Wednesday, March 20, 2013

കിളിയോർമ്മ


കൈയെത്താത്ത മരപ്പൊത്തിൽ
കണ്ണുംനട്ടു നിൽക്കുന്നുണ്ടൊരു  ബാല്യം...
ആശാന്റെ വടിതെറ്റി വീഴാതെ ,
അക്ഷരം പഠിച്ചൊരു പച്ചതത്ത -
കുഞ്ഞിക്കിളിക്ക് തീറ്റ കൊടുക്കുന്നതാണ്
ഓർമയിലാദ്യത്തെ കിളിയോർമ്മ ...

മുറ്റവും പറമ്പും
ശുചിയാക്കുന്ന പക്ഷി കാക്കയാണെന്നു-
സാറാമ്മ ടീച്ചറ് പഠിപ്പിച്ചതാണ്...
എങ്കിലും - എന്റെ തലയിൽ കാഷ്ടിച്ച,
കാക്കയോടു തോന്നിയ വെറുപ്പ്‌;
കുയിലിന്റെ മുട്ടയിൽ
കൊള്ളരുതെന്ന പ്രാർത്ഥനയോടെ
കാക്കകൂട്ടിലേക്ക് വലിച്ചെറിഞ്ഞ
കല്ലുകളായാണ് പതിച്ചത്...

ഇനി വിശന്നു വലഞ്ഞെങ്ങാനും
തെക്കേ പറമ്പിലെ
അത്തിമരക്കൊമ്പിലോ ,
വരിക്കപ്ലാവിലോ,
വന്നിരുന്നു കരഞ്ഞെന്നലോ...
കാക്കയ്ക്ക് മുത്തശ്ശി പ്‌രാക്കുറപ്പ്...

അടവച്ച്  വിരിഞ്ഞ -
തൊപ്പികോഴികുഞ്ഞുങ്ങൾക്കൊപ്പം
പുള്ളിനേയും പരുന്തിനേയും
പേടിച്ചരണ്ടു -
തൊടിയിലും പറമ്പിലും നില്ക്കുന്നുണ്ട്
മറ്റൊരു കിളിയോർമ്മയും ഞാനും ....  
   

യോതിഷ് ആറന്മുള

No comments:

Post a Comment

മുറിവ്

നേർച്ചയിൽ അധികവും പോയത് അങ്ങോട്ടാണ് .. ഉരുളി കമഴ്ത്തുമ്പോഴും ഉരുവിട്ടത് ആൺകുട്ടി ആൺകുട്ടിയെന്നാണ് ... ജനിക്കും മുൻപേതന്നെ അവഗണിക്കപ്പെട്ടു ....