Friday, April 26, 2013

അവധിക്കാലത്ത്‌
















പുസ്തകസഞ്ചി വലിച്ചെറിഞ്ഞു ,
തൊടിയിലേക്ക്‌ അഴിച്ചുവിട്ട  -
ആട്ടിൻ കുട്ടികളെപോലെ ,
ഓടിനടക്കുമ്പോൾ...  
അവധിക്കാലമായിട്ടും  
അമ്മയെന്തിനാണ് 
എന്റെ പിന്നാലെ പാടത്തും തൊടിയിലും  
വന്ന് കാത്തുനിൽക്കുന്നതെന്ന്    
ചിന്തിച്ചു വശം കെടാറാണ്  പതിവ് ..
വാസുവേട്ടന്റെ പറമ്പിലെ  
മൂവാണ്ടൻ മാവിന്റെ കൊമ്പിലേക്ക്   
ഞാനും എന്റെട്ടനും  
വാശിക്ക് പായിച്ച  കല്ലുകൾ -
പൊട്ടിക്കാറുള്ള  മാമ്പഴം 
കഴിക്കരുതെന്നമ്മ ശാട്യം   
പിടിച്ചതെന്തിനാണെന്ന് 
മാങ്ങാചൊന വീണു പൊള്ളികറുത്ത  
പാടുകളാണ് പറഞ്ഞു തന്നത് ..
കഞ്ഞിയും കറിയും വയ്ക്കാൻ  
മാത്രം അറിയാവുന്നത് കൊണ്ടാവും  
ഓടിക്കളിക്കാതെ ഒരിടത്തിരുന്ന്  
കളിയ്ക്കാൻ അമ്മ  നിർബന്ധം      
പിടിക്കുന്നതെന്ന് കണ്ടുപിടിച്ചത് 
ഇതുപോലൊരു അവധിക്കാലത്താണ്‌     ...
വണ്ടി ഉരുട്ടികൊണ്ടു  നടന്നു-
മറിഞ്ഞുവീണ് പള്ള കീറികരഞ്ഞപ്പോൾ...
പുഞ്ചവരമ്പത്തെ ചേറിൽ -
മീൻ കോരിനടക്കുമ്പോൾ ...
വിശപ്പും ദാഹവുമില്ലാതെ 
കശുമാങ്ങ പെറുക്കിനടക്കുമ്പോൾ...
കളിക്കൂട്ടുകാരിയുടെ 
പമ്പരം തല്ലിപൊട്ടിച്ചു വഴക്കുകൂടുമ്പോൾ 
"നശിച്ച അവധിക്കാലം തീർന്നിരുന്നെങ്കിലെ -"
ന്നമ്മ  പരിതപിക്കും .
ഒടുവിൽ  - 
ഏട്ടന്റെ  കയ്യിൽ  തൂങ്ങി 
സ്കൂളിലേക്ക്  പുറപ്പെടുമ്പോൾ  
ഇനി പകലുമുഴുവൻ  ഞാനൊറ്റയ്ക്കാണെന്നുള്ള-  
അമ്മയുടെ നെടുവീർപ്പോടുകൂടി 
കടന്നു പോകുന്ന അവധിക്കാലം 


യോതിഷ് ആറന്മുള 

Sunday, April 14, 2013

വിഷുക്കണി


അമ്പല പറമ്പിലെ
കോളാമ്പിയിലൂടോഴുകിയെത്തിയ
പ്രഭാതഗീതത്തിനും
പൂക്കളൊഴിഞ്ഞ-
കൊന്നമരത്തിനും..
ചായക്കു കരുതിയ
അഞ്ചുരൂപ തുട്ടിനും ..
ചട്ടുകാലിനും...
മുഷിഞ്ഞ ഭാണ്ഡത്തിലെ,
ദാരിദ്ര്യം പിടിച്ച -
ഗുരുവായുരപ്പനും ..
കണികാണാൻ
വിളിച്ചുണർത്തിയ-
കടത്തിണ്ണയിലെ,
കൊതുകിനും വിഷു ആശംസകൾ....

