Thursday, February 28, 2013
ഒരു കപ്പ് ചായയുടെ ഓര്‍മയ്ക്ക്
പത്താം തരത്തില്‍ പഠിക്കുമ്പോള്‍
കാച്ചിയ എണ്ണയുടെ മണമുള്ള റോസിയോടു
അയാള്‍ക്ക് തോന്നിയ ഇഷ്ടം ...
അവളുടെ കസിനായ റോഷന്റെ സിക്സ് -
പായ്ക്കിനു മുന്‍പിലാണ്
കുഴിവെട്ടി മൂടിയത് ......
ഇന്നലെ അയാള്‍ തലമൂത്ത-
കാരണവര്‍ക്കൊപ്പം,
അവളുടെ വീട്ടില്‍ കയറി ചെല്ലുമ്പോള്‍,
റോഷന് ഉള്‍പ്പെടെ എല്ലാവരും ഉണ്ടായിരുന്നു ...
എന്നിട്ടും - അവളുടെ മുഖത്തുനോക്കി,
ഇഷ്ടമാണെന്ന് പറയാനുള്ള -
ധൈര്യം സ്വരൂപിക്കാന്‍ മാത്രം എന്തുമരുന്നാണ്,
അവള് പകര്‍ന്ന -
ഒരു കപ്പ് ചായക്കുണ്ടായിരുന്നത് .....
യോതിഷ് ആറന്മുള
Wednesday, February 20, 2013
ഓര്‍മയിലെ ബാല്യം
ഗ്ലാസ്സില്ലാത്ത -
വട്ടകണ്ണടക്കുവേണ്ടി ഞാനും
വാശിപിടിച്ചു കരഞ്ഞിട്ടുണ്ട് ....
സമയം കൃത്യമായി-
കാണിക്കില്ലെങ്കിലും
എനിക്കും വേണമായിരുന്നു
അപ്പുറത്തെ കുഞ്ഞികുല്‍സുവിന്റെ
പോലത്തെ പൊട്ടവാച്ച് ..
പിന്നെയൊരിക്കല്‍
തേന്മാവിന്റെ കൊമ്പിലെ
ചില്ലയില്‍ ഒളിച്ചു കളിക്കുന്ന,
കള്ളക്കാറ്റിനെ ഓടിച്ചിട്ടു-
വട്ടം കറക്കണമെന്നു പറഞ്ഞു
അച്ഛനെയും പൊതിരെ തല്ലി...
ഒടുവില്‍ - വടക്കേലെ കണാരേട്ടന്
തേങ്ങയിടാന്‍ വന്നപ്പോള്‍
അച്ഛന് പറഞ്ഞു ..
ഒരു പച്ചോലകൂടി ഇട്ടേക്ക്.
ചെക്കനിപ്പോ -
ഓലക്കളിപ്പാട്ടത്തിലാണ് കമ്പം ...
യോതിഷ് ആറന്മുള
Friday, February 15, 2013
അതിര്‍വരമ്പുകള്‍ .......
മരണം കുടിച്ചിറക്കി -
അവരുടെ പ്രണയം ,
രണ്ടു മതങ്ങളെ തോല്‍പ്പിച്ചു ..
തെക്കോട്ടുള്ള യാത്രയില്‍
ഇടവഴിയില്‍ വെച്ച് ,
പ്രണയത്തിന്റെ അവശേഷിപ്പുകളില്‍ ഒന്ന്
ഖബറിടം ലക്ഷ്യമാക്കിയും,
മറ്റൊന്ന് തെക്കെകണ്ടത്തിലെ പച്ച മണ്ണിലേക്കും
വേര് പിരിഞ്ഞു ...
ആത്മഹത്യ ചെയ്ത പാപം - അവരെ,
നരകത്തിലേക്കെത്തിക്കുകയുള്ളു എന്ന് മതം....
അവിടെയെങ്കിലും -
ഒന്നാകുമെന്നു കരുതി - പക്ഷെ
മതത്തിന്റെ ശക്തമായ ഇടപെടല്‍
അവരെ രണ്ടു നരകത്തിലേക്ക്
വലിച്ചിട്ടു ...
യോതിഷ് ആറന്മുള
നോട്ട്: ഇനി എല്ലാ മതങ്ങള്‍ക്കും കൂടി ഒരു സ്വര്‍ഗ്ഗം / ഒരു നരകം എന്ന് മാത്രം വാദിക്കരുതെ...
