Thursday, November 23, 2017

തൊട്ടാവാടി

തൊട്ടു വാടിച്ചത്‌
പോരാഞ്ഞിട്ട്
കുത്തി നോവിച്ചെന്ന -
പരാതിയും ..
എന്നിട്ടുമെന്തിനാണ്
തൊട്ടാവാടിയെന്ന്
തരംതാഴ്ത്തിയത്...

ഒഴിവുദിവസത്തെ കളി

ഒരു ഒഴിവു ദിവസമായിരുന്നു...
ആദ്യം ഒളിച്ചത് ഞാനും..
കുഞ്ഞിപാവയുമായി ,
നിഷ്കളങ്കമായ ചിരിയോടെ -
അടുക്കള പുറത്തെ -
ചായ്പ്പിൽ 
അമ്മിക്കല്ലിന്റെ മറവിൽ നിന്നവൾ 
എന്നെ കണ്ടുപിടിച്ചു ...

അവൾ ഒളിച്ചതിന്റെ 
രണ്ടാം ദിവസമാണ്,
ഏഴു കിലോ മീറ്ററുകൾക്കപ്പുറം 
ഒരു കുറ്റികാട്ടിൽ .....
ഭയം മുറ്റിതെറിച്ച കണ്ണുകളോടെ ...
നിഷ്കളങ്കമായ ചിരിയിൽ -
പടർന്ന ചോരയോടെ....

ശില

അവശേഷിച്ചതിൽ 
ഇത്രമാത്രമേ ബാക്കിയുള്ളു..
അവഗണന കൊണ്ട് 
നീറി നീറി ഉറഞ്ഞുപോയൊരു ശില..

അതാകട്ടെ,
നെഞ്ചിന്റെ ഇടതു ഭാഗത്തായി 
ഉറച്ചു പോയിതാനും..

വിപ്ലവം

നാം
ചുംബിക്കാൻ മടിച്ച -
നേരങ്ങളിലാണ്
വിപ്ലവം വഴിമാറി നടന്നത് ...

പലിശക്കാരൻ



നീ
എനിക്ക്
തരാതെ നീക്കി നീക്കി-
വെക്കുന്ന സ്നേഹമില്ലേ ..
ഞാൻ
എത്ര ചോദിച്ചിട്ടും
തിരിച്ചു തരാത്ത
ചുംബനങ്ങളില്ലേ...
എന്നെങ്കിലും ഒരിക്കൽ
പലിശ സഹിതം
തിരിച്ചു തരേണ്ടി വരും...
അല്ലെങ്കിൽ -
എന്നിലെ പലിശക്കാരൻ
നിന്റെ ഉമ്മറത്ത് കയറി
കസേരയിട്ട് ഇരിക്കും.....
സൂക്ഷിച്ചോ... <3

നിനക്കുമാത്രം

ഇത്ര ലളിതമായി
നിനക്കല്ലാതെ മറ്റാർക്കാണ്
എന്നെ പറ്റിക്കാനാവുക ..  

പാരിജാതം

നിന്നെ കാണുമ്പോൾ മാത്രം 
പൂക്കുന്നൊരു പാരിജാതമുണ്ട് മനസ്സില്‍

മുറിവ്

നേർച്ചയിൽ അധികവും പോയത് അങ്ങോട്ടാണ് .. ഉരുളി കമഴ്ത്തുമ്പോഴും ഉരുവിട്ടത് ആൺകുട്ടി ആൺകുട്ടിയെന്നാണ് ... ജനിക്കും മുൻപേതന്നെ അവഗണിക്കപ്പെട്ടു ....