യോതിഷ് ആറന്മുള

Sunday, April 7, 2013

മുല്ലവള്ളിയും ഞാനും

മുറ്റത്തെ മുല്ലവള്ളിക്കു പ്രണയം ...
രാത്രിയുടെ കണ്ണുതെറ്റി എപ്പോഴൊക്കെ 
വെയില് വന്നു വിളിച്ചാലും 
ചെമ്പരത്തി കയ്യിലൂടെ പടർന്ന് , 
പറമ്പിലെ വേലിക്കപ്പുറം നിൽക്കുന്ന -
കുറ്റിമുല്ലയുടെ കവിളിൽ ചെന്നുതൊടും ..
ആയിക്കോ...
ഞാനൊന്നും പറയുന്നില്ല...
ആ കുറ്റിമുല്ലക്ക് വെള്ളമൊഴിക്കാറുള്ള
പാവാടക്കാരിയുടെ കണക്കുപുസ്തകത്തിൽ
143 എന്നെഴുതികൊടുത്തതിനാണ്
അവളുടെ അച്ഛൻ
ഒരു പകലുമുഴുവൻ
തെറി പറഞ്ഞുകൊണ്ടാ വേലികെട്ടിയത്...
മുല്ലവർഗ്ഗമാണെങ്കിലും
കുറ്റിയും വള്ളിയും
രണ്ടു ജാതിയാണെന്നയാൾ കലഹിക്കും,
മുല്ലവള്ളിപടർപ്പിലെന്നും -
പൂക്കൾക്ക് ദാരിദ്രമാണെന്നയാൾ
നാടാകെ പറയുകയും ചെയ്യും...
ഒടുവിൽ - പകലുകാണാതെ നിലാവറിയാതെ
നിനക്കും ആ വേലി ചാടെണ്ടിവരും
ആയിക്കോ...
ഞാനൊന്നും പറയുന്നില്ല....

യോതിഷ് ആറന്മുള

Wednesday, April 3, 2013

കേരളശില്പി

ഭൂതകാലത്തെന്നോ-
ഒരു നട്ടുച്ചനേരം 
വടക്കൻ മലബാറിലെ 
പരീദിക്കാന്റെ പീടികയിൽ നിന്നും 
ഉച്ച ഭക്ഷണം കഴിക്കുകയാണ് - പരശുരാമൻ... 
തെക്കൻ കന്യാകുമാരിയിൽ നിന്നും
ഐതിഹ്യ കേരളശില്പി -
കാലത്തു തുടങ്ങിയ വേല ... 
പരീദിക്കാന്റെ പീടികയ്ക്കുള്ള 
സ്ഥലം കൂടി കടലിൽ നിന്നും 
വേർതിരിച്ചെടുത്തൊരു - ഭഗീരഥഭക്ഷണം...
കടൽ വെട്ടി തേഞ്ഞ -
മഴു മിനുക്കി പണി തുടർന്ന ഭഗീരഥൻ,
കൃത്യ നിർവ്വഹണത്തിനു ശേഷം 
അഞ്ചു മണിക്ക് -
കൂലിവാങ്ങി വീട്ടിലേക്കു പോയി.... 

1956 നവംബർ 1

"വടക്കൻ മലബാറും 
തിരുകൊച്ചിയും 
തിരുവിതാംകൂറും 
മറ്റുനാട്ടുരാജ്യങ്ങളും 
ചേർത്തൊരു സമ്പൂർണകേരളം "
പിറന്നെന്നു നാടാകെ അറിഞ്ഞത് 
പരീദിക്കാന്റെ പിന്മുറക്കാരൻ 
ജബ്ബാറിന്റെ ചായപീടികയിലെ 
ഉച്ചഭാഷിണിയിലൂടെയാണ് 

വർഷങ്ങൾക്കിപ്പുറം 

കോഴിക്കോട്ടങ്ങാടിയിൽ 
പരീദിക്കാന്റെ പിന്മുറക്കാരിൽ 
ഹോട്ടൽ മാനേജ്മെന്റു പാസ്സായ 
ഒരേയൊരു ഷെഫ്-
അബുവിന്റെ ,
അലുവയും മത്തിക്കറിയും 
മാത്രം കിട്ടാറുള്ള -
ന്യൂ ജെനറേഷൻ റെസ്റ്റൊറന്റിൽ 
ഒരു മേശക്കിരുപുറമിരുന്ന്
കേരളശില്പിയുടെ പേരിൽ 
യുക്തിയും മഴുവും 
തമ്മിൽ കൊമ്പുകോർക്കുന്നു .....

