Monday, November 12, 2012

മഞ്ഞുതുള്ളി










വിരിയാത്ത
മോട്ടിനുള്ളില്‍ ..
നീയൊരു -
പൂമ്പോടിക്ക് ജന്മം
കൊടുക്കുന്നുണ്ടെന്നു
അറിഞ്ഞതുമുതല്‍,
നിന്നില്‍ വീണലിയുവാന്‍
വേണ്ടി -
ഇതളിനടിയില്‍
ഒരു മഞ്ഞു തുള്ളിയായ്
പിറവിയെടുക്കാന്‍ -
തപം ചെയ്യുകയായിരുന്നു,
ഞാന്‍ ...


Friday, November 9, 2012

ചോറൂണ്















കണ്ണീരില്‍ വെന്തൊരുപിടി-
ചോറൊരല്‍പ്പം വിഷം ചേര്‍ത്ത്
കുഞ്ഞിനു പകര്‍ന്നവള്‍ തേങ്ങി ....
അമ്മയെന്ന വിശ്വാസത്തിനേല്‍പ്പിക്കുന്ന ക്ഷതം.
അവളുടെ ഇട നെഞ്ചില്‍
ഒരു നെടുവീര്‍പ്പ് വീണു പിടഞ്ഞു ....
മകളെ ക്ഷമിക്കുക ...
പെരുവഴിയില്‍ ആദ്യത്തെ അന്നത്തില്‍
അവസാനം കുറിച്ച പാപിയോടു പൊറുക്കുക....
ഇവിടെ നിനക്ക് വേണ്ടി -
നഖക്ഷതങ്ങളും ബീഡിക്കറ പുരണ്ട-
രാത്രികളും
മദ്യത്തിന്‍റെ ലഹരി തീര്‍ക്കുന്ന
ബീജങ്ങളും അല്ലാതെ
മറ്റൊന്നും കാത്തിരിക്കുന്നില്ല ..
ശകുന പറമ്പിലെ മാലിന്യമല്ലാതെ -
മറ്റൊരു സ്വപ്നവും നിന്‍റെ
വയര്‍ നിറക്കില്ല....
പാകമെത്തും മുന്‍പ്,
നിന്‍റെ മടിക്കുത്തിലും -
അവന്‍ ദാഹമോളിപ്പിക്കും ...
ഇരുളിന്‍റെ മറതേടി
ഏതെങ്കിലും ഓടയില്‍,
നിന്‍റെ - പൊക്കിള്‍ക്കൊടിതുമ്പില്‍ നിന്നും
നീയും ജീവന്‍റെ തുടിപ്പുകള്‍ അറുത്തിടും....
ഒടുവില്‍ പാപങ്ങളുടെ വിഴുപ്പും പേറി
പിഴച്ചവളെന്നു  മുറിവേറ്റു  -
തെമ്മാടിക്കുഴിയില്‍
ഒടുങ്ങേണ്ടി വരും ..
വയ്യ കുഞ്ഞേ ...
നിനക്ക് വേണ്ടി - ഇതല്ലാതെ
മറ്റൊന്നുമീ  അമ്മക്ക്  ചെയ്യാന്‍ കഴിയില്ല...
ആദ്യത്തെ അന്നത്തില്‍ നിന്‍റെ -
അവസാനം കുറിച്ച പാപിയോടു -
നീ ക്ഷമിച്ചേക്കുക...


                                                      യോതിഷ് ആറന്മുള  

Thursday, November 8, 2012

നിന്‍റെ അടയാളങ്ങള്‍














കൊണ്ടുപൊയ്ക്കോളു...
എന്നില്‍ അടയാളപ്പെടുത്തിയിരിക്കുന്ന -
നിന്നെ അങ്ങനെ തന്നെ ,
നീ കൊണ്ടുപൊയ്ക്കോളുക...
പക്ഷെ - നിന്‍റെ അടയാളങ്ങള്‍ തേടി
എന്‍റെ ഹൃദയത്തില്‍ നിന്നും,
സിരകളിലൂടെ രോമാഗ്രങ്ങള്‍ വരെ
നിനക്ക് സഞ്ചരിക്കേണ്ടിവരും.....
നെഞ്ചില്‍ ആഴ്ന്നമര്‍ന്ന -
വേരുകള്‍ അറുത്തു നീ - നിന്നെ
പറിച്ചെടുത്തു കൊള്‍ക...
പിന്നെ നിനക്കിഷ്ടമുള്ളിടത്ത്
നട്ടുനനച്ചു വളര്‍ത്തുകയുമാകം  ....
എങ്കിലും  അല്പമാത്രയെങ്കിലും
ഒന്നു നില്‍ക്കണേ ,
അടിവേരുകള്‍ നഷ്ടപ്പെട്ട്
പ്രാണന്‍ പൊലിഞ്ഞെന്ന് ഉറപ്പാകും വരെ,
നിനക്കായ്‌ - മിടിപ്പുകള്‍,
അവശേഷിപ്പിച്ചൊരീ ഹൃദയം
പുഴുവരിക്കും മുന്‍പ്
ഒരുപിടി മണ്ണിട്ട്‌   മൂടുവാനെങ്കിലും ....
അങ്ങനെ - നിന്‍റെ
ഓര്‍മകളുടെ ശ്മശാനത്ത്
എന്നെ കൂടി ചേര്‍ത്തുകൊള്‍ക  ...