Wednesday, February 13, 2013
ഇങ്ങനെയും ചിലര്‍
കൃഷ്ണേട്ടാ ...
ഞാനീ വീട്ടില്‍ വന്നകാലം മുതല്‍
കൃഷ്ണേട്ടനാണല്ലോ എന്റെ വീടിനു കാവല്‍ ...
എന്നിട്ടിപ്പോള്‍ ,
വീട് മലപ്പുറത്തുള്ള നമ്മുടെ -
ചങ്ങായിക്കു വില്‍ക്കുന്നു
പറഞ്ഞപ്പോള്‍ മുതല്‍
വീട്ടിലെ മൂത്തകാരണവര്
പറയുന്ന പുകില് ... കേട്ടോ?
ചങ്ങായീടെ
പുരകാക്കണയാള്
മുഹമ്മദ് ആണെങ്കില്‍ -
വില്ക്കാന് മേനക്കെടണ്ടാന്നു...
മറ്റൊരു കൃഷ്ണനോ ശിവനോ
കാവലേല്‍പ്പിക്കുന്നവന്
കൊടുത്താല്‍ മതി പോലും ...
"എന്റെ മതം ഈ വീടിന്റെ ഐശ്വര്യം "
പരമകഷ്ടം തന്നെ...
യോതിഷ് ആറന്മുള
Thursday, February 7, 2013
വിലക്കയറ്റം
എന്നെ ചുട്ടു പൊള്ളിച്ചു കൊണ്ട്
അവര്‍ കത്തിച്ചു വിട്ടൊരു റോക്കറ്റ്
താഴേക്കുള്ള വഴി മറന്നു നില്ക്കുന്നു ........
ദൈവവിശ്വാസി
അമ്മയെ വൃദ്ധസദനത്തില്‍
കൊണ്ടാക്കി വരുമ്പോള്‍
മാതാവിന്റെ മുന്പില്
ഒരു മെഴുകുതിരി -
കത്തിക്കാന്‍ അയാള്‍ മറന്നില്ല....
കൊണ്ടാക്കി വരുമ്പോള്‍
മാതാവിന്റെ മുന്പില്
ഒരു മെഴുകുതിരി -
കത്തിക്കാന്‍ അയാള്‍ മറന്നില്ല....
Tuesday, February 5, 2013
ലേഡീസ് ഷോപ്പ്
എന്റെ ലേഡീസ് ഷോപ്പിനു മുന്പില്
ഭിക്ഷയെടുക്കുന്ന പെണ്‍കുട്ടി ,
ഇങ്ങോട്ട് നോക്കാറേയില്ല ...
ചാന്തുപൊട്ടും കരിമഷിയും
കുപ്പിവളകളുമില്ലെങ്കിലും,
അവള് ജീവിക്കുന്നുണ്ട് ....
അവളുടെ താളിയുണങ്ങിയ
തലമുടിക്കു മുന്പിലൂടെയാണ്
പലപ്പോഴും -
ഇന്ദുലേഖ നാണിച്ചിറങ്ങിപോയത് ....
ഫോറിന്‍പൗഡറും ,
ഫേസ്ക്രീമുകളും
വാസന തൈലവും
അവളില്‍ ഒരു സ്വപ്നവും നിറയ്ക്കുന്നില്ല ...
വിശപ്പില്ലാതെ ഒന്നുറങ്ങാന്‍ കഴിഞ്ഞാല്‍
ഈ ഷോപ്പില്‍ കയറിയില്ലെങ്കിലും
ജീവിക്കാമെന്നവള്‍ സമൂഹത്തോട് -
നിരന്തരം കലഹിച്ചു,
കൊണ്ടിരിക്കുന്നു....
ഞാനുള്‍പ്പെടുന്ന പുരുഷവര്‍ഗം
സ്ത്രീയുടെ സൗന്ദര്യബോധത്തെ -
പരമാവധി ചൂഷണം ചെയ്തിട്ടും
ആ പെണ്‍കുട്ടി മാത്രം
ഇങ്ങോട്ട് നോക്കുന്നതേയില്ല ....
