Wednesday, January 23, 2013

നിസ്സാരന്‍
















ആര്‍ക്കും വേണ്ടാത്ത ആദര്‍ശങ്ങള്‍
പുലമ്പി നടന്നവനെന്നു  പറഞ്ഞ് -
ആരുമെന്നെ കുറ്റപ്പെടുത്തരുതേ...
വരും തലമുറയ്ക്ക് വേണ്ടി
ഒന്നും ചെയ്തില്ലെന്നും
പറഞ്ഞേക്കരുത് ...

ഞാനും വറ്റി തുടങ്ങിയ -
പുഴയില്‍ നിന്നും
മണ്ണ് കട്ടുവാരിയാണ്‌
കെട്ടുറപ്പുള്ളോരു വീട് പണിതത് ....
എനിക്കും എന്‍റെ മക്കള്‍ക്കും
താമസിക്കാം ....
കൊച്ചുമക്കള്‍ ഓലമെടഞ്ഞു -
കുടിലുകെട്ടി ജീവിക്കുമായിരിക്കും,
അതെന്തെങ്കിലുമാകട്ടെ .....

നിങ്ങള്‍ക്കൊപ്പം ഒന്നിനും കൂടിയില്ലാന്നു-
പരാതി പറയരുത്...
പുഴമലിനമാക്കാനും ,
മാലിന്യക്കുന്നുകളിലെന്‍റെ
കൈയൊപ്പ്‌ ചാര്‍ത്താനും,
ഇരുള്‍ വീഴുന്നത് വരെ
ഞാനും കാത്തിരുന്നിട്ടുണ്ട് ..

എന്നിലെ ചിത്രകാരന്‍
ഉണര്‍ന്നു പ്രവര്‍ത്തിച്ചപ്പോഴൊക്കെ -
ഞാന്‍ കോറി വരച്ച കാന്‍വാസുകളില്‍
എനിക്ക് മുന്‍പാരോ
വികലമായ അക്ഷരങ്ങള്‍കൊണ്ട്
പരസ്യം പതിക്കരുതെന്നെഴുതി -
വച്ചെന്നെ കളിയാക്കിയിരുന്നു....
എന്നിട്ടും ഞാന്‍ വരച്ചില്ലേ...
കുറെ നഗ്നചിത്രങ്ങള്‍ ...

പൊതു  ശൌച്യാലയങ്ങളിലെ
ചുവരുകളില്‍ -
എന്നിലെ കവി പാടിയിട്ടുണ്ട്
വേശ്യയുടെ കൊട്ടാരത്തിലെ -
പൂന്തോപ്പുകളെ കുറിച്ച് ...
വിഷം പുരട്ടിയ അമ്പുകളുമായി
വേട്ടയ്ക്ക് വന്ന കാട്ടാളന്മാരെക്കുറിച്ച് ...
ഉല്ലസിക്കാന്‍ വന്ന
രാജാക്കന്മാരെ കുറിച്ച് ....

തണല്‍ മരങ്ങള്‍
വച്ചുപിടിപ്പിച്ചിടത്തെല്ലാം
എന്നിലെ ശുനകന്‍ കാലുകള്‍
പൊക്കി മൂത്രം ചുരത്തി -
ഉണക്കി കളഞ്ഞിട്ടുണ്ട്...

എന്തോ -
ഓര്‍മ വച്ച കാലം മുതല്‍
ഓസോണ്‍ പാളികളോടെനിക്ക്  
വലത്തൊരു വെറുപ്പാണ് .
ഇല്ലാത്ത പ്ലാസ്റ്റിക്‌ തേടിപ്പിടിച്ചു
കത്തിച്ചു ദിനതോറും പണികൊടുത്തില്ലെങ്കില്‍
ഉറക്കം വരാറില്ല ....



കേട്ടോ ?
വരും തലമുറയ്ക്ക് വേണ്ടി
ഞാനൊന്നും ചെയ്തില്ലെന്നു മാത്രം
ഇനി പറഞ്ഞേക്കരുത് ...



                                      യോതിഷ് ആറന്മുള

1 comment:

മനോജ് ഹരിഗീതപുരം said...

കൊള്ളാം ഈ ഏറ്റുപറച്ചിൽ

Post a Comment

മുറിവ്

നേർച്ചയിൽ അധികവും പോയത് അങ്ങോട്ടാണ് .. ഉരുളി കമഴ്ത്തുമ്പോഴും ഉരുവിട്ടത് ആൺകുട്ടി ആൺകുട്ടിയെന്നാണ് ... ജനിക്കും മുൻപേതന്നെ അവഗണിക്കപ്പെട്ടു ....