യോതിഷ് ആറന്മുള

Wednesday, March 27, 2013

ജീവിതപച്ച













തുമ്പപ്പൂ പുഞ്ചിരി വെളുപ്പും
കാർക്കൂന്തൽ കറുപ്പും
ചെഞ്ചോര ചുവപ്പും
രക്തം ചത്തുകിടന്നു-
കരിനീലിച്ചും,
ഒടുവിൽ-
ജീവിതം കുത്തിപഴുത്തും
പിത്തംപിടിച്ചുമങ്ങനെ-
മഞ്ഞയിൽ കുളിച്ചും...
എന്നിൽ -
നിറങ്ങൾ മുഴുവൻ
വാരി നിറച്ചിട്ടുമെന്തേ - പച്ചേ ..........
നീ മാത്രമെന്നിൽ പച്ചപിടിക്കാതിങ്ങനെ ....

യോതിഷ് ആറന്മുള

Wednesday, March 20, 2013

കിളിയോർമ്മ


കൈയെത്താത്ത മരപ്പൊത്തിൽ
കണ്ണുംനട്ടു നിൽക്കുന്നുണ്ടൊരു  ബാല്യം...
ആശാന്റെ വടിതെറ്റി വീഴാതെ ,
അക്ഷരം പഠിച്ചൊരു പച്ചതത്ത -
കുഞ്ഞിക്കിളിക്ക് തീറ്റ കൊടുക്കുന്നതാണ്
ഓർമയിലാദ്യത്തെ കിളിയോർമ്മ ...

മുറ്റവും പറമ്പും
ശുചിയാക്കുന്ന പക്ഷി കാക്കയാണെന്നു-
സാറാമ്മ ടീച്ചറ് പഠിപ്പിച്ചതാണ്...
എങ്കിലും - എന്റെ തലയിൽ കാഷ്ടിച്ച,
കാക്കയോടു തോന്നിയ വെറുപ്പ്‌;
കുയിലിന്റെ മുട്ടയിൽ
കൊള്ളരുതെന്ന പ്രാർത്ഥനയോടെ
കാക്കകൂട്ടിലേക്ക് വലിച്ചെറിഞ്ഞ
കല്ലുകളായാണ് പതിച്ചത്...

ഇനി വിശന്നു വലഞ്ഞെങ്ങാനും
തെക്കേ പറമ്പിലെ
അത്തിമരക്കൊമ്പിലോ ,
വരിക്കപ്ലാവിലോ,
വന്നിരുന്നു കരഞ്ഞെന്നലോ...
കാക്കയ്ക്ക് മുത്തശ്ശി പ്‌രാക്കുറപ്പ്...

അടവച്ച്  വിരിഞ്ഞ -
തൊപ്പികോഴികുഞ്ഞുങ്ങൾക്കൊപ്പം
പുള്ളിനേയും പരുന്തിനേയും
പേടിച്ചരണ്ടു -
തൊടിയിലും പറമ്പിലും നില്ക്കുന്നുണ്ട്
മറ്റൊരു കിളിയോർമ്മയും ഞാനും ....  
   

യോതിഷ് ആറന്മുള

Saturday, March 9, 2013

എന്തിനീ വിധം














മൃഗമേ ...
വെറും മൂന്നു വയസ്സല്ലേ ഉണ്ടായിരുന്നുള്ളു ..
എന്ത് കണ്ടിട്ടാണ് നിന്‍റെ ലിംഗം -
കുലച്ചു പൊന്തിയത് ...
മോഹിപ്പിക്കുന്ന വിധത്തില്‍ എന്തു -
വലിപ്പ ചെറുപ്പങ്ങളാണ്
അവളിലുണ്ടയിരുന്നത് ...

ഭരണാര്‍ത്ഥി വര്‍ഗമേ ..
ഇനിയുമൊരു നൂറു പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ടാലും -
നീതിയിലും നിയമത്തിലും മാറ്റങ്ങള്‍ വരുത്തരുത് ...
നിര്‍ഭയ, നിരാശ്രയ, നീരാലംബ ..
എന്നിങ്ങനെ കുറെയധികം
പേരുകള്‍ കണ്ടു പിടിച്ചു വച്ചോളു ..

