞാനാപ്പൂവിനെ താലോലിക്കുമ്പോഴും ,
ചുംബിക്കുമ്പോഴും ,
പൂമ്പാറ്റ ചിറകുള്ള കാട്ടുതുമ്പി
രൂക്ഷമായി എന്നെ തന്നെ -
നോക്കി നിൽക്കയായിരുന്നു .......
ഇപ്പോൾ പൂവിന്റെ മനസ്സ്
തുമ്പി തന്റെ ഹൃദയത്തോട്
ചേർത്ത് പിടിച്ചിരിക്കയാണ്‌...
ഞൊടിയിടയിൽ -
ആയിരത്തിൽ ഒരു മിന്നാമിനുങ്ങോഴികെ ,
ബാക്കിയെല്ലാം എവിടെക്കോ അപ്രത്യക്ഷമായി...
താഴ്വാരമാകെ -
കൂരിരുട്ടിന്റെ കൊടിയ നിശബ്ദതയിലാണ്ടു പോയി....
ജനാലയ്ക്കപ്പുറം -
നിലാവിനോട് വസന്തം
തിരികെ പോകാനുള്ള വഴി ,
ചോദിക്കുന്നെന്നു പറഞ്ഞിട്ട്
അവശേഷിച്ച മിന്നാമിനുങ്ങും
എവിടെക്കോ മറഞ്ഞു...
ആദ്യം തൊടിയിൽ എത്തിയത്
ഞാനായിരുന്നു ...
തൊടിയിലാകെ -
നിലാവ് പെയ്യുന്നുണ്ട്...
ചെമ്പക ചില്ലയിൽ
വസന്തം മടക്കയാത്രയ്ക്ക് തയ്യാറെടുക്കുന്നു....
അവൾ അപ്പോൾ -
നീലചിറകുള്ള ചിത്രശലഭത്തിനു പിന്നാലെ ,
ഓടുകയായിരുന്നു....
ഓടി ഓടി തളർന്നവൾ
എന്നോട് പരിഭവിക്കുമ്പോളാണ്
പൂമ്പാറ്റ ചിറകുള്ള കാട്ടുതുമ്പി
തൊടിയിലേക്കെത്തുന്നത്...
ഇപ്പോഴും പൂവിന്റെ മനസ്സ്
ഹൃദയത്തോട് ചേർന്ന് തന്നെ ഇരുപ്പുണ്ട്‌...
അവരുടെ സ്നേഹത്തിൽ എനിക്കസൂയ തോന്നി...
തെന്നലിനൊപ്പം ചെന്നവർ
വസന്തത്തിനോട് മടങ്ങരുതെന്നപേക്ഷിക്കുന്നത് കണ്ടു...
ഇതൊന്നും ശ്രദ്ധിക്കാതെയവൾ
നീലചിറകുള്ള ചിത്രശലഭത്തിനു -
വേണ്ടി നിർബന്ധിച്ചുകൊണ്ടിരുന്നു .....
അവരുടെ സ്നേഹത്തിൽ എനിക്കസൂയ -
പെരുകി പെരുകി വന്നു..
നീലചിറകുള്ള ചിത്രശലഭത്തിനെ
പിടിച്ചവളുടെ കയ്യിൽ കൊടുക്കുമ്പോൾ
നിലാവ് പോയ വഴിയെ
വസന്തം ഇറങ്ങി നടന്നു...
പൂവിന്റെ മനസ്സെന്നെ -
നിസ്സഹായതയോടെ ,
തുറിച്ചു നോക്കുന്നുണ്ടായിരുന്നു...
ഞാൻ നോക്കി നോക്കി നിൽക്കെ ,
കാട്ടുതുമ്പിയുടെ
പൂമ്പാറ്റ ചിറകടർന്നു
ചെമ്പകചോട്ടിൽ വീണു...
പൂവിന്റെ മനസ്സ്
താഴെവീണേഴായ് ചിതറി....
നീലചിറകിനോട് ചേർന്ന് മുളയ്ക്കാൻ തുടങ്ങി...
ആർദ്രമാരോ
വിളിക്കുന്നതു കേട്ടാണ്
ഞാനുണർന്നത് ...
മുറിയിലപ്പോൾ
അവൾ മയങ്ങുന്നുണ്ടായിരുന്നു...
ജനാലയ്ക്കപ്പുറം
ചെമ്പകചോട്ടിൽ
രണ്ടു മിന്നാമിനുങ്ങുകൾ
വട്ടമിട്ടു പറക്കുന്നുണ്ടായിരുന്നു...

മുറിവ്

നേർച്ചയിൽ അധികവും പോയത് അങ്ങോട്ടാണ് .. ഉരുളി കമഴ്ത്തുമ്പോഴും ഉരുവിട്ടത് ആൺകുട്ടി ആൺകുട്ടിയെന്നാണ് ... ജനിക്കും മുൻപേതന്നെ അവഗണിക്കപ്പെട്ടു ....