Wednesday, January 16, 2013

ഈര്‍ക്കില്‍


ഇന്നലെ കേട്ടത്.....

നിരപരാധിയുടെ
ജനനേന്ദ്രിയത്തില്‍
തിരുകികയറ്റിയ  ഈര്‍ക്കില്‍
അവനെക്കൊണ്ട്  കുറ്റസമ്മതപത്രം
എഴുതിവാങ്ങിച്ചു ....
അലമാരയിലെ
പണവും പണ്ടവും മാത്രമല്ല,
കളസമടക്കം മോഷ്ടിച്ചത് ഞാനാണ്‌ ....

ഇന്ന് കേള്‍ക്കുന്നത്.......

ഇരുട്ടിന്‍റെ മറവില്‍
കറുത്ത ചരിത്രം കുറിച്ചിട്ട്
ദില്ലിയിലെ തെരുവില്‍ നിന്നും
സുഖ വാസകേന്ദ്രത്തിലേക്ക്
പോയവര്‍,
വടിച്ചു നക്കിയ -
ബിരിയാണി പാത്രത്തിന്
പിന്നില്‍ ഇരുന്നു -
പല്ലിട കുത്തി ചിരിക്കുന്നു ....

                                  യോതിഷ് ആറന്മുള

Friday, January 11, 2013

പുഴ പോയി ഒളിച്ചത്















അവന്‍റെ അത്യാര്‍ത്തിക്ക്
മുന്നില്‍ നിന്നുമാണ്
പുഴ പോയി ഒളിച്ചത്...
ഉറവ വറ്റിയ -
മണല്‍ക്കാടുകള്‍ക്കിടയില്‍  
ഒരു കള്ളിമുള്‍ ചെടി
യാത്ര തുടങ്ങിയിരിക്കുന്നു ...
വെയില്‍ പൂക്കുന്ന താഴ്‌വരയില്‍
മഴവരുന്നതും കാത്ത് ഉണ്മ -
ഉണങ്ങിയും ,
കോണ്‍ക്രീറ്റ് മരങ്ങള്‍ക്കിടയില്‍
മാലിന്യം നിറഞ്ഞൊരു
തോട് ഒഴുകാതെയും ,
കെട്ടി കിടക്കുന്നു ...
അമ്മയുടെ  ചേല
വലിച്ചുരിഞ്ഞു -
ഒക്കെയുമൂറ്റി  കുടിച്ചെങ്കിലും ,
നിണമുണങ്ങിയ  മാറില്‍  നിന്ന് -
അവന്‍റെ  ആര്‍ത്തിക്ക്
ഒട്ടുവകയില്ലാതെ ...
ഇടയ്ക്കിടെ  ഉറവ  പൊടിയുന്നുണ്ട് ...
പക്ഷെ -
മണല്‍ക്കാടുകളില്‍
പൂക്കുന്ന വെയിലിനും,
കള്ളിമുള്‍ ചെടിക്കും
ഒരു മാത്ര നുണയുവാന്‍ പോലും കിട്ടാതെ -
പേരിനു പൊലുമൊഴുകതെയും
ഉറവയില്‍ തന്നെ -
ഒളിക്കുന്നു  പുഴ ...