യോതിഷ് ആറന്മുള
Wednesday, January 30, 2013
അയല്ക്കാരന്
അയല്ക്കാരന്
കഴിഞ്ഞാഴ്ചയായിരുന്നത്രേ...
കവിയായിരുന്നു എന്നാണ് കേട്ടത്...
വളരെ അടുത്ത് ,
അപരിചിതത്തിന്റെ -
വേലിക്കപ്പുറം
ഒരു കവി,
ഹൃദയംപൊട്ടി മരിച്ചിട്ടും
ഞാന്‍ അറിഞ്ഞില്ല ....
അച്ഛന്റെ -
സഞ്ചയന കുറിപ്പുമായി വന്ന
അയല്‍ക്കാരനോട്
തോന്നിയ പരിചയം ;
മുഖപുസ്തകത്തിലെ
സൗഹൃദ പട്ടികയില്‍
ചിരിച്ചു കൊണ്ടിരിക്കുന്നുണ്ട് ....
ഹാ എത്ര കഷ്ടം ..?
എനിക്ക് തീരെ
അപരിചിതമായിപ്പോയ,
അതിനിഗൂഡ രാഷ്ട്രമായിമാറിയിരിക്കുന്നു
ഇന്നെന്റെ അയല്ക്കാരന് ....
യോതിഷ് ആറന്മുള
Monday, January 28, 2013
പ്രണയത്തിന്റെ ദേവത
ഇന്നലെ സ്വപ്നത്തില്‍ വന്നിരുന്നു...
തൊടിയില്‍ വിടരുവാന്‍ മറന്നു നിന്ന-
പനിനീര് പൂവിനെ,
ചുംബിച്ചുണര്‍ത്തുമ്പോളാണ്
എനിക്ക് മുന്പില് അവതരിക്കപ്പെട്ടത് ...
ഞാനൊരു അപരിചിതനെപ്പോലെ
പിന്തിരിയാനൊരുങ്ങുമ്പൊള്‍
പ്രണയത്തിന്റെ ദേവതയാണെന്നു-
പറഞ്ഞെന്നെ വാഗ്വാദത്തിന് ക്ഷെണിച്ചു..
പ്രണയത്തെ കുറിച്ച് ചോദിച്ചപ്പോഴൊക്കെ -
ജനുവരിയിലെ മഞ്ഞില്‍ നനയാനും
ഏപ്രിലില്‍ പൂക്കുന്ന ലില്ലിപ്പൂക്കള്‍ക്കൊപ്പം
വെയിലുകായനും
ജൂണിലെ മഴയില്‍ കുതിരാനും പറഞ്ഞു ...
പൂക്കാലമൊരുങ്ങും മുന്‍പ്
കൊഴിഞ്ഞുപോയ വസന്തത്തെ കുറിച്ച് ,
പെരുമഴയില്‍ എന്റെ കുടക്കീഴില് നിന്നും
ഇറങ്ങിപ്പോയ മഴക്കാലത്തെ കുറിച്ച് ,
ഇടവഴിയിലെ വെയിലില്‍
കരിഞ്ഞുപോയ -
ലില്ലിപ്പൂക്കളേക്കുറിച്ച് ,
ഓര്‍മകളുടെ പൂന്തോപ്പില്‍
വര്‍ണങ്ങളവശേഷിപ്പിച്ചു -
മടങ്ങിയെത്തിയ
കറുത്ത പനിനീര് പൂവുകളെ കുറിച്ച് ,
പറയും മുന്‍പുതന്നെ
പനിനീര് പൂവിലെ ശേഷിച്ച
കറുപ്പ് നിറം കൂടി കട്ടെടുത്തെടെയോ -
മറയുകയും ചെയ്തു...
യോതിഷ് ആറന്മുള
Thursday, January 24, 2013
Wednesday, January 23, 2013
നിസ്സാരന്

ആര്‍ക്കും വേണ്ടാത്ത ആദര്‍ശങ്ങള്‍
പുലമ്പി നടന്നവനെന്നു പറഞ്ഞ് -
ആരുമെന്നെ കുറ്റപ്പെടുത്തരുതേ...
വരും തലമുറയ്ക്ക് വേണ്ടി
ഒന്നും ചെയ്തില്ലെന്നും
പറഞ്ഞേക്കരുത് ...
