Showing posts with label കവിയും കവിതയും. Show all posts
Showing posts with label കവിയും കവിതയും. Show all posts

Saturday, July 2, 2022

രാഷ്ട്രമീ-മാംസ - ★ശൈലൻ★

 


















“മലയാള കവിതയിൽ വേറിട്ട ഭാഷയും ദൃശ്യബോധവും കൊണ്ട് ശ്രദ്ധേയനായ കവിയാണ് ശൈലൻ. അദ്ദേഹത്തിന്റെ കവിതകളിൽ സാമൂഹിക ജീവിതത്തെയും മനുഷ്യന്റെ ഉള്ളറകളെയും വ്യത്യസ്തമായ പ്രതീകങ്ങളിലൂടെ അവതരിപ്പിക്കുന്ന രീതി ശ്രദ്ധേയമാണ്. കവിതാലോകത്തോടുള്ള സ്നേഹത്തിന്റെ ഭാഗമായി കവിയുടെ അനുമതിയോടെ അദ്ദേഹത്തിന്റെ ‘രാഷ്ട്രമീ-മാംസ’ എന്ന കവിത ഇവിടെ പരിചയപ്പെടുത്തുന്നു.”

കവി : 
ശൈലൻ
മഹാശൈലൻ എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ അറിയപ്പെടുന്നു 1975ൽ ജനിച്ചു. മലപ്പുറം ജില്ലയിൽ മഞ്ചേരിക്കടുത്താണ് സ്വദേശം.. കവിതകളോടും യാത്രയോടും സിനിമയോടും ഭക്ഷണത്തോടും ഉള്ള ഇഷ്ടവുമായി ജീവിക്കുന്നു.. കവിതകൾ മാത്രമല്ല യാത്രാനുഭവങ്ങളും സിനിമാക്കുറിപ്പുകളും എഴുതുന്നു.. പത്ത് പുസ്തകങ്ങൾ ഇറങ്ങിയിട്ടുണ്ട് ●നിഷ്കാസിതന്റെ ഈസ്റ്റർ. ●ഒട്ടകപ്പക്ഷി ●താമ്രപർണി ●Love eXXXperiences of a scoundrel poet ●ദേജാ വു ●(in) decent life of Mahashylan ●വേട്ടൈക്കാരൻ ●ശൈലന്റെ കവിതകൾ (2000-12) ●Art of Loving ● രാഷ്ട്രമീ-മാംസ
ഇവിടെ പരിചയപ്പെടുത്തുന്ന കവിത : രാഷ്ട്രമീ-മാംസ

മറന്നുപോയ കളികളിൽ

കുട്ടിക്കാലത്ത്
വീടിന്റെ പുറത്ത്
വിവിധകോണുകളിൽ
പതിനഞ്ച് നായ്ക്കൾ
പരുങ്ങുന്നു..

വീട്ടിനുള്ളിൽ
പൊട്ടിയ ഓടിനുള്ളിലൂടെ
ഇറ്റുന്ന
മിന്നൽത്തുള്ളികൾ
ചീനച്ചട്ടിയിൽ ശേഖരിച്ച്
നാക്കാലിപ്പലകയിൽ
പുലിയിരിക്കുന്നു..

മഴയുമിരുട്ടും തോർന്നിട്ട് വേണം
ദൈവത്തെ വിളിക്കാൻ..

ദൈവമാണ്
കളം നിരത്തുന്നത്
കരിക്കട്ട കൊണ്ട് കള്ളി വരയ്ക്കുന്നത്
നായ്ക്കളെയും എന്നെയും
സ്ഥാനങ്ങളിൽ വിന്യസിക്കുന്നത്..

കുരച്ചു ചാടിക്കുന്നത്,
തക്കം കിട്ടിയാൽ
ചെകിളയ്ക്ക് കടിച്ച് വെട്ടിയെറിയുന്നത്..

പതിനഞ്ച് നായും
പുലിയും,
എന്ന്
നാമകരണപ്പെടുത്തുന്നത്

ഇരുട്ട് തീരുന്നില്ലെന്നതാണ്
കുറച്ചു നാളായുള്ള
പ്രശ്നം.

ഇടയ്ക്ക് ബോറടിക്കുമ്പോൾ
നായ്ക്കൾ ചെന്ന്
കനാലിൽ കുളിക്കുന്നു,
കളിക്കുന്നു
തിമിർക്കുന്നു.
നായ് കനാൽ എന്ന്
കരയിലൊരു
ബോർഡ് വെക്കുന്നു..

മുകളിൽ
നായ്ക്കനായൊരു ആൽ
അതുകണ്ട്
പൂകുന്നു സ്വസ്‌ഥി..

ഒഴുക്ക് കുറവാണ്..
നൂലുപോലുള്ള
പതിനാലാം നമ്പർ മഴ.
കാറ്റിൻ യവനിക..

ഇരുന്നിരുന്നു
പുലിക്കും പലകയ്ക്കും
മിന്നലിറ്റിക്കുതിർന്ന ചട്ടിക്കും
വേര് കിളിർത്തിട്ടുണ്ട്.

ആ വേരുകളുടെ
തായ്‌പടലം
മുകളിലേക്ക് മുകളിലേക്ക് മൂടിയാണ്, പിന്നെ,
മൂന്നു ദശാബ്ദങ്ങൾ
മാഞ്ഞുപോയത്..
പുലി എന്ന പേര് മാഞ്ഞ്,
ഞാൻ,ഞാൻ,ഞാൻ എന്ന്
തെളിഞ്ഞുവന്നത്.