                                  യോതിഷ് ആറന്മുള 

Friday, January 4, 2013

സംവിധായകന്‍








പെണ്ണിന്‍റെ വേദന
നീരുവന്നു കല്ലിച്ചതാണ്
മുലയെന്നു കാണിച്ചു  -
കൊടുക്കാനാണ്   ഞാന്‍
സിനിമ എടുത്തത് ....
കാമകൊതിപൂണ്ട
നോട്ടങ്ങളിലേക്കാണ്
അവളുടെ മുലകള്‍
പ്രദര്‍ശിപ്പിച്ചു
തിന്നാന്‍ പറഞ്ഞത് ......
പെണ്ണിന്‍റെ നോവുകളില്‍
നിന്നുമാണ് ഒരു ജന്മം
പിറവിയെടുക്കുന്നതെന്നു
സാക്ഷ്യപ്പെടുത്താനാണ്    
ലേബര്‍ റൂമിലേക്ക്‌
കാഴ്ചയെ ക്ഷെണിച്ചത്.......
ഒളിഞ്ഞും തെളിഞ്ഞും
അവളുടെ ആഴങ്ങളില്‍
നിന്നും അവന്‍
ജീവിതം കട്ടെടുക്കാന്‍
തുടങ്ങിയിടത്തേക്കാണ്
കോട്ടയത്ത്‌ നിന്നും
ഒരു 22 കാരിയെ
അവന്‍റെ അരികിലേക്ക്
പറഞ്ഞയച്ചത് ....
സെന്‍സര്‍ ചെയ്യേണ്ടുന്ന
കാമരംഗങ്ങളില്‍
അവന്‍റെ ലിംഗം
അറുത്തു മാറ്റികൊണ്ട്
സെന്‍സര്‍ ബോര്‍ഡിന്‍റെ
പണികൂടി അവളെ -
ഏല്‍പ്പിക്കുമ്പോള്‍
പ്രത്യാശയുടെ ഒരു വിത്തെന്നില്‍
കുഴിച്ചിട്ടിരുന്നു ... പക്ഷെ !!

                                           യോതിഷ് ആറന്മുള
   

Thursday, January 3, 2013

ചൊവ്വാദോഷം













മകന്‍റെ നക്ഷത്രം
കണിയാന്റെ
നാക്കിലിട്ടു തട്ടി -
ഒരു കവടിയിലെക്കും വലിചെറിയാന്‍
കൊടുക്കരുതെന്ന്
അവന്‍റെ അച്ഛനോട് ആയിരം വട്ടം
പറഞ്ഞതാണ്‌ -കേട്ടില്ല...
കണിയാന്‍ പറഞ്ഞ
കവടിക്കഥ വിശ്വസിക്കരുതെന്നും
പറഞ്ഞതാണ്‌ അതും കേട്ടില്ല...

എന്നിട്ടിപ്പോള്‍
വേലയ്ക്കു പോകാത്ത
മകനെ ശാസിക്കുമ്പോള്‍
എന്തെ അച്ഛന്‍
ചൊവ്വാദോഷം മറക്കുന്നു....
അച്ഛന്‍റെ മുറിപ്പെടുത്തുന്ന
വാക്കുകള്‍
ചൊവ്വാദോഷം
കൊണ്ട് കേള്‍ക്കേണ്ടിവരുന്നതാണന്നെന്തേ
മകനെ നീയും വിശ്വസിക്കാത്തൂ....

ചൊവ്വാഴ്ച മുഴുവന്‍
കിടന്നുറങ്ങിയിട്ടു
നീ കണിയാന്റെ
വീട്ടില്‍ വേലയ്ക്കു പോ ...
കയ്യില്‍ ചരടും കഴുത്തില്‍
എലസുമായി വരുന്നവരോട്
മുഴുവന്‍  ദോഷം പറഞ്ഞു
കാശ് വാങ്ങി നീ അച്ഛന് കൊടുക്കൂ ...
തീരട്ടെ അച്ഛന്റെ ആധിയും  
മകന്‍റെ ചൊവ്വാദോഷവും .....


                                              യോതിഷ് ആറന്മുള

Saturday, December 22, 2012

അയാളും ഞാനും തമ്മില്‍



















ആദ്യം  കാണുമ്പോള്‍
മതം പറഞ്ഞു തല്ലുപിടിക്കുന്ന
രണ്ടു കുട്ടികളെ ദേശീയ ഗാനം
പഠിപ്പിക്കുകയായിരുന്നു അയാള്‍  ...