തിന്നാനും ഉറങ്ങാനും ഭോഗിക്കാനും
മാത്രം ജീവിക്കുന്ന
കുറെ പൊലയാടിമക്കള്‍ ..
ഗര്‍ഭിണിയായ സ്ത്രീയുടെ തുടയിടുക്കിലേക്ക്
കണ്ണും നട്ടിരിക്കുന്നുണ്ട് -
മറ്റൊരു പെണ്‍കൊടി ജനിക്കുന്നതും കാത്ത് ...

ഇനി അതും സംഭവിക്കാം ..
ഒരു ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ അവര്‍ ....

( ഒരിക്കലും അങ്ങനെ സംഭവിക്കരുതെന്ന പ്രാര്‍ത്ഥനയോടെ ... )

യോതിഷ് ആറന്മുള

Saturday, March 2, 2013

മിഠായി പടക്കങ്ങള്‍



അ- യും  
അം - ഉം 
തമ്മില്‍ തെറ്റുന്ന കാലം..
ഒന്നും ഒന്നും 
കൂട്ടുവാനെനിക്ക്,
വിരലുകള്‍ തികയാതെ വരുമ്പോള്‍  ...
മാഷിന്‍റെ‍ വട്ടകണ്ണടയില്‍    
രണ്ടു കരിമീന്‍ 
വന്നു തെറിച്ചു നില്‍ക്കും ...  

നീളന്‍ ജുബ്ബയും 
കറുത്ത വട്ട കണ്ണടയും 
സദാവീര്‍ത്തു നില്‍ക്കുന്ന,
തുകല്‍ സഞ്ചിയും കൂടി കൂട്ടി  
മാഷെന്ന സങ്കല്‍പ്പത്തില്‍ നിന്നും 
ദീശ കുറച്ച് മെലിഞ്ഞുണങ്ങിയ,
മനുഷ്യന്‍ - അതാണ് കണക്കുമാഷ് ...
മേശമേല്‍ മാത്രമിരിക്കാറുള്ള -
മാഷ് പറയും ...
സഞ്ചിയില്‍ നിറയെ -
പടക്കങ്ങള്‍ ആണെന്ന് .... 
ചിലയ്ക്കുന്നവരുടെയും   
പഠിക്കാത്തവരുടെയും
കഴുത്തില്‍ കെട്ടിയിട്ടു -
പൊട്ടിക്കാനുള്ള പടക്കങ്ങള്‍ ...      

ജീവിതത്തിന്‍റെ മുഴുവന്‍ 
സങ്കലന, വ്യവകലന വ്യവസ്ഥകള്‍ 
വിരലുകളിലൂടെ കൂട്ടിയും കിഴിച്ചും 
പഠിപ്പിച്ചിട്ടു പോകുമ്പോള്‍ 
എല്ലാര്‍ക്കും എറിഞ്ഞു തരും 
മാഷിന്‍റെ തുകല്‍ സഞ്ചിയിലെ പടക്കങ്ങള്‍ ....
നാവില്‍ മധുരം കിനിഞ്ഞിറങ്ങുന്ന 
മിഠായി പടക്കങ്ങള്‍ ......... 
   

യോതിഷ് ആറന്മുള 

Thursday, February 28, 2013

ദിക്കറിയാ പൊട്ടന്‍




ഉദയം കൊണ്ടു രാത്രിയും
അസ്തമയം കൊണ്ടു പകലും
കട്ടെടുത്ത് -
ദിക്കറിയാ പൊട്ടന്‍
വിണ്ണില്‍ തെളിഞ്ഞും
കടലില്‍ ചാടിയും കളിക്കുന്നു .....

ഒരു കപ്പ് ചായയുടെ ഓര്‍മയ്ക്ക്
















പത്താം തരത്തില്‍ പഠിക്കുമ്പോള്‍ 
കാച്ചിയ എണ്ണയുടെ മണമുള്ള റോസിയോടു 
അയാള്‍ക്ക് തോന്നിയ ഇഷ്ടം ...
അവളുടെ കസിനായ റോഷന്റെ സിക്സ് -
പായ്ക്കിനു മുന്‍പിലാണ്
കുഴിവെട്ടി മൂടിയത് ......
ഇന്നലെ അയാള്‍ തലമൂത്ത-
കാരണവര്‍ക്കൊപ്പം,
അവളുടെ വീട്ടില്‍ കയറി ചെല്ലുമ്പോള്‍,
റോഷന്‍ ഉള്‍പ്പെടെ എല്ലാവരും ഉണ്ടായിരുന്നു ...
എന്നിട്ടും - അവളുടെ മുഖത്തുനോക്കി,
ഇഷ്ടമാണെന്ന് പറയാനുള്ള -
ധൈര്യം സ്വരൂപിക്കാന്‍ മാത്രം എന്തുമരുന്നാണ്,
അവള്‍ പകര്‍ന്ന -
ഒരു കപ്പ്‌ ചായക്കുണ്ടായിരുന്നത് .....