                                      യോതിഷ് ആറന്മുള

Wednesday, November 7, 2012

ഫോസിലുകള്‍











ഇന്നുള്ളവര്‍ - പുഴ ഒഴിഞ്ഞിടത്ത്,
കിണര്‍ കുഴിച്ച നേരത്തെപ്പോഴോ-
മണ്ണിലുറഞ്ഞുപോയ
കുറെ ഫോസിലുകള്‍ കണ്ടെടുത്തു...
ഗവേഷകര്‍ അത്ഭുതം കൂറി  പറഞ്ഞു.
യുഗന്തരങ്ങള്‍ക്ക് മുന്‍പെന്നോ  -
ഇവിടെ കുറെ  " മനുഷ്യര്‍ " ജീവിച്ചിരുന്നു....
അവരുടെ തലയോട്ടികളില്‍ നിന്നും
ഭാരത സംസ്കാരത്തിന്‍റെ  -
കണികകള്‍ കണ്ടെടുത്തു...
ചുരുട്ടി പിടിച്ചിരുന്ന ഉള്ളം കയ്യില്‍
കുറെ വാക്കുകള്‍
കോറിയിട്ടിരുന്നു ..
സ്ത്രീ  അമ്മയാണ് ദൈവമാണ്
അവള്‍ എന്‍റെ കൈയ്യില്‍ സുരക്ഷിതയാണ് ....
അരക്കെട്ടില്‍ പൊതിഞ്ഞു സൂക്ഷിച്ച -
മനസ്സെന്ന പൊതിക്കെട്ടിനുള്ളില്‍
നിറയെ സ്നേഹമായിരുന്നു..
ഗവേഷകന്‍റെ അരകെട്ടില്‍ -
എത്ര തപ്പിയിട്ടും ഒരു കത്തിയില്‍
കൈ ഉടക്കിനിന്നു ..
ഹൃദയമൊഴിഞ്ഞിടത്ത്
ഇപ്പോള്‍ മുതല്‍ എന്തോ - മിടിക്കുന്നുണ്ട്‌
ആ മിടിപ്പിന്‍റെ അവ്യക്തതാളം-
പറയുന്നതെന്തെന്ന് അവസാനമവര്‍
കണ്ടെത്തി..........  മാനിഷാദ

                                            യോതിഷ് ആറന്മുള

Tuesday, November 6, 2012

പരിചാരകര്‍










നാറുന്ന ദുഷ്പ്രഭുത്വം -
ദുഷിച്ചു തുപ്പുന്നത് അങ്ങനെയാണ് ,
വെറും പരിചാരകര്‍ ....

ഒന്നോര്‍തോളൂ-
നീയും ഞാനും ഉള്‍പ്പെടുന്ന
സമൂഹം ഒന്നാകെ പിറന്നു വീണത്‌ -
ഈ മാലാഖമാരുടെ കൈകളിലേക്കാണ്...
ഭൂമിയില്‍ - അമ്മക്ക് മുന്‍പേ
എന്നെ താങ്ങിയവര്‍ ....
ബന്ധുക്കള്‍ ഉപേക്ഷിച്ച,
തളര്‍വാതം പിടിച്ച പാടു വൃദ്ധന്‍റെ-
വിസര്‍ജ്യങ്ങളില്‍ കുടുങ്ങിക്കിടന്നിട്ടും ,
കുഷ്ഠ രോഗിയുടെ മുറിവുണക്കിയിട്ടും,
അമ്മയോളം -
പരിചരണം നല്‍കിയിട്ടും,
പുച്ഛം ഏറ്റുവാങ്ങാന്‍ വിധിച്ചവര്‍. ....