ഞാനും വറ്റി തുടങ്ങിയ -
പുഴയില്‍ നിന്നും
മണ്ണ് കട്ടുവാരിയാണ്
കെട്ടുറപ്പുള്ളോരു വീട് പണിതത് ....
എനിക്കും എന്റെ മക്കള്‍ക്കും
താമസിക്കാം ....
കൊച്ചുമക്കള്‍ ഓലമെടഞ്ഞു -
കുടിലുകെട്ടി ജീവിക്കുമായിരിക്കും,
അതെന്തെങ്കിലുമാകട്ടെ .....
നിങ്ങള്‍ക്കൊപ്പം ഒന്നിനും കൂടിയില്ലാന്നു-
പരാതി പറയരുത്...
പുഴമലിനമാക്കാനും ,
മാലിന്യക്കുന്നുകളിലെന്റെ
കൈയൊപ്പ് ചാര്‍ത്താനും,
ഇരുള് വീഴുന്നത് വരെ
ഞാനും കാത്തിരുന്നിട്ടുണ്ട് ..
എന്നിലെ ചിത്രകാരന്
ഉണര്‍ന്നു പ്രവര്‍ത്തിച്ചപ്പോഴൊക്കെ -
ഞാന്‍ കോറി വരച്ച കാന്‍വാസുകളില്‍
എനിക്ക് മുന്‍പാരോ
വികലമായ അക്ഷരങ്ങള്‍കൊണ്ട്
പരസ്യം പതിക്കരുതെന്നെഴുതി -
വച്ചെന്നെ കളിയാക്കിയിരുന്നു....
എന്നിട്ടും ഞാന്‍ വരച്ചില്ലേ...
കുറെ നഗ്നചിത്രങ്ങള്‍ ...
പൊതു ശൌച്യാലയങ്ങളിലെ
ചുവരുകളില്‍ -
എന്നിലെ കവി പാടിയിട്ടുണ്ട്
വേശ്യയുടെ കൊട്ടാരത്തിലെ -
പൂന്തോപ്പുകളെ കുറിച്ച് ...
വിഷം പുരട്ടിയ അമ്പുകളുമായി
വേട്ടയ്ക്ക് വന്ന കാട്ടാളന്മാരെക്കുറിച്ച് ...
ഉല്ലസിക്കാന്‍ വന്ന
രാജാക്കന്മാരെ കുറിച്ച് ....
തണല്‍ മരങ്ങള്‍
വച്ചുപിടിപ്പിച്ചിടത്തെല്ലാം
എന്നിലെ ശുനകന് കാലുകള്‍
പൊക്കി മൂത്രം ചുരത്തി -
ഉണക്കി കളഞ്ഞിട്ടുണ്ട്...
എന്തോ -
ഓര്മ വച്ച കാലം മുതല്‍
ഓസോണ്‍ പാളികളോടെനിക്ക്
വലത്തൊരു വെറുപ്പാണ് .
ഇല്ലാത്ത പ്ലാസ്റ്റിക് തേടിപ്പിടിച്ചു
കത്തിച്ചു ദിനതോറും പണികൊടുത്തില്ലെങ്കില്‍
ഉറക്കം വരാറില്ല ....
കേട്ടോ ?
വരും തലമുറയ്ക്ക് വേണ്ടി
ഞാനൊന്നും ചെയ്തില്ലെന്നു മാത്രം
ഇനി പറഞ്ഞേക്കരുത് ...
യോതിഷ് ആറന്മുള
Sunday, January 20, 2013
ആത്മഹത്യ
മരിക്കും വരെ -
എന്നില്‍ ജീവനുണ്ടായിരിക്കുമല്ലേ ....
പക്ഷെ - ഒരു സംശയം ?
വണ്ടിച്ചക്രത്തിനും
മരണത്തിനുമിടയിലെ
പ്രാണന്റെ പിടച്ചില്‍ -
ഒരായിരം പേര്ക്കിടയില് നോക്കി
നില്ക്കുമ്പോള് .....
തല വെട്ടി കൈ വെട്ടി
പിന്നെണ്ണം മറന്നു വെട്ടി -
നുറുക്കിയിട്ട് -
രക്തസാക്ഷിക്ക്
ചെങ്കൊടി പുതപ്പിക്കുമ്പോള്‍ ...
