Friday, June 24, 2022

മുറിവ്

നേർച്ചയിൽ അധികവും പോയത്

അങ്ങോട്ടാണ് ..

ഉരുളി കമഴ്ത്തുമ്പോഴും

ഉരുവിട്ടത്

ആൺകുട്ടി ആൺകുട്ടിയെന്നാണ് ...

ജനിക്കും മുൻപേതന്നെ

അവഗണിക്കപ്പെട്ടു ...


എന്നിട്ടോ ?


മേൽവിലാസം തെറ്റിവന്ന

ഒരൊറ്റ മുറിവ് ..


ആ മുറിവിനാൽ

പങ്കുവയ്ക്കലിന്റെ

ശാസ്ത്രത്തെ

നീതികരിക്കാനാവാത്ത വിധം

ഏറ്റക്കുറച്ചിലോടെ-

ലോകം

രണ്ടായി

നിർവ്വചിക്കപ്പെട്ടു ...


ഒറ്റമുറിവിനാൽ

അവൻ അവളായി

രൂപാന്തരം പ്രാപിച്ചു ...

അനന്തരം

ആ മുറിവിനാൽ

അവൾ നീറാൻ തുടങ്ങി..

ബാല്യത്തിന്റെ

പടികടക്കുംമുമ്പേ

ജീർണിച്ച അയിത്താചാരസിദ്ധാന്തം

മാസത്തിൽ ഏഴുദിനരാത്രങ്ങൾ

പടിക്കുപുറത്താക്കി...


അച്ചടക്കത്തിനും

ഒതുക്കത്തിനും പ്രോത്സാഹനസമ്മാനങ്ങൾ,

നല്ലപെരുമാറ്റത്തിന്

പ്രശംസ,

കണ്ണികൾ ഓരോന്നായി

വിളക്കിച്ചേർക്കപ്പെട്ടു...

"നല്ലവൾ" പട്ടത്തോടെ -

അസ്വാതന്ത്ര്യത്തിന്റെ

കരിനിഴൽപാടത്ത്

പതിരായി കിടന്നുപൊള്ളി ..

അടുപ്പിനും തീന്മേശയ്ക്കുമിടയിൽ

ഓടി തളർന്നു ....


കുറഞ്ഞതെന്നോ

കൂടിയതെന്നോ

പ്രായപരിധി ഇല്ലാതെ -

മുറിവുകൾ

എത്ര തുണികൊണ്ടു

മൂടിവച്ചിട്ടും

തേടിപ്പിടിച്ച്

പിച്ചിച്ചീന്തി വ്രണപ്പെടുന്നു....


അവൾക്കുമാത്രം ഉള്ളത് അവയവങ്ങളല്ലല്ലോ..

എല്ലാം ഓരോ നാട്ടുപച്ചക്കറികളല്ലേ ...!


ജനിച്ചനാൾ തൊട്ട്

ദൃഷ്ടി പതിക്കാതെ എങ്ങനെ -

ഞാനൊരു പെൺകുഞ്ഞിനെ

വളർത്തും...?


വയ്യ!


എന്റെ പ്രാർത്ഥനകളും

ഒരാൺകുഞ്ഞിലേക്കു തന്നെ

ഉരുളിയായ് കമഴ്ത്തും

ആണ്‍കുഞ്ഞെങ്കില്‍ 

"പെണ്ണിനെ ബഹുമാനിക്കാന്‍"

പഠിപ്പിച്ചു വളർത്തും ...

അടുത്ത തലമുറകൊണ്ടെങ്കിലും 

ലോകം മാറട്ടെ ...

ശേഷമെങ്കിലും -

പങ്കുവയ്ക്കലിന്റെ

ശാസ്ത്രത്തെ

നീതികരിക്കാവുന്ന  വിധത്തിൽ

ഏറ്റക്കുറച്ചിലുകളില്ലാതെ

ലോകം

രണ്ടായി

നിർവ്വചിക്കപ്പെടട്ടെ...



Thursday, March 22, 2018

അന്നുമിതുപോൽ

പ്രജ്ഞ പൊള്ളിയടർന്നൊരു
തിരി നിന്നിലെരിയുന്ന-
ന്നേരം നീ തിരികെയെത്തിടും...
അന്നുമിതുപോൽ
നാലു ചുവരുകൾ
നിന്നെ നോക്കിക്കിടന്നിടും ...
അച്ഛന്റെ മണമേ ...
അമ്മയുടെ ശ്വാസമേയെന്ന് ...
ഈ മുറി നിനക്ക് ഏറെ -
പ്രിയപ്പെട്ടതാകും ...