യോതിഷ് ആറന്മുള

Wednesday, February 20, 2013

ഓര്‍മയിലെ ബാല്യം


















ഗ്ലാസ്സില്ലാത്ത -
വട്ടകണ്ണടക്കുവേണ്ടി ഞാനും
വാശിപിടിച്ചു കരഞ്ഞിട്ടുണ്ട് ....
സമയം കൃത്യമായി-
കാണിക്കില്ലെങ്കിലും
എനിക്കും വേണമായിരുന്നു
അപ്പുറത്തെ കുഞ്ഞികുല്‍സുവിന്‍റെ
പോലത്തെ  പൊട്ടവാച്ച് ..
പിന്നെയൊരിക്കല്‍
തേന്മാവിന്‍റെ കൊമ്പിലെ
ചില്ലയില് ഒളിച്ചു കളിക്കുന്ന,
കള്ളക്കാറ്റിനെ ഓടിച്ചിട്ടു-
വട്ടം കറക്കണമെന്നു പറഞ്ഞു
അച്ഛനെയും പൊതിരെ തല്ലി...
ഒടുവില്‍ - വടക്കേലെ കണാരേട്ടന്‍
തേങ്ങയിടാന്‍ വന്നപ്പോള്‍
അച്ഛന്‍ പറഞ്ഞു ..
ഒരു പച്ചോലകൂടി ഇട്ടേക്ക്‌.
ചെക്കനിപ്പോ -
ഓലക്കളിപ്പാട്ടത്തിലാണ് കമ്പം ...


യോതിഷ് ആറന്മുള

Friday, February 15, 2013

അതിര്‍വരമ്പുകള്‍ .......














മരണം കുടിച്ചിറക്കി -
അവരുടെ പ്രണയം ,
രണ്ടു മതങ്ങളെ  തോല്‍പ്പിച്ചു ..
തെക്കോട്ടുള്ള യാത്രയില്‍
ഇടവഴിയില്‍ വെച്ച് ,
പ്രണയത്തിന്‍റെ  അവശേഷിപ്പുകളില്‍ ഒന്ന്
ഖബറിടം ലക്ഷ്യമാക്കിയും,
മറ്റൊന്ന് തെക്കെകണ്ടത്തിലെ പച്ച മണ്ണിലേക്കും
വേര്‍ പിരിഞ്ഞു ...
ആത്മഹത്യ ചെയ്ത പാപം - അവരെ,
നരകത്തിലേക്കെത്തിക്കുകയുള്ളു എന്ന് മതം....
അവിടെയെങ്കിലും -
ഒന്നാകുമെന്നു കരുതി - പക്ഷെ
മതത്തിന്‍റെ ശക്തമായ ഇടപെടല്‍
അവരെ രണ്ടു നരകത്തിലേക്ക്
വലിച്ചിട്ടു ...


യോതിഷ് ആറന്മുള

നോട്ട്: ഇനി എല്ലാ മതങ്ങള്‍ക്കും കൂടി ഒരു സ്വര്‍ഗ്ഗം / ഒരു നരകം എന്ന് മാത്രം വാദിക്കരുതെ...


Wednesday, February 13, 2013

ഇങ്ങനെയും ചിലര്‍


കൃഷ്ണേട്ടാ ...
ഞാനീ വീട്ടില്‍ വന്നകാലം മുതല്‍
കൃഷ്ണേട്ടനാണല്ലോ എന്റെ വീടിനു കാവല്‍ ...
എന്നിട്ടിപ്പോള്‍ ,
വീട് മലപ്പുറത്തുള്ള നമ്മുടെ -
ചങ്ങായിക്കു വില്‍ക്കുന്നു
പറഞ്ഞപ്പോള്‍ മുതല്‍
വീട്ടിലെ മൂത്തകാരണവര്‍
പറയുന്ന  പുകില് ...  കേട്ടോ?