ആളൊഴിഞ്ഞ തെരുവില്‍
തിരക്കേറിയ നഗര വീഥികളില്‍
കാട്ടു പൊന്തക്കുള്ളില്‍
ഓടുന്ന വണ്ടിയില്‍ ..
എന്തിനെന്റെ വീട്ടില്‍
പോലും അവളുടെ വേദന
തിന്നുദ്ധരിക്കുമ്പോള്‍ ....
ചെറു ചൂണ്ടയില്‍
വിരജീവിതം കോര്‍ത്തു -
പുഴമീനിന്റെ
തൊണ്ട കുത്തി
കളിക്കുമ്പോള്‍ ...
രാവ് പുലരുന്നതിന് മുന്‍പ് -
കഴുത്തോടിച്ചു പൂവന്റെ
കൂവലവശേഷിപ്പിക്കുമ്പോള്‍ ...
തൊട്ടു തലോടി
കറന്നെടുത്തൊക്കെയുമൂറ്റി -
കുടിച്ചോടുവില്‍,
കൈ കാലുകള്‍ കെട്ടി
നിസ്സഹായതയുടെ
നിലവിളിപോലും
കേള്‍ക്കാതറയ്ക്കാതെ -
ഉടലില്‍ നിന്നും തല അറുത്തു -
മാറ്റുമ്പോള്‍ ......
അപ്പോഴൊക്കെ എന്നില്‍
ജീവനുണ്ടയിരുന്നോ?
ഹേയ്.. അങ്ങനെ അല്ല..
നാം തന്നെ ചുടലക്കാട്ടില്
ചുട്ടു കരിക്കുന്നുണ്ട്
നമ്മുടെ മനസ്സും
ശരീരവും ......
ചിന്ത നശിച്ച്,
പ്രതികരണശേഷി മരവിച്ച് ,
വിവേചന ബുദ്ധിയില്ലാത്ത -
പ്രേതം കണക്കെ....
ഇടയ്ക്കൊക്കെ മരിക്കാറുണ്ട് നമ്മള് ....
യോതിഷ് ആറന്മുള
Wednesday, January 16, 2013
ഈര്‍ക്കില്‍
ഇന്നലെ കേട്ടത്.....
നിരപരാധിയുടെ
ജനനേന്ദ്രിയത്തില്‍
തിരുകികയറ്റിയ ഈര്‍ക്കില്‍
അവനെക്കൊണ്ട് കുറ്റസമ്മതപത്രം
എഴുതിവാങ്ങിച്ചു ....
അലമാരയിലെ
പണവും പണ്ടവും മാത്രമല്ല,
കളസമടക്കം മോഷ്ടിച്ചത് ഞാനാണ് ....
ഇന്ന് കേള്‍ക്കുന്നത്.......
ഇരുട്ടിന്റെ മറവില്‍
കറുത്ത ചരിത്രം കുറിച്ചിട്ട്
ദില്ലിയിലെ തെരുവില്‍ നിന്നും
സുഖ വാസകേന്ദ്രത്തിലേക്ക്
പോയവര്‍,
വടിച്ചു നക്കിയ -
ബിരിയാണി പാത്രത്തിന്
പിന്നില്‍ ഇരുന്നു -
പല്ലിട കുത്തി ചിരിക്കുന്നു ....
യോതിഷ് ആറന്മുള
Friday, January 11, 2013
പുഴ പോയി ഒളിച്ചത്
അവന്റെ അത്യാര്‍ത്തിക്ക്
മുന്നില്‍ നിന്നുമാണ്
പുഴ പോയി ഒളിച്ചത്...
ഉറവ വറ്റിയ -
മണല്‍ക്കാടുകള്‍ക്കിടയില്‍
ഒരു കള്ളിമുള്‍ ചെടി
യാത്ര തുടങ്ങിയിരിക്കുന്നു ...
വെയില് പൂക്കുന്ന താഴ്വരയില്
മഴവരുന്നതും കാത്ത് ഉണ്മ -
ഉണങ്ങിയും ,
കോണ്‍ക്രീറ്റ് മരങ്ങള്‍ക്കിടയില്‍
മാലിന്യം നിറഞ്ഞൊരു
തോട് ഒഴുകാതെയും ,
കെട്ടി കിടക്കുന്നു ...
