Friday, June 24, 2022

മുറിവ്

നേർച്ചയിൽ അധികവും പോയത്

അങ്ങോട്ടാണ് ..

ഉരുളി കമഴ്ത്തുമ്പോഴും

ഉരുവിട്ടത്

ആൺകുട്ടി ആൺകുട്ടിയെന്നാണ് ...

ജനിക്കും മുൻപേതന്നെ

അവഗണിക്കപ്പെട്ടു ...


എന്നിട്ടോ ?


മേൽവിലാസം തെറ്റിവന്ന

ഒരൊറ്റ മുറിവ് ..


ആ മുറിവിനാൽ

പങ്കുവയ്ക്കലിന്റെ

ശാസ്ത്രത്തെ

നീതികരിക്കാനാവാത്ത വിധം

ഏറ്റക്കുറച്ചിലോടെ-

ലോകം

രണ്ടായി

നിർവ്വചിക്കപ്പെട്ടു ...


ഒറ്റമുറിവിനാൽ

അവൻ അവളായി

രൂപാന്തരം പ്രാപിച്ചു ...

അനന്തരം

ആ മുറിവിനാൽ

അവൾ നീറാൻ തുടങ്ങി..

ബാല്യത്തിന്റെ

പടികടക്കുംമുമ്പേ

ജീർണിച്ച അയിത്താചാരസിദ്ധാന്തം

മാസത്തിൽ ഏഴുദിനരാത്രങ്ങൾ

പടിക്കുപുറത്താക്കി...


അച്ചടക്കത്തിനും

ഒതുക്കത്തിനും പ്രോത്സാഹനസമ്മാനങ്ങൾ,

നല്ലപെരുമാറ്റത്തിന്

പ്രശംസ,

കണ്ണികൾ ഓരോന്നായി

വിളക്കിച്ചേർക്കപ്പെട്ടു...

"നല്ലവൾ" പട്ടത്തോടെ -

അസ്വാതന്ത്ര്യത്തിന്റെ

കരിനിഴൽപാടത്ത്

പതിരായി കിടന്നുപൊള്ളി ..

അടുപ്പിനും തീന്മേശയ്ക്കുമിടയിൽ

ഓടി തളർന്നു ....


കുറഞ്ഞതെന്നോ

കൂടിയതെന്നോ

പ്രായപരിധി ഇല്ലാതെ -

മുറിവുകൾ

എത്ര തുണികൊണ്ടു

മൂടിവച്ചിട്ടും

തേടിപ്പിടിച്ച്

പിച്ചിച്ചീന്തി വ്രണപ്പെടുന്നു....


അവൾക്കുമാത്രം ഉള്ളത് അവയവങ്ങളല്ലല്ലോ..

എല്ലാം ഓരോ നാട്ടുപച്ചക്കറികളല്ലേ ...!


ജനിച്ചനാൾ തൊട്ട്

ദൃഷ്ടി പതിക്കാതെ എങ്ങനെ -

ഞാനൊരു പെൺകുഞ്ഞിനെ

വളർത്തും...?


വയ്യ!


എന്റെ പ്രാർത്ഥനകളും

ഒരാൺകുഞ്ഞിലേക്കു തന്നെ

ഉരുളിയായ് കമഴ്ത്തും

ആണ്‍കുഞ്ഞെങ്കില്‍ 

"പെണ്ണിനെ ബഹുമാനിക്കാന്‍"

പഠിപ്പിച്ചു വളർത്തും ...

അടുത്ത തലമുറകൊണ്ടെങ്കിലും 

ലോകം മാറട്ടെ ...

ശേഷമെങ്കിലും -

പങ്കുവയ്ക്കലിന്റെ

ശാസ്ത്രത്തെ

നീതികരിക്കാവുന്ന  വിധത്തിൽ

ഏറ്റക്കുറച്ചിലുകളില്ലാതെ

ലോകം

രണ്ടായി

നിർവ്വചിക്കപ്പെടട്ടെ...



No comments:

Post a Comment

മുറിവ്

നേർച്ചയിൽ അധികവും പോയത് അങ്ങോട്ടാണ് .. ഉരുളി കമഴ്ത്തുമ്പോഴും ഉരുവിട്ടത് ആൺകുട്ടി ആൺകുട്ടിയെന്നാണ് ... ജനിക്കും മുൻപേതന്നെ അവഗണിക്കപ്പെട്ടു ....