ജീവിതത്തിന്‍റെ ഉടഞ്ഞുപോയ  മഴവില്‍ -
വര്‍ണങ്ങളെ തുന്നിചെര്‍ക്കുവാന്‍ ....
ജപ്തിയെത്തുന്ന ദിവസം
തറവാട്ടു മുറ്റത്ത്‌ -
അമ്മയും അച്ഛനും അനുജനും
തണുത്തുറഞ്ഞു കിടക്കുന്നത് -
കാണാതിരിക്കുവാന്‍ ......
ഇപ്പോഴും - ഉറങ്ങാതെ അവര്‍ ....
ദൈവത്തിന്‍റെ മാലാഖമാര്‍ ....


                                                         യോതിഷ് ആറന്മുള

Monday, November 5, 2012

കളിയരങ്ങ്










ആട്ടവിളക്കണഞ്ഞിട്ടും
കൂടെ ആടിയവര്‍ ശുദ്ധ നൃത്തചുവടുകള്‍ വച്ച്
കലാശം  ചവുട്ടി പിരിഞ്ഞിട്ടും -
ഞാന്‍ ആടുകയാണ്...
തിരശ്ശീലയ്‌ക്ക് പുറകിൽ-
ചമയങ്ങള്‍ അഴിഞ്ഞു വീണ്- നഗ്നനായ് ..
അരങ്ങിനും ആട്ടവിളക്കിനും
അറിയാത്ത വേഷം ..
രാജസ കഥാപാത്രങ്ങളില്‍ ജീവിച്ച ദരിദ്രന്‍റെ,
രാക്ഷസ കഥാപാത്രങ്ങളില്‍ -
ജീവിച്ച സാത്വികന്‍റെ,
അരങ്ങറിയാതെപോയ-
ജീവിതവേഷം ...
അരങ്ങില്‍ സംസാരിക്കാത്ത-
കഥാപാത്രങ്ങള്‍ക്കുള്ളില്‍ ,
നീറുന്ന ജീവിത കഥകള്‍ക്ക് കൈ മുദ്ര പകര്‍ന്നു
ചിരിക്കുന്ന കത്തിവേഷം ...
ഇഷ്ടദേവതാ പൂജയ്ക്ക് -
തോടയം കെട്ടിയാടിയിട്ടും
ആയിരം അരങ്ങുകളില്‍ പൂതനാമോക്ഷം -
നിറഞ്ഞാടിയിട്ടും,
ജീവിതവേഷത്തിനു -
മോക്ഷം  ലഭിക്കുന്നതേയില്ല....


                                               യോതിഷ് ആറന്മുള 

Friday, November 2, 2012

മണ്ണുതിന്നുന്നവര്‍



വയറു കത്തിക്കാളുന്നു...
അവസാന തുള്ളി രക്തവും മകന്‍റെ വായിലേക്ക് ഇറ്റിച്ചു -
അമ്മപിടഞ്ഞു വീണു.
അവളുടെ ചേതനയറ്റ കണ്ണുകള്‍ -
കൊടിയ ദാരിദ്ര്യത്തിലേക്ക് മകനെ  തള്ളിവിട്ടതിന്
മാപ്പിരക്കുന്നുണ്ടായിരുന്നു...

ആമാശയം കരളു കാര്‍ന്നു തിന്നാന്‍ തുടങ്ങിയിരിക്കുന്നു..
ഇപ്പോള്‍ അവന്‍റെ ഹൃദയം ഊറ്റിക്കുടിക്കാനും.
പുറകില്‍ ആരോ പതുങ്ങുന്നുണ്ട്....
ഉറവ വറ്റിയ മണലില്‍ -
വേനല്‍ അരിച്ച ശരീരത്തിലെ അവസാന ശ്വാസത്തെ
അപ്പാടെ കവരാന്‍...
തക്കം പാര്‍ത്ത് ഒരാള്‍...............
മരണാനന്തരം ഒരുപിടി മണ്ണെന്ന കര്‍മം
മണ്ണുതിന്നു കര്‍മം തീര്‍ക്കുന്നവര്‍.......... ...

അതുകൊണ്ട് തന്നെ
അടിപ്പെട്ടവന്‍റെ പാത്രത്തില്‍  -
നിറയെ ദാരിദ്ര്യം വിളമ്പിയ ദൈവത്തോട്
എനിക്ക്  പുച്ഛമാണ്...
കുബേരന്‍റെ പണപ്പുരയില്‍
അഹങ്കാരം നിറച്ച ദൈവത്തോടും ...

                                                   യോതിഷ് ആറന്മുള

മുറിവ്

നേർച്ചയിൽ അധികവും പോയത് അങ്ങോട്ടാണ് .. ഉരുളി കമഴ്ത്തുമ്പോഴും ഉരുവിട്ടത് ആൺകുട്ടി ആൺകുട്ടിയെന്നാണ് ... ജനിക്കും മുൻപേതന്നെ അവഗണിക്കപ്പെട്ടു ....