അമ്മയുടെ ചേല
വലിച്ചുരിഞ്ഞു -
ഒക്കെയുമൂറ്റി കുടിച്ചെങ്കിലും ,
നിണമുണങ്ങിയ മാറില്‍ നിന്ന് -
അവന്റെ ആര്‍ത്തിക്ക്
ഒട്ടുവകയില്ലാതെ ...
ഇടയ്ക്കിടെ ഉറവ പൊടിയുന്നുണ്ട് ...
പക്ഷെ -
മണല്ക്കാടുകളില്
പൂക്കുന്ന വെയിലിനും,
കള്ളിമുള്‍ ചെടിക്കും
ഒരു മാത്ര നുണയുവാന്‍ പോലും കിട്ടാതെ -
പേരിനു പൊലുമൊഴുകതെയും
ഉറവയില്‍ തന്നെ -
ഒളിക്കുന്നു പുഴ ...
യോതിഷ് ആറന്മുള
Friday, January 4, 2013
സംവിധായകന്
പെണ്ണിന്റെ വേദന
നീരുവന്നു കല്ലിച്ചതാണ്
മുലയെന്നു കാണിച്ചു -
കൊടുക്കാനാണ് ഞാന്‍
സിനിമ എടുത്തത് ....
കാമകൊതിപൂണ്ട
നോട്ടങ്ങളിലേക്കാണ്
അവളുടെ മുലകള്‍
പ്രദര്‍ശിപ്പിച്ചു
തിന്നാന്‍ പറഞ്ഞത് ......
പെണ്ണിന്റെ നോവുകളില്‍
നിന്നുമാണ് ഒരു ജന്മം
പിറവിയെടുക്കുന്നതെന്നു
സാക്ഷ്യപ്പെടുത്താനാണ്
ലേബര്‍ റൂമിലേക്ക്
കാഴ്ചയെ ക്ഷെണിച്ചത്.......
ഒളിഞ്ഞും തെളിഞ്ഞും
അവളുടെ ആഴങ്ങളില്‍
നിന്നും അവന്
ജീവിതം കട്ടെടുക്കാന്‍
തുടങ്ങിയിടത്തേക്കാണ്
കോട്ടയത്ത് നിന്നും
ഒരു 22 കാരിയെ
അവന്റെ അരികിലേക്ക്
പറഞ്ഞയച്ചത് ....
സെന്‍സര്‍ ചെയ്യേണ്ടുന്ന
കാമരംഗങ്ങളില്‍
അവന്റെ ലിംഗം
അറുത്തു മാറ്റികൊണ്ട്
സെന്‍സര്‍ ബോര്‍ഡിന്റെ
പണികൂടി അവളെ -
ഏല്‍പ്പിക്കുമ്പോള്‍
പ്രത്യാശയുടെ ഒരു വിത്തെന്നില്‍
കുഴിച്ചിട്ടിരുന്നു ... പക്ഷെ !!
യോതിഷ് ആറന്മുള
Thursday, January 3, 2013
ചൊവ്വാദോഷം
മകന്റെ നക്ഷത്രം
കണിയാന്റെ
നാക്കിലിട്ടു തട്ടി -
ഒരു കവടിയിലെക്കും വലിചെറിയാന്‍
കൊടുക്കരുതെന്ന്
അവന്റെ അച്ഛനോട് ആയിരം വട്ടം
പറഞ്ഞതാണ് -കേട്ടില്ല...
കണിയാന് പറഞ്ഞ
കവടിക്കഥ വിശ്വസിക്കരുതെന്നും
പറഞ്ഞതാണ് അതും കേട്ടില്ല...
എന്നിട്ടിപ്പോള്‍
വേലയ്ക്കു പോകാത്ത
മകനെ ശാസിക്കുമ്പോള്‍
എന്തെ അച്ഛന്
ചൊവ്വാദോഷം മറക്കുന്നു....
അച്ഛന്റെ മുറിപ്പെടുത്തുന്ന
വാക്കുകള്‍
ചൊവ്വാദോഷം
കൊണ്ട് കേള്‍ക്കേണ്ടിവരുന്നതാണന്നെന്തേ
മകനെ നീയും വിശ്വസിക്കാത്തൂ....
ചൊവ്വാഴ്ച മുഴുവന്‍
കിടന്നുറങ്ങിയിട്ടു
നീ കണിയാന്റെ
വീട്ടില്‍ വേലയ്ക്കു പോ ...
