Saturday, August 22, 2026

ചിത്രരചന വിഷയം - കാട്
























കാടെന്തെന്നറിയാത്ത 

കുട്ടികളിൽ ഒരുവൾ

ഫ്ലാറ്റുകൾ നിറഞ്ഞൊരു

നഗരം വരച്ചു..

മറ്റൊരുവൻ

സിംഹവും കടുവയും

മാനും മയിലും മുയലും

നിറഞ്ഞൊരു കാഴ്ച്ചബംഗ്ലാവ് വരച്ചു... 


ഒരു കുട്ടി

അവന്റെ ചിത്രത്തിൽ

കണ്ണെത്താ ദൂരത്തോളം

റബ്ബർ മരങ്ങൾ വച്ചുപിടിപ്പിച്ചു..


ഒരുവൻ മാത്രം

മരങ്ങൾ നിറഞ്ഞ കാട് വരച്ചു..

ടീച്ചർ ഒന്നുകൂടി നോക്കി

കാട് തന്നെ...


കായ്ഫലങ്ങൾ വിളഞ്ഞു കിടക്കുന്ന,

കാടുമുഴുവൻ പടുവൃക്ഷമായി

വളർന്നുകൊണ്ടിരിക്കുന്ന,

ഒരായിരം ജാതിമരങ്ങൾക്കു-

നടുവിൽ പേടിച്ചരണ്ട-

ഒരു മുയൽ കുഞ്ഞ്..

Friday, August 21, 2026

കുട്ടി

 
















കാലത്തിന്റെ വിരൽത്തുമ്പുപിടിച്ചു, 

ബാല്യത്തിന്റെ നടവരമ്പോടി കടന്നൊരു -

കുട്ടിയുണ്ടായിരുന്നു..


മാനത്താണ് അമ്പിളിയും, 

മഴവില്ലും എന്നുപറഞ്ഞ് ,

പറക്കുവാൻ ചിറകുകൾ വേണമെന്ന് 

പ്രാർത്ഥിച്ച കുട്ടി ...


ഇന്ന് -

ഒരു പൂവിരിയുന്നത്ര മധുരമായി ...

പുഞ്ചിരിക്കുന്ന,

എന്റെ  കുട്ടിയെ -

കാണുമ്പോൾ ,

മാനത്താണേറ്റമഴകെന്ന -

വിജ്ഞാനമടർന്നു താഴെ വീഴുന്നു...


ഞാനാ പഴയ കുട്ടിയോളം  -

ചെറുതായവൾക്കൊപ്പം 

വീട്  വരയ്ക്കുന്നു ...

അമ്മയെ വരയ്ക്കുന്നു ..

അച്ഛനെ വരയ്ക്കുന്നു...

കുട്ടിയെ (കുന്നിമണി) വരയ്ക്കുന്നു ..

മുറിവ്

നേർച്ചയിൽ അധികവും പോയത് അങ്ങോട്ടാണ് .. ഉരുളി കമഴ്ത്തുമ്പോഴും ഉരുവിട്ടത് ആൺകുട്ടി ആൺകുട്ടിയെന്നാണ് ... ജനിക്കും മുൻപേതന്നെ അവഗണിക്കപ്പെട്ടു ....