പിന്നീടൊരിക്കല്‍
സന്ധ്യ പൂക്കുന്ന വഴിയില്‍
വിളക്കുകാലിന്നു ചോട്ടില്‍
വഴിമറന്നു നിന്നിരുന്നു അയാള്‍ ...
വീട്ടുവാതില്‍ക്കലോളം
കൊണ്ടു ചെന്നെത്തിച്ചിട്ടും,
ഒന്നു മുട്ടി വിളിക്കാതെ പോലും -
എനിക്കൊപ്പം
തെരുവിലേക്ക് പോന്നു..


ശീതീകരിച്ച മുറിയില്‍
സഹോദരിയുടെ  -
കന്യാച്ചര്‍മത്തിനവകാശം
ചോദിച്ച്  അവളുടെ -
ഉടുതുണിയുരിഞ്ഞവനാണ് മകന്‍ ...
മച്ചിലൊരു പൂമാലക്ക്  പിറകില്‍
ചിരിച്ചു കൊണ്ടിരിക്കുന്നുണ്ട് മകളെന്നും,
അമ്മക്ക് മൂന്നു നേരം മൗനം
ഉരുട്ടി തീറ്റിക്കുന്നുണ്ടവനെന്നും,
തെരുവിലേക്കുള്ള വഴിയിടങ്ങളില്‍
മൗനം പൊട്ടിവീണ വാക്കുകള്‍ ....


അവസാനമായി അയാളെ കാണുമ്പൊള്‍
നഗരമദ്യത്തില്‍ -
ഓടുന്ന ബസില്‍
പെണ്‍കുട്ടി ബലാല്‍സംഗം ചെയ്യപ്പെടുന്നുണ്ട് ...
തൊട്ടരുകില്‍
ധനിക ബാലന്‍റെ കയ്യിലെ -
അപ്പം തട്ടിയെടുത്തോടിയ അയാളെ
വളഞ്ഞിട്ടടിക്കുകയാണ് ജനം...
ജയിലില്‍ നിന്നുമാണ് ഒരു ഒറ്റക്കയ്യന്‍
വന്നടിച്ചിട്ടു പോയത് ..
പെണ്‍കുട്ടിയെ പീഡിപ്പിച്ച
കേസില്‍ വിധിപറയുന്ന -
കോടതി വളപ്പില്‍ നിന്നും
അച്ഛനും മകനും അമ്മാവനും
വന്നയാളുടെ മുഖത്ത് കാര്‍ക്കിച്ചു തുപ്പി...
സൂര്യനെല്ലിയിലെ -
സൂര്യകാന്തി പൂവിനെ കുറിച്ച്
കവിത എഴുതിയ വിപ്ലവ കവിയും
ഉണ്ടായിരുന്നു അയാളെ ചവിട്ടാന്‍ ...
അപ്പക്കഷ്ണം നഷ്ട്ടപ്പെട്ട
കാക്കയുടെ സങ്കടത്തെ പറ്റി
എഴുതിയ കവിത ചിരുട്ടി
ഞാനും ഒരടികൊടുത്തു ....
മുഖ്യമന്ത്രിയും മന്ത്രിമാരുമടക്കം
വന്നിരുന്നു...
പരമോന്നത നീതിപീഠം
തെരുവിലേക്ക് ഇറങ്ങിവന്ന് അയാളെ -
മരണം വരെ തൂക്കികൊല്ലാന്‍ വിധിച്ചു ...


                                                          യോതിഷ് ആറന്മുള


Wednesday, December 12, 2012

ശവംതീനികള്‍










കോഴിബിരിയാണി
കഴിക്കുന്നതും
സ്വപ്നം കണ്ട്
കടല്‍പ്പുറത്ത്
ആകാശം  നോക്കി -
കിടക്കുമ്പോളാണ്
അനാഥമാകുന്ന -
പരല്‍കുഞ്ഞുങ്ങളുടെ
വേദനയോര്‍ത്ത്
ഞാനിന്നും പട്ടിണിയാണെന്ന്
ഒരു പൊന്മാന്‍ വന്നു പറഞ്ഞത്..
തിരതല്ലി മരിച്ച,
മുക്കുവന്‍റെ പച്ച -
മാംസം തേടി പോകുന്നൊരു  -
ശവം തീനിയുറുമ്പ്
എന്നെ കൂട്ടിനു  -
വിളിച്ചതും അപ്പോഴായിരുന്നു ....