കയ്യില്‍ ചരടും കഴുത്തില്‍
എലസുമായി വരുന്നവരോട്
മുഴുവന്‍ ദോഷം പറഞ്ഞു
കാശ് വാങ്ങി നീ അച്ഛന് കൊടുക്കൂ ...
തീരട്ടെ അച്ഛന്റെ ആധിയും
മകന്റെ ചൊവ്വാദോഷവും .....
യോതിഷ് ആറന്മുള
Saturday, December 22, 2012
അയാളും ഞാനും തമ്മില്‍
ആദ്യം കാണുമ്പോള്‍
മതം പറഞ്ഞു തല്ലുപിടിക്കുന്ന
രണ്ടു കുട്ടികളെ ദേശീയ ഗാനം
പഠിപ്പിക്കുകയായിരുന്നു അയാള്‍ ...
പിന്നീടൊരിക്കല്‍
സന്ധ്യ പൂക്കുന്ന വഴിയില്‍
വിളക്കുകാലിന്നു ചോട്ടില്
വഴിമറന്നു നിന്നിരുന്നു അയാള്‍ ...
വീട്ടുവാതില്‍ക്കലോളം
കൊണ്ടു ചെന്നെത്തിച്ചിട്ടും,
ഒന്നു മുട്ടി വിളിക്കാതെ പോലും -
എനിക്കൊപ്പം
തെരുവിലേക്ക് പോന്നു..
ശീതീകരിച്ച മുറിയില്‍
സഹോദരിയുടെ -
കന്യാച്ചര്‍മത്തിനവകാശം
ചോദിച്ച് അവളുടെ -
ഉടുതുണിയുരിഞ്ഞവനാണ് മകന് ...
മച്ചിലൊരു പൂമാലക്ക് പിറകില്‍
ചിരിച്ചു കൊണ്ടിരിക്കുന്നുണ്ട് മകളെന്നും,
അമ്മക്ക് മൂന്നു നേരം മൗനം
ഉരുട്ടി തീറ്റിക്കുന്നുണ്ടവനെന്നും,
തെരുവിലേക്കുള്ള വഴിയിടങ്ങളില്‍
മൗനം പൊട്ടിവീണ വാക്കുകള്‍ ....
അവസാനമായി അയാളെ കാണുമ്പൊള്‍
നഗരമദ്യത്തില്‍ -
ഓടുന്ന ബസില്‍
പെണ്‍കുട്ടി ബലാല്‍സംഗം ചെയ്യപ്പെടുന്നുണ്ട് ...
തൊട്ടരുകില്‍
ധനിക ബാലന്റെ കയ്യിലെ -
അപ്പം തട്ടിയെടുത്തോടിയ അയാളെ
വളഞ്ഞിട്ടടിക്കുകയാണ് ജനം...
ജയിലില്‍ നിന്നുമാണ് ഒരു ഒറ്റക്കയ്യന്‍
വന്നടിച്ചിട്ടു പോയത് ..
പെണ്‍കുട്ടിയെ പീഡിപ്പിച്ച
കേസില്‍ വിധിപറയുന്ന -
കോടതി വളപ്പില്‍ നിന്നും
അച്ഛനും മകനും അമ്മാവനും
വന്നയാളുടെ മുഖത്ത് കാര്‍ക്കിച്ചു തുപ്പി...
സൂര്യനെല്ലിയിലെ -
സൂര്യകാന്തി പൂവിനെ കുറിച്ച്
കവിത എഴുതിയ വിപ്ലവ കവിയും
ഉണ്ടായിരുന്നു അയാളെ ചവിട്ടാന്‍ ...
അപ്പക്കഷ്ണം നഷ്ട്ടപ്പെട്ട
കാക്കയുടെ സങ്കടത്തെ പറ്റി
എഴുതിയ കവിത ചിരുട്ടി
ഞാനും ഒരടികൊടുത്തു ....
മുഖ്യമന്ത്രിയും മന്ത്രിമാരുമടക്കം
വന്നിരുന്നു...
പരമോന്നത നീതിപീഠം
തെരുവിലേക്ക് ഇറങ്ങിവന്ന് അയാളെ -
മരണം വരെ തൂക്കികൊല്ലാന്‍ വിധിച്ചു ...