ആദ്യത്തെ വാക്കിന്റെ
ഓർമയിൽ രണ്ടക്ഷരം
മുലചുരത്തും......

ആദ്യത്തെ വീഴ്ചയുടെ
നോവിൽ രണ്ടു കൈകൾ
നിന്നെ തലോടുന്നൊരോർമ
കണ്ണോളം വന്നു നിറയും....

ബാല്യത്തിന്റെ തിരുമുറ്റത്ത്
രണ്ടിളം കാലുകൾക്കൊപ്പം
ഒരു കരുതൽ പിന്നാലെ വരും.....

പാതി വിശപ്പിന്റെ
തളർച്ചയോടെന്നും
ഒരു വിളി നാലുനേരമന്നമുട്ടും......

അന്നുമിതുപോൽ
നാലു ചുവരുകൾ
നിന്നെ നോക്കിക്കിടന്നിടും ..
നീ സഞ്ചരിച്ച വഴിയിലെ
തീർത്ഥങ്ങളെല്ലാം
വിഴുപ്പായിരുന്നെന്ന തിരിച്ചറിവിന്റെ
കനലിൽ വേവും....

Thursday, November 23, 2017

തൊട്ടാവാടി

തൊട്ടു വാടിച്ചത്‌
പോരാഞ്ഞിട്ട്
കുത്തി നോവിച്ചെന്ന -
പരാതിയും ..
എന്നിട്ടുമെന്തിനാണ്
തൊട്ടാവാടിയെന്ന്
തരംതാഴ്ത്തിയത്...

ഒഴിവുദിവസത്തെ കളി

ഒരു ഒഴിവു ദിവസമായിരുന്നു...
ആദ്യം ഒളിച്ചത് ഞാനും..
കുഞ്ഞിപാവയുമായി ,
നിഷ്കളങ്കമായ ചിരിയോടെ -
അടുക്കള പുറത്തെ -
ചായ്പ്പിൽ 
അമ്മിക്കല്ലിന്റെ മറവിൽ നിന്നവൾ 
എന്നെ കണ്ടുപിടിച്ചു ...

അവൾ ഒളിച്ചതിന്റെ 
രണ്ടാം ദിവസമാണ്,
ഏഴു കിലോ മീറ്ററുകൾക്കപ്പുറം 
ഒരു കുറ്റികാട്ടിൽ .....
ഭയം മുറ്റിതെറിച്ച കണ്ണുകളോടെ ...
നിഷ്കളങ്കമായ ചിരിയിൽ -
പടർന്ന ചോരയോടെ....

ശില

അവശേഷിച്ചതിൽ 
ഇത്രമാത്രമേ ബാക്കിയുള്ളു..
അവഗണന കൊണ്ട് 
നീറി നീറി ഉറഞ്ഞുപോയൊരു ശില..

അതാകട്ടെ,
നെഞ്ചിന്റെ ഇടതു ഭാഗത്തായി 
ഉറച്ചു പോയിതാനും..

വിപ്ലവം

നാം
ചുംബിക്കാൻ മടിച്ച -
നേരങ്ങളിലാണ്
വിപ്ലവം വഴിമാറി നടന്നത് ...

പലിശക്കാരൻ



നീ
എനിക്ക്
തരാതെ നീക്കി നീക്കി-
വെക്കുന്ന സ്നേഹമില്ലേ ..
ഞാൻ
എത്ര ചോദിച്ചിട്ടും
തിരിച്ചു തരാത്ത
ചുംബനങ്ങളില്ലേ...
എന്നെങ്കിലും ഒരിക്കൽ
പലിശ സഹിതം
തിരിച്ചു തരേണ്ടി വരും...
അല്ലെങ്കിൽ -
എന്നിലെ പലിശക്കാരൻ
നിന്റെ ഉമ്മറത്ത് കയറി
കസേരയിട്ട് ഇരിക്കും.....
സൂക്ഷിച്ചോ... <3

മുറിവ്

നേർച്ചയിൽ അധികവും പോയത് അങ്ങോട്ടാണ് .. ഉരുളി കമഴ്ത്തുമ്പോഴും ഉരുവിട്ടത് ആൺകുട്ടി ആൺകുട്ടിയെന്നാണ് ... ജനിക്കും മുൻപേതന്നെ അവഗണിക്കപ്പെട്ടു ....