യോതിഷ് ആറന്മുള

Thursday, December 6, 2012

യുക്തി

















ഞാനവനെയും
അവനെന്നേയും
സ്നേഹിക്കുന്നിടത്ത്
ഒരു മതമുണ്ട്‌ ...
അതല്ലാതെ -
നാലമ്പലത്തിനുള്ളില്‍
വിവസ്ത്രനാക്കുന്ന ,
പെണ്ണായുസ്സുമുഴുവന്‍
വസ്ത്രത്തില്‍ തളച്ചിടുന്ന ,
തമ്മില്‍ കുത്തി മരിക്കുന്ന,
മതമെനിക്ക് വെറുപ്പാണ് ...

ഞാനവനെയും
അവനെന്നേയും
ചേര്‍ത്തുനിര്‍ത്തുന്നിടത്ത്
ഒരു ജാതിയുണ്ട് ..
അല്ലെങ്കില്‍
നിങ്ങള്‍ പറയുക ..
പുലയനെങ്ങനെ പുലയനായെന്നും
പറയനെങ്ങനെ പറയനായെന്നും
കുറവനെങ്ങനെ കുറവനായെന്നും
അവനിലെങ്ങനെ
തീണ്ടാലുണ്ടായെന്നും
പറഞ്ഞു തരിക ....
ശകുന ജന്മങ്ങള്‍ക്ക്
തീണ്ടലില്ലാത്തതെന്തു കേമം ...
ഇല്ലത്ത് കാവലുകിടപ്പവന്‍
നമ്പൂരിയാവാത്തതുമെന്തു കേമം ....
എന്നെ തൊട്ടുണ്ടായോരശുദ്ധി-
കുളിച്ചീടുകില്‍
ഒലിച്ചു പോയീടുമെങ്കിലാ-
ജാതിയുമെനിക്ക് വെറുപ്പാണ് ...

കല്‍ദൈവത്തിന്‍റെ
കൈയറ്റുപോയി  ...
താഴ്ന്നകുല ജാതിതന്‍
തീണ്ടലും ...
ആര്‍ത്തവസ്ത്രീതന്‍
അശുദ്ധിയുമെന്നു -
പ്രശ്നംവച്ച കണിയാനുരച്ചു ....
മാസങ്ങളോളം കുളിക്കാതൊരു-
തൊരപ്പന്‍ ശ്രീകോവിലില്‍
കയറിയതും
ഒരു പല്ലി ചത്തു-
കിടന്നതും ആരുമറിഞ്ഞില്ല...
എത്ര കഷ്ടം -
ദൈവത്തിനു പോലുമുണ്ട്  
ഈ അയിത്തം ...
എന്തിനേറെ  പറയുന്നു ,
മനുഷ്യനെ -
മതം കൊണ്ട് തമ്മിലടിപ്പിക്കുന്ന
ജാതികൊണ്ട്‌ തമ്മിലകറ്റുന്ന
ദൈവത്തെയും എനിക്ക്  വെറുപ്പാണ്..

യോതിഷ് ആറന്മുള    

മുറിവ്

നേർച്ചയിൽ അധികവും പോയത് അങ്ങോട്ടാണ് .. ഉരുളി കമഴ്ത്തുമ്പോഴും ഉരുവിട്ടത് ആൺകുട്ടി ആൺകുട്ടിയെന്നാണ് ... ജനിക്കും മുൻപേതന്നെ അവഗണിക്കപ്പെട്ടു ....