ചങ്ങായീടെ
പുരകാക്കണയാള്    
മുഹമ്മദ്‌ ആണെങ്കില്‍ -
വില്‍ക്കാന്‍ മേനക്കെടണ്ടാന്നു...
മറ്റൊരു കൃഷ്ണനോ ശിവനോ
കാവലേല്‍പ്പിക്കുന്നവന്
കൊടുത്താല്‍ മതി പോലും ...

"എന്‍റെ  മതം  ഈ വീടിന്‍റെ ഐശ്വര്യം "
പരമകഷ്ടം തന്നെ...

യോതിഷ് ആറന്മുള

Thursday, February 7, 2013

ഭീരു











ഒരിക്കല്‍ പോലും
പ്രണയിചിട്ടില്ലാത്തവന്‍ 
എല്ലാ അര്‍ത്ഥത്തിലും ഭീരുവാണ് ...
അതിനു വേണ്ടി -
കണ്ടെത്തുന്ന ന്യായങ്ങള്‍ 
ഭീരുത്വം മറയ്ക്കാനുള്ള ഉപാധിയും ...


വിലക്കയറ്റം


എന്നെ ചുട്ടു പൊള്ളിച്ചു കൊണ്ട്
അവര്‍ കത്തിച്ചു വിട്ടൊരു  റോക്കറ്റ്
താഴേക്കുള്ള വഴി മറന്നു നില്‍ക്കുന്നു ........




ദൈവവിശ്വാസി

അമ്മയെ വൃദ്ധസദനത്തില്‍
കൊണ്ടാക്കി വരുമ്പോള്‍
മാതാവിന്റെ മുന്‍പില്‍
ഒരു മെഴുകുതിരി -
കത്തിക്കാന്‍ അയാള്‍ മറന്നില്ല....

Tuesday, February 5, 2013

ലേഡീസ് ഷോപ്പ്

















എന്‍റെ ലേഡീസ് ഷോപ്പിനു മുന്‍പില്‍
ഭിക്ഷയെടുക്കുന്ന പെണ്‍കുട്ടി ,
ഇങ്ങോട്ട് നോക്കാറേയില്ല ...

ചാന്തുപൊട്ടും കരിമഷിയും
കുപ്പിവളകളുമില്ലെങ്കിലും,
അവള്‍ ജീവിക്കുന്നുണ്ട്  ....
അവളുടെ താളിയുണങ്ങിയ
തലമുടിക്കു മുന്‍പിലൂടെയാണ്
പലപ്പോഴും -
ഇന്ദുലേഖ നാണിച്ചിറങ്ങിപോയത് ....
ഫോറിന്‍പൗഡറും ,
ഫേസ്ക്രീമുകളും
വാസന തൈലവും
അവളില്‍ ഒരു സ്വപ്നവും നിറയ്ക്കുന്നില്ല ...
വിശപ്പില്ലാതെ ഒന്നുറങ്ങാന്‍ കഴിഞ്ഞാല്‍  
ഈ ഷോപ്പില്‍ കയറിയില്ലെങ്കിലും
ജീവിക്കാമെന്നവള്‍ സമൂഹത്തോട് -
നിരന്തരം കലഹിച്ചു,
കൊണ്ടിരിക്കുന്നു....
ഞാനുള്‍പ്പെടുന്ന പുരുഷവര്‍ഗം
സ്ത്രീയുടെ സൗന്ദര്യബോധത്തെ  -
പരമാവധി ചൂഷണം ചെയ്തിട്ടും

ആ പെണ്‍കുട്ടി മാത്രം
ഇങ്ങോട്ട് നോക്കുന്നതേയില്ല    ....


                                      യോതിഷ് ആറന്മുള

Wednesday, January 30, 2013

അയല്‍ക്കാരന്‍

















അയല്‍ക്കാരന്‍

കഴിഞ്ഞാഴ്ചയായിരുന്നത്രേ...
കവിയായിരുന്നു എന്നാണ് കേട്ടത്...

വളരെ അടുത്ത് ,
അപരിചിതത്തിന്‍റെ -
വേലിക്കപ്പുറം
ഒരു കവി,
ഹൃദയംപൊട്ടി മരിച്ചിട്ടും
ഞാന്‍ അറിഞ്ഞില്ല ....