യോതിഷ് ആറന്മുള
Wednesday, December 12, 2012
ശവംതീനികള്‍
കോഴിബിരിയാണി
കഴിക്കുന്നതും
സ്വപ്നം കണ്ട്
കടല്‍പ്പുറത്ത്
ആകാശം നോക്കി -
കിടക്കുമ്പോളാണ്
അനാഥമാകുന്ന -
പരല്‍കുഞ്ഞുങ്ങളുടെ
വേദനയോര്‍ത്ത്
ഞാനിന്നും പട്ടിണിയാണെന്ന്
ഒരു പൊന്മാന് വന്നു പറഞ്ഞത്..
തിരതല്ലി മരിച്ച,
മുക്കുവന്റെ പച്ച -
മാംസം തേടി പോകുന്നൊരു -
ശവം തീനിയുറുമ്പ്
എന്നെ കൂട്ടിനു -
വിളിച്ചതും അപ്പോഴായിരുന്നു ....
യോതിഷ് ആറന്മുള
മുറിവ്
നേർച്ചയിൽ അധികവും പോയത് അങ്ങോട്ടാണ് .. ഉരുളി കമഴ്ത്തുമ്പോഴും ഉരുവിട്ടത് ആൺകുട്ടി ആൺകുട്ടിയെന്നാണ് ... ജനിക്കും മുൻപേതന്നെ അവഗണിക്കപ്പെട്ടു ....
-
അറിയതെയെപ്പോഴോ ...... ഹൃദയത്തോട് ചേര്‍ന്ന് മനസ്സിന് ആയങ്ങളില്‍ കുളിര് കോരിയിട്ട കവിത.. ഏകാന്ത യാത്രയില്‍ മനം മടുക്കുമ്പോള്‍ -...
-
മരണത്തില്‍ നിന്നും വാര്‍ദ്ധക്യത്തിലേക്കാണ് ഞാന്‍ ജനിച്ചത് .. ഒടുങ്ങാത്ത ശാപങ്ങളേറ്റ് - ജീര്‍ണിച്ച അസ്ഥിയില്‍...
-
നിറമില്ലാത്ത മഴവില്ല് വര്‍ഷങ്ങള്‍ എത്രയോ വേഗം കൊഴിഞ്ഞു ..... പകലന്തിയോളം കരഞ്ഞു .... തിരികെ നടക്കുവാന്‍ ക...
-
പ്രജ്ഞ പൊള്ളിയടർന്നൊരു തിരി നിന്നിലെരിയുന്ന- ന്നേരം നീ തിരികെയെത്തിടും... അന്നുമിതുപോൽ നാലു ചുവരുകൾ നിന്നെ നോക്കിക്കിടന്നിടും ... അച്ഛന്റെ മ...
-
നീയെന്നെ കുറിച്ചു ചിന്തിക്കുമ്പോൾ മാത്രമല്ല ,അല്ലാത്തപ്പോഴും ഞാൻ എവിടെയൊക്കെയോ ജീവിക്കുന്നു.. ജീവിതത്തിലേറെ നേരവും നാം തനിച്ചാണെന്ന തിരിച്...
-
മഴവന്നു വിളിച്ചിട്ടും തളിർക്കനാകാതെ... കാറ്റ് പിടിക്കതൊരു ഒറ്റമരം .. വസന്തമെത്തി മടങ്ങിയ ചില്ലയിൽ അവശേഷിച്ച - രണ്ടിലകളിൽ ജീവന്റെ ...
-
പുസ്തകസഞ്ചി വലിച്ചെറിഞ്ഞു , തൊടിയിലേക്ക് അഴിച്ചുവിട്ട - ആട്ടിൻ കുട്ടികളെപോലെ , ഓടിനടക്കുമ്പോൾ... ...
-
പെണ്ണെ - നിന്റെ കണ്ണിലെ കണ്മഷി കലർന്ന കണ്ണീരുവീണു- പൊള്ളിയതാണ്, എന്നിലെ കാക്കപുള്ളിയൊക്കെയും.....
-
ഒറ്റശിഷ്ടം ... നാമെന്ന ഇരട്ട ചങ്ക് ... ഇത് പറയുമ്പോളുണ്ടാകുന്ന പൊരുത്തവും പൊരുത്തക്കേടും; തിരിച്ചറിയുന്നതി...