അന്ന്
തുറന്നുവച്ച
പാത്രത്തിലിരുന്ന്
ഒരാത്മാവ്
നിശബ്ദമായി
ജനഗണമന ചൊല്ലുകയാണിപ്പോഴും..

"അക്കുത്തിക്കുത്താന-
പെരുംകുത്താളെക്കൊല്ലു-
കരിംകുത്ത്.." - എന്ന്
അതിന്റെ മുഴക്കം..

മുഴങ്ങുന്ന
ഇരുട്ട്..
ഇരുൾ
പരത്തുന്ന
ഇരുട്ട്..

മുരട്ട്.

Address:- SHYLAN. Kavitha Pulppatta_PO. 676123 Malappuram. Mail: mahashylan@gmail.com. FB: Shylan Sailendrakumar Insta: SCHZYLAN Twitter: mahashylan * Shylan Sailendrakumar

Monday, June 27, 2022

അമ്മ പറയുന്നു - ★വിഷ്ണുപ്രസാദ് ★



“മലയാള കവിതയിൽ തന്റേതായ ശൈലിയും ഭാഷയും കൊണ്ട് ശ്രദ്ധേയനായ കവിയാണ് വിഷ്ണുപ്രസാദ്. ദൈനംദിന ജീവിതാനുഭവങ്ങളെയും മനുഷ്യബന്ധങ്ങളെയും വ്യത്യസ്തമായ കാഴ്ചപ്പാടുകളിലൂടെയും സൂക്ഷ്മമായ ഭാവങ്ങളിലൂടെയും അവതരിപ്പിക്കുന്നതാണ് അദ്ദേഹത്തിന്റെ കവിതകളുടെ പ്രത്യേകത. കവിതാലോകത്തോടുള്ള സ്നേഹത്തിന്റെ ഭാഗമായി കവിയുടെ അനുമതിയോടെ അദ്ദേഹത്തിന്റെ ‘അമ്മ പറയുന്നു’ എന്ന കവിത ഇവിടെ പരിചയപ്പെടുത്തുന്നു.”

കവി : വിഷ്ണുപ്രസാദ് 

കുട്ടുറവൻ ഇലപ്പച്ച എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ അറിയപ്പെടുന്ന മലയാളത്തിലെ ശ്രദ്ധേയരായ കവികളിൽ പ്രധാനിയാണ് വിഷ്ണുപ്രസാദ്. കവിതാസമാഹാരങ്ങൾ - നട്ടുച്ചക്കുള്ള പാട്ട് അഥവാ മീൻ പൊരിക്കുന്ന മണം, കുളം+പ്രാന്തത്തി, ചിറകുള്ള ബസ്, ലിംഗവിശപ്പ്, നൃത്തശാല

ഇവിടെ പരിചയപ്പെടുത്തുന്ന കവിത : അമ്മ പറയുന്നു

prathibhasha.blogspot.com

കുഞ്ഞേ
എന്തിനായിരുന്നു അമ്മയ്ക്ക് രണ്ടു മുലകൾ?
കുടിച്ചു കുടിച്ച് ഇതുതീർന്നു പോവുമോ എന്ന്
നീ പേടിക്കുമ്പോൾ മറ്റൊന്നു കൂടിയുണ്ടെന്ന് നിന്നെ സമാധാനിപ്പിക്കുവാൻ,
മറ്റൊന്നുകൂടിയുണ്ടല്ലോ എന്ന് നിനക്ക്
പ്രതീക്ഷയേകുവാൻ,
ആക്രാന്തം കാണിക്കേണ്ടതില്ലെന്ന് നിന്നെ ശമിപ്പിക്കുവാൻ,
അമ്മ കരുതി വെക്കുന്നു രണ്ടു മുലകൾ.
എപ്പോഴും ഒരു സാദ്ധ്യത കൂടിയുണ്ട്
ഒരു സാദ്ധ്യത കൂടിയുണ്ട് എന്ന്
നിനക്ക് മനപ്പാഠമാകുവാൻ,
നീ ഒരിക്കലും സങ്കടപ്പെടാതിരിക്കാൻ,
ഒരു സമയം ഒന്നേ നിന്റെ കുഞ്ഞിവായയ്ക്ക്
സ്വീകരിക്കാനാവൂ എന്ന് ഓർമ്മിപ്പിക്കുവാൻ,
കുടിച്ചു കുടിച്ച് വലത്തോട്ടോ ഇടത്തോട്ടോ
നിന്റെ ഇഷ്ടത്തിന് ചാഞ്ഞുറങ്ങാൻ,
നിനക്കു വേദനിക്കാതിരിക്കാൻ
അത്ര പതുപതുത്തതാക്കി....
ലോകം എത്ര കരുതലോടെയാണ് നിന്നെ കൊണ്ടുവന്നത്!
നിനക്ക് നിരാശപ്പെടുവാൻ എന്താണുള്ളത്?
അമ്മ നിന്നോടു പറയുന്നു:
മറ്റൊരു സാദ്ധ്യതയുണ്ട്
മറ്റൊരു സാദ്ധ്യതയുണ്ട് എന്ന്
മറ്റൊരു ഭൂഖണ്ഡമുണ്ട്
അതും നിനക്കുള്ളതാണ് എന്ന്
നീ സമയമെടുത്തോളൂ എന്ന്.
നീയത് ഓർമ്മിക്കുന്നോ?

മുറിവ്

നേർച്ചയിൽ അധികവും പോയത് അങ്ങോട്ടാണ് .. ഉരുളി കമഴ്ത്തുമ്പോഴും ഉരുവിട്ടത് ആൺകുട്ടി ആൺകുട്ടിയെന്നാണ് ... ജനിക്കും മുൻപേതന്നെ അവഗണിക്കപ്പെട്ടു ....