Wednesday, February 13, 2013

ഇങ്ങനെയും ചിലര്‍


കൃഷ്ണേട്ടാ ...
ഞാനീ വീട്ടില്‍ വന്നകാലം മുതല്‍
കൃഷ്ണേട്ടനാണല്ലോ എന്റെ വീടിനു കാവല്‍ ...
എന്നിട്ടിപ്പോള്‍ ,
വീട് മലപ്പുറത്തുള്ള നമ്മുടെ -
ചങ്ങായിക്കു വില്‍ക്കുന്നു
പറഞ്ഞപ്പോള്‍ മുതല്‍
വീട്ടിലെ മൂത്തകാരണവര്‍
പറയുന്ന  പുകില് ...  കേട്ടോ?

ചങ്ങായീടെ
പുരകാക്കണയാള്    
മുഹമ്മദ്‌ ആണെങ്കില്‍ -
വില്‍ക്കാന്‍ മേനക്കെടണ്ടാന്നു...
മറ്റൊരു കൃഷ്ണനോ ശിവനോ
കാവലേല്‍പ്പിക്കുന്നവന്
കൊടുത്താല്‍ മതി പോലും ...

"എന്‍റെ  മതം  ഈ വീടിന്‍റെ ഐശ്വര്യം "
പരമകഷ്ടം തന്നെ...

യോതിഷ് ആറന്മുള

Thursday, February 7, 2013

ഭീരു











ഒരിക്കല്‍ പോലും
പ്രണയിചിട്ടില്ലാത്തവന്‍ 
എല്ലാ അര്‍ത്ഥത്തിലും ഭീരുവാണ് ...
അതിനു വേണ്ടി -
കണ്ടെത്തുന്ന ന്യായങ്ങള്‍ 
ഭീരുത്വം മറയ്ക്കാനുള്ള ഉപാധിയും ...


വിലക്കയറ്റം


എന്നെ ചുട്ടു പൊള്ളിച്ചു കൊണ്ട്
അവര്‍ കത്തിച്ചു വിട്ടൊരു  റോക്കറ്റ്
താഴേക്കുള്ള വഴി മറന്നു നില്‍ക്കുന്നു ........




ദൈവവിശ്വാസി

അമ്മയെ വൃദ്ധസദനത്തില്‍
കൊണ്ടാക്കി വരുമ്പോള്‍
മാതാവിന്റെ മുന്‍പില്‍
ഒരു മെഴുകുതിരി -
കത്തിക്കാന്‍ അയാള്‍ മറന്നില്ല....

Tuesday, February 5, 2013

ലേഡീസ് ഷോപ്പ്

















എന്‍റെ ലേഡീസ് ഷോപ്പിനു മുന്‍പില്‍
ഭിക്ഷയെടുക്കുന്ന പെണ്‍കുട്ടി ,
ഇങ്ങോട്ട് നോക്കാറേയില്ല ...

ചാന്തുപൊട്ടും കരിമഷിയും
കുപ്പിവളകളുമില്ലെങ്കിലും,
അവള്‍ ജീവിക്കുന്നുണ്ട്  ....
അവളുടെ താളിയുണങ്ങിയ
തലമുടിക്കു മുന്‍പിലൂടെയാണ്
പലപ്പോഴും -
ഇന്ദുലേഖ നാണിച്ചിറങ്ങിപോയത് ....
ഫോറിന്‍പൗഡറും ,
ഫേസ്ക്രീമുകളും
വാസന തൈലവും
അവളില്‍ ഒരു സ്വപ്നവും നിറയ്ക്കുന്നില്ല ...
വിശപ്പില്ലാതെ ഒന്നുറങ്ങാന്‍ കഴിഞ്ഞാല്‍  
ഈ ഷോപ്പില്‍ കയറിയില്ലെങ്കിലും
ജീവിക്കാമെന്നവള്‍ സമൂഹത്തോട് -
നിരന്തരം കലഹിച്ചു,
കൊണ്ടിരിക്കുന്നു....
ഞാനുള്‍പ്പെടുന്ന പുരുഷവര്‍ഗം
സ്ത്രീയുടെ സൗന്ദര്യബോധത്തെ  -
പരമാവധി ചൂഷണം ചെയ്തിട്ടും

ആ പെണ്‍കുട്ടി മാത്രം
ഇങ്ങോട്ട് നോക്കുന്നതേയില്ല    ....


