Monday, June 27, 2022

അമ്മ പറയുന്നു - ★വിഷ്ണുപ്രസാദ് ★


കവി : വിഷ്ണുപ്രസാദ് 
കുട്ടുറവൻ ഇലപ്പച്ച എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ അറിയപ്പെടുന്ന മലയാളത്തിലെ ശ്രദ്ധേയരായ കവികളിൽ പ്രധാനിയാണ് വിഷ്ണുപ്രസാദ്. കവിതാസമാഹാരങ്ങൾ - നട്ടുച്ചക്കുള്ള പാട്ട് അഥവാ മീൻ പൊരിക്കുന്ന മണം, കുളം+പ്രാന്തത്തി, ചിറകുള്ള ബസ്, ലിംഗവിശപ്പ്, നൃത്തശാല

ഇവിടെ പരിചയപ്പെടുത്തുന്ന കവിത : അമ്മ പറയുന്നു

prathibhasha.blogspot.com

കുഞ്ഞേ
എന്തിനായിരുന്നു അമ്മയ്ക്ക് രണ്ടു മുലകൾ?
കുടിച്ചു കുടിച്ച് ഇതുതീർന്നു പോവുമോ എന്ന്
നീ പേടിക്കുമ്പോൾ മറ്റൊന്നു കൂടിയുണ്ടെന്ന് നിന്നെ സമാധാനിപ്പിക്കുവാൻ,
മറ്റൊന്നുകൂടിയുണ്ടല്ലോ എന്ന് നിനക്ക്
പ്രതീക്ഷയേകുവാൻ,
ആക്രാന്തം കാണിക്കേണ്ടതില്ലെന്ന് നിന്നെ ശമിപ്പിക്കുവാൻ,
അമ്മ കരുതി വെക്കുന്നു രണ്ടു മുലകൾ.
എപ്പോഴും ഒരു സാദ്ധ്യത കൂടിയുണ്ട്
ഒരു സാദ്ധ്യത കൂടിയുണ്ട് എന്ന്
നിനക്ക് മനപ്പാഠമാകുവാൻ,
നീ ഒരിക്കലും സങ്കടപ്പെടാതിരിക്കാൻ,
ഒരു സമയം ഒന്നേ നിന്റെ കുഞ്ഞിവായയ്ക്ക്
സ്വീകരിക്കാനാവൂ എന്ന് ഓർമ്മിപ്പിക്കുവാൻ,
കുടിച്ചു കുടിച്ച് വലത്തോട്ടോ ഇടത്തോട്ടോ
നിന്റെ ഇഷ്ടത്തിന് ചാഞ്ഞുറങ്ങാൻ,
നിനക്കു വേദനിക്കാതിരിക്കാൻ
അത്ര പതുപതുത്തതാക്കി....
ലോകം എത്ര കരുതലോടെയാണ് നിന്നെ കൊണ്ടുവന്നത്!
നിനക്ക് നിരാശപ്പെടുവാൻ എന്താണുള്ളത്?
അമ്മ നിന്നോടു പറയുന്നു:
മറ്റൊരു സാദ്ധ്യതയുണ്ട്
മറ്റൊരു സാദ്ധ്യതയുണ്ട് എന്ന്
മറ്റൊരു ഭൂഖണ്ഡമുണ്ട്
അതും നിനക്കുള്ളതാണ് എന്ന്
നീ സമയമെടുത്തോളൂ എന്ന്.
നീയത് ഓർമ്മിക്കുന്നോ?

No comments:

Post a Comment

മുറിവ്

നേർച്ചയിൽ അധികവും പോയത് അങ്ങോട്ടാണ് .. ഉരുളി കമഴ്ത്തുമ്പോഴും ഉരുവിട്ടത് ആൺകുട്ടി ആൺകുട്ടിയെന്നാണ് ... ജനിക്കും മുൻപേതന്നെ അവഗണിക്കപ്പെട്ടു ....