Thursday, November 23, 2017

വിപ്ലവം

നാം
ചുംബിക്കാൻ മടിച്ച -
നേരങ്ങളിലാണ്
വിപ്ലവം വഴിമാറി നടന്നത് ...

പലിശക്കാരൻ



നീ
എനിക്ക്
തരാതെ നീക്കി നീക്കി-
വെക്കുന്ന സ്നേഹമില്ലേ ..
ഞാൻ
എത്ര ചോദിച്ചിട്ടും
തിരിച്ചു തരാത്ത
ചുംബനങ്ങളില്ലേ...
എന്നെങ്കിലും ഒരിക്കൽ
പലിശ സഹിതം
തിരിച്ചു തരേണ്ടി വരും...
അല്ലെങ്കിൽ -
എന്നിലെ പലിശക്കാരൻ
നിന്റെ ഉമ്മറത്ത് കയറി
കസേരയിട്ട് ഇരിക്കും.....
സൂക്ഷിച്ചോ... <3

നിനക്കുമാത്രം

ഇത്ര ലളിതമായി
നിനക്കല്ലാതെ മറ്റാർക്കാണ്
എന്നെ പറ്റിക്കാനാവുക ..  

പാരിജാതം

നിന്നെ കാണുമ്പോൾ മാത്രം 
പൂക്കുന്നൊരു പാരിജാതമുണ്ട് മനസ്സില്‍

കാക്കപുള്ളി

പെണ്ണെ - നിന്റെ കണ്ണിലെ 
കണ്മഷി കലർന്ന കണ്ണീരുവീണു-
പൊള്ളിയതാണ്,
എന്നിലെ കാക്കപുള്ളിയൊക്കെയും.....

പ്രണയകാവ്യം

ഇനി ഞാൻ എഴുതുവാൻ പോകുന്ന
ഒരായിരം കവിതയിലും നീയുണ്ടാകും..
ഇതുവരെ എഴുതിയവയിലൊക്കെ
നീ പറയാതെ പറഞ്ഞ്,
മിണ്ടാതെ മിണ്ടി,
വഴക്കിട്ടു നിന്നിരുന്നു ...

ഞാൻ മറ്റൊരു പെൺകുട്ടിയോട്
മിണ്ടുമ്പോൾ
കുശുമ്പു കണ്ണുകൊണ്ടു നോക്കി ,
പല്ലിറുമ്മി ,
മുറുമുറുത്ത് നിൽക്കുന്ന
നിന്റെ ഭാവങ്ങൾ മാത്രം
വിവർത്തനം ചെയ്താൽ മതി ....
ഇനി വരും നൂറ്റാണ്ടിലേക്ക്
ഒരു പ്രണയകാവ്യമാവാൻ... 

ജ്യോതിശാസ്ത്രം

ആഴ്ചതോറും വാരഫലം നോക്കി 
ഇല്ലാത്ത പ്രയാസം ഉണ്ടാക്കി -
ജീവിക്കണമെന്നാണ് - ( ജ്യോതി )ശാസ്ത്രം    

മുറിവ്

നേർച്ചയിൽ അധികവും പോയത് അങ്ങോട്ടാണ് .. ഉരുളി കമഴ്ത്തുമ്പോഴും ഉരുവിട്ടത് ആൺകുട്ടി ആൺകുട്ടിയെന്നാണ് ... ജനിക്കും മുൻപേതന്നെ അവഗണിക്കപ്പെട്ടു ....