അച്ഛന്റെ -
സഞ്ചയന കുറിപ്പുമായി വന്ന
അയല്‍ക്കാരനോട്
തോന്നിയ പരിചയം ;
മുഖപുസ്തകത്തിലെ
സൗഹൃദ പട്ടികയില്‍
ചിരിച്ചു കൊണ്ടിരിക്കുന്നുണ്ട്‌ ....

ഹാ എത്ര കഷ്ടം ..?
എനിക്ക് തീരെ
അപരിചിതമായിപ്പോയ,
അതിനിഗൂഡ രാഷ്ട്രമായിമാറിയിരിക്കുന്നു
ഇന്നെന്‍റെ അയല്‍ക്കാരന്‍ ....


 യോതിഷ് ആറന്മുള


Monday, January 28, 2013

പ്രണയത്തിന്‍റെ ദേവത

















ഇന്നലെ സ്വപ്നത്തില്‍ വന്നിരുന്നു...
തൊടിയില്‍ വിടരുവാന്‍ മറന്നു നിന്ന-
പനിനീര്‍ പൂവിനെ,
ചുംബിച്ചുണര്‍ത്തുമ്പോളാണ്  
എനിക്ക് മുന്‍പില്‍ അവതരിക്കപ്പെട്ടത് ...
ഞാനൊരു അപരിചിതനെപ്പോലെ
പിന്തിരിയാനൊരുങ്ങുമ്പൊള്‍
പ്രണയത്തിന്‍റെ ദേവതയാണെന്നു-
പറഞ്ഞെന്നെ വാഗ്വാദത്തിന് ക്ഷെണിച്ചു..
പ്രണയത്തെ കുറിച്ച് ചോദിച്ചപ്പോഴൊക്കെ -
ജനുവരിയിലെ മഞ്ഞില്‍ നനയാനും
ഏപ്രിലില്‍ പൂക്കുന്ന ലില്ലിപ്പൂക്കള്‍ക്കൊപ്പം
വെയിലുകായനും
ജൂണിലെ മഴയില്‍ കുതിരാനും പറഞ്ഞു ...

പൂക്കാലമൊരുങ്ങും മുന്‍പ്
കൊഴിഞ്ഞുപോയ വസന്തത്തെ കുറിച്ച് ,
പെരുമഴയില്‍ എന്‍റെ കുടക്കീഴില്‍ നിന്നും
ഇറങ്ങിപ്പോയ മഴക്കാലത്തെ കുറിച്ച് ,
ഇടവഴിയിലെ വെയിലില്‍
കരിഞ്ഞുപോയ -
ലില്ലിപ്പൂക്കളേക്കുറിച്ച് ,
ഓര്‍മകളുടെ പൂന്തോപ്പില്‍
വര്‍ണങ്ങളവശേഷിപ്പിച്ചു  -
മടങ്ങിയെത്തിയ
കറുത്ത  പനിനീര്‍ പൂവുകളെ കുറിച്ച് ,
പറയും മുന്‍പുതന്നെ  
പനിനീര്‍ പൂവിലെ ശേഷിച്ച
കറുപ്പ് നിറം കൂടി കട്ടെടുത്തെടെയോ -
മറയുകയും ചെയ്തു...

                                  യോതിഷ് ആറന്മുള

Thursday, January 24, 2013

പ്രേതം















പാല് പുളിച്ചു
തൈരായപ്പോഴും
ഓന്തിനു നിറം
മാറിയപ്പോഴും
ആരും പറഞ്ഞില്ല പ്രേതം പ്രേതമെന്ന്...
കനത്ത നിശബ്ദതയില്‍
ഒളിച്ചുകടന്ന ഒരു -
ചെറുകാറ്റ് ,
അറിയാതൊരു -
കതകടച്ചപ്പോള്‍
നിലവിളിച്ചു കൊണ്ട്
പറഞ്ഞു പ്രേതം   പ്രേ ... തം ......



                                              യോതിഷ് ആറന്മുള

മുറിവ്

നേർച്ചയിൽ അധികവും പോയത് അങ്ങോട്ടാണ് .. ഉരുളി കമഴ്ത്തുമ്പോഴും ഉരുവിട്ടത് ആൺകുട്ടി ആൺകുട്ടിയെന്നാണ് ... ജനിക്കും മുൻപേതന്നെ അവഗണിക്കപ്പെട്ടു ....