                                      യോതിഷ് ആറന്മുള

Wednesday, January 30, 2013

അയല്‍ക്കാരന്‍

















അയല്‍ക്കാരന്‍

കഴിഞ്ഞാഴ്ചയായിരുന്നത്രേ...
കവിയായിരുന്നു എന്നാണ് കേട്ടത്...

വളരെ അടുത്ത് ,
അപരിചിതത്തിന്‍റെ -
വേലിക്കപ്പുറം
ഒരു കവി,
ഹൃദയംപൊട്ടി മരിച്ചിട്ടും
ഞാന്‍ അറിഞ്ഞില്ല ....

അച്ഛന്റെ -
സഞ്ചയന കുറിപ്പുമായി വന്ന
അയല്‍ക്കാരനോട്
തോന്നിയ പരിചയം ;
മുഖപുസ്തകത്തിലെ
സൗഹൃദ പട്ടികയില്‍
ചിരിച്ചു കൊണ്ടിരിക്കുന്നുണ്ട്‌ ....

ഹാ എത്ര കഷ്ടം ..?
എനിക്ക് തീരെ
അപരിചിതമായിപ്പോയ,
അതിനിഗൂഡ രാഷ്ട്രമായിമാറിയിരിക്കുന്നു
ഇന്നെന്‍റെ അയല്‍ക്കാരന്‍ ....


 യോതിഷ് ആറന്മുള


Monday, January 28, 2013

പ്രണയത്തിന്‍റെ ദേവത

















ഇന്നലെ സ്വപ്നത്തില്‍ വന്നിരുന്നു...
തൊടിയില്‍ വിടരുവാന്‍ മറന്നു നിന്ന-
പനിനീര്‍ പൂവിനെ,
ചുംബിച്ചുണര്‍ത്തുമ്പോളാണ്  
എനിക്ക് മുന്‍പില്‍ അവതരിക്കപ്പെട്ടത് ...
ഞാനൊരു അപരിചിതനെപ്പോലെ
പിന്തിരിയാനൊരുങ്ങുമ്പൊള്‍
പ്രണയത്തിന്‍റെ ദേവതയാണെന്നു-
പറഞ്ഞെന്നെ വാഗ്വാദത്തിന് ക്ഷെണിച്ചു..
പ്രണയത്തെ കുറിച്ച് ചോദിച്ചപ്പോഴൊക്കെ -
ജനുവരിയിലെ മഞ്ഞില്‍ നനയാനും
ഏപ്രിലില്‍ പൂക്കുന്ന ലില്ലിപ്പൂക്കള്‍ക്കൊപ്പം
വെയിലുകായനും
ജൂണിലെ മഴയില്‍ കുതിരാനും പറഞ്ഞു ...

പൂക്കാലമൊരുങ്ങും മുന്‍പ്
കൊഴിഞ്ഞുപോയ വസന്തത്തെ കുറിച്ച് ,
പെരുമഴയില്‍ എന്‍റെ കുടക്കീഴില്‍ നിന്നും
ഇറങ്ങിപ്പോയ മഴക്കാലത്തെ കുറിച്ച് ,
ഇടവഴിയിലെ വെയിലില്‍
കരിഞ്ഞുപോയ -
ലില്ലിപ്പൂക്കളേക്കുറിച്ച് ,
ഓര്‍മകളുടെ പൂന്തോപ്പില്‍
വര്‍ണങ്ങളവശേഷിപ്പിച്ചു  -
മടങ്ങിയെത്തിയ
കറുത്ത  പനിനീര്‍ പൂവുകളെ കുറിച്ച് ,
പറയും മുന്‍പുതന്നെ  
പനിനീര്‍ പൂവിലെ ശേഷിച്ച
കറുപ്പ് നിറം കൂടി കട്ടെടുത്തെടെയോ -
മറയുകയും ചെയ്തു...

                                  യോതിഷ് ആറന്മുള

മുറിവ്

നേർച്ചയിൽ അധികവും പോയത് അങ്ങോട്ടാണ് .. ഉരുളി കമഴ്ത്തുമ്പോഴും ഉരുവിട്ടത് ആൺകുട്ടി ആൺകുട്ടിയെന്നാണ് ... ജനിക്കും മുൻപേതന്നെ അവഗണിക്കപ്പെട്ടു ....