Wednesday, October 31, 2012

കലികാലം


ആശുപത്രി കിടക്കയില്‍ കുഞ്ഞിനൊപ്പം കിടക്കുന്ന അമ്മ-
പന്ത്രണ്ടു കൊല്ലങ്ങള്‍ക്ക് മുന്‍പ്,
അതെ- കിടക്കയില്‍ പിറന്നവള്‍ ആണെന്നാരോ പറഞ്ഞു...
പിറന്നത്‌ പെണ്‍കുഞ്ഞാണെങ്കില്‍ -
കാമവെറി മൂത്ത അയല്‍ക്കാരന്‍ ഈ കുഞ്ഞിനേയും....  ഹോ?

തൊണ്ണൂറ്റി ആറാം വയസ്സിലും
അച്ഛനാകാന്‍ കഴിയുമെന്ന് ഒരു വിരുതന്‍ തെളിയിച്ചു...
പന്ത്രണ്ടാം വയസ്സില്‍ അച്ഛനായ കഥ -
ആരും പറഞ്ഞു കേട്ടിട്ടില്ല ..
നിഷ്കളങ്കത അഭിനയിച്ചു വന്ന -
വികലാംഗ പിശാചു പിച്ചി ചീന്തി ,
കൊന്നുകളഞ്ഞത്‌ സ്ത്രീ സമൂഹത്തെ ഒന്നാകെയാണ് ...

അതെങ്ങനെ - സ്ത്രീ ശരീരത്തിലെ വലിപ്പചെറുപ്പങ്ങളെ,
കൊത്തിവലിക്കാന്‍ ഇരിക്കുന്നവരുടെ കണ്ണില്‍ -
മോഹിപ്പിക്കുന്ന അസ്ഥിയും മാംസവും മുളക്കുന്നത്‌
പെണ്‍കുട്ടികള്‍ക്ക് മാത്രമാണല്ലോ?
അവരില്‍ അമ്മയേത് കൂടെപിറന്ന പെങ്ങളേത്..
മകളേത് ..

                                               യോതിഷ് ആറന്മുള

മരണം


ഇപ്പോള്‍ ഞാന്‍ ജനിച്ചു...
അടച്ചിട്ട ജാലക വാതില്‍ പലകയില്‍ ഒരു ഛായാമുഖി
പ്രതിബിംബം ഒരു നിഴല്‍ ...
എന്നെ  മത്രം നോക്കുന്നു...


                                                          യോതിഷ് ആറന്മുള

കവിതയാവശ്യം




കാലത്തിന്‍റെ വൈകൃതങ്ങളെ -
നാലുവരിയായി ..
ഒരു വെള്ള പേപ്പറില്‍ ,
കുത്തികുറിച്ചു ..
പലകുറി വായിച്ചു നോക്കി .
വായന സുഖം തോന്നാഞ്ഞാല്‍--
ചീഞ്ഞു നാറുന്ന വരികളെ-
ഞാന്‍ ചവറ്റുകുട്ടയിലേക്ക് ചുരുട്ടിയെറിഞ്ഞു.
അന്യന്‍റെ സ്വകാര്യതയില്‍ ഒളികണ്ണെറിഞ്ഞു-
സുഖം കണ്ടെത്തുന്നവരില്‍ ഒരുവന്‍
അത് കണ്ടെടുത്തു വായിച്ചിട്ട് പറഞ്ഞു
നീയൊരു കൊച്ചു