Monday, June 17, 2013

എന്നിട്ടും ഉന്മാദമെന്നു പറഞ്ഞില്ല ...

അന്നാണ് നീയെന്നെ ശരിക്കും ഭയപ്പെടുത്തിയത് ...
അവളുടെ മറുപടിക്ക്
കാത്തു നിന്ന ദിവസം ..
ഒരു തീപ്പെട്ടിക്കു കൊളുത്തിയ തീയിൽ -
ഒറ്റ ഇരുപ്പിന് നീയെത്ര സിഗരറ്റുകളാണ്  വലിച്ചുതീർത്തത് ....
"അവൾക്കെന്നെ ഇഷ്ടമായിരിക്കുമല്ലേടാ  "
എന്നു ചോദിച്ചു കൊണ്ട്
വട്ടത്തിലും നീളത്തിലും  നീ പറത്തി വിട്ട -
പുകചുരുളുകൾ പോലും
നിന്റെ ഇഷ്ടത്തിനൊത്ത്‌
നൃത്തം ചവിട്ടുന്നത് എന്നെ അത്ഭുതപ്പെടുത്തിയിരുന്നു...

പിന്നെ കാണുമ്പോളൊക്കെ
നിന്റെ കയ്യിലും ഇടനെഞ്ചിലും
ഒരു കനലെരിയുന്നത് കണ്ടു...  
എന്റെ വേവലാതി മുഴുവൻ നിന്നെ കുറിച്ചായിരുന്നു..
അത് കൊണ്ട് തന്നെ -
അവളെ കുറിച്ച്  ചോദിച്ചില്ല ..
 ചോദിച്ചത് നിന്റെ   ജീവിതത്തെ കുറിച്ചാണ്- എന്നിട്ടും
നീ പൊട്ടിത്തെറിച്ചു..

ജീവിതം !
സ്നേഹം
ഞാൻ
നീ
അവൾ
ഈ ലോകം .... സകലതും
അന്തരീക്ഷത്തിലലിഞ്ഞലിഞ്ഞില്ലാതാകുന്ന
ഈ പുക പോലെയാണ്... വെറും പുക

കയ്യിലെരിയുന്ന സിഗരറ്റിനെക്കുറിച്ച്
അതിൽ നിന്നുകിട്ടുന്ന  ആനന്ദത്തെകുറിച്ച് ചോദിച്ചപ്പോൾ
ബുദ്ധനെപോലെ നീ ചിരിച്ചു ..
തികഞ്ഞ ജ്ഞാനിയെപോലെ നീ പറഞ്ഞു തുടങ്ങി ...

നല്ല പൂഴിമണ്ണിൻറെ മണമുള്ള
പുതുമഴ നനഞ്ഞിട്ടുണ്ടോ...?
കോരിച്ചൊരിയുന്ന മഴയിൽ,
മരങ്ങൾ പെയ്യുന്നത് നോക്കിയിരിന്നു -
ചൂടുളള  ചായ കുടിച്ചിട്ടുണ്ടോ ..?
അപ്പോഴൊക്കെ എന്താ തോന്നാറ് ...?
കുറച്ചുകൂടി ലളിതമായി പറയാം
എപ്പോഴെങ്കിലും നീ നിന്റെ കാമുകിയുടെ
ചുണ്ടുകളിൽ അമർത്തി ചുംബിച്ചിട്ടുണ്ടോ.....?
ചുടു നിശ്വാസത്തിനപ്പുറം
ചുണ്ടുകളിൽ നിന്നും സിരകളിലൂടെ
പടർന്നു പെരുവിരൽ വരെ
അരിച്ചിറങ്ങുന്ന  ഒരു തരിപ്പുണ്ടല്ലോ ..
അതുപോലെ - അല്ലെങ്കിൽ
അതിൽ നിന്നും വേറിട്ട്‌ നില്ക്കുന്നൊരു
തരം അനുഭൂതി.... അതാണെന്നു മാത്രം പറഞ്ഞു ,
എന്നിട്ടും ഉന്മാദമെന്നു പറഞ്ഞില്ല .....

വാദിച്ചു ജയിക്കാൻ വേണ്ടി
പിന്നെയും ഞാൻ പറഞ്ഞു...
സിഗരറ്റു വലിക്കുമ്പോൾ
ഒരറ്റത്തു തീയും
മറ്റേ അറ്റത്തൊരു  വിഡ്ഢിയുമാണെന്നാണ് പുതുചൊല്ല്...    
അവിടെയും നീയെന്നെ തിരുത്തി ...
വിഡ്ഢിയെന്ന പദത്തിനപ്പുറം
നിരാശനെന്നോ...
ദുഃഖിതനെന്നോ...
എഴുതി ചേർക്കണം    
എല്ലാം നഷ്ടപ്പെട്ടവന്റെ  മുറിവിൽ
ഉപദേശം വച്ച് കെട്ടിയാൽ മുറിവുണങ്ങില്ലെന്നു -
പറഞ്ഞു നീ തിരിഞ്ഞു നടന്നു ...

വർഷങ്ങൾക്കു ശേഷം
കോട്ടയം മെഡിക്കൽ കോളേജിന്റെ
കാൻസർ വാർഡിലെ
ഒൻപതാം നമ്പർ മുറിയിലേക്ക്
വിളിച്ചു വരുത്തി
എന്റെ ചെവിയിൽ അടയാളപ്പെടുത്തിയ വാക്കുകൾ...
"വല്ലപ്പോഴുമെങ്കിലും -
ആരും കാണാതെ കക്കൂസിന്റെ നാലു
ചുവരുകൾക്കുള്ളിലിരുന്നു ഇനിയും  മരണത്തെ
വലിച്ചു കയറ്റരുതെ"ന്നു ശാസിച്ചത് ....
ഉള്ളിലോരഗ്നിപർവതമെരിയുന്ന വേദനയിൽ  - " ഇനി വയ്യ ,
മരണം മാത്രമാണ് ഈ വേദനയിൽ നിന്നുള്ള രക്ഷപെടലെ"ന്നു
നിന്റെ സ്വരമിടറിയത്‌
ഒരു തുള്ളി കണ്ണുനീരോടെയല്ലാതെ  
എങ്ങനെ എനിക്ക് കേട്ടുനിൽക്കാനാകും..

അന്നൊരു തീപ്പെട്ടിക്കു കൊളുത്തിയ
തീയിലിന്നു  നിന്റെ ചിതയെരിയുമ്പോൾ
എന്റെ സുഹൃത്തേ ...
നീ പറഞ്ഞ തരിപ്പുണ്ടല്ലോ ?
ആ മറ്റേടത്തെ അനുഭൂതി ...................
അതൊരുതരം ഞരമ്പുരോഗമാണെന്ന-
തിരിച്ചറിവിൽ ഞാനിന്നു ലോകത്തോട്‌  ഉറക്കെ
വിളിച്ചു പറയുകയാണ്..

No Smoking..............  No Smoking......................



യോതിഷ് ആറന്മുള 

No comments:

Post a Comment

മുറിവ്

നേർച്ചയിൽ അധികവും പോയത് അങ്ങോട്ടാണ് .. ഉരുളി കമഴ്ത്തുമ്പോഴും ഉരുവിട്ടത് ആൺകുട്ടി ആൺകുട്ടിയെന്നാണ് ... ജനിക്കും മുൻപേതന്നെ അവഗണിക്കപ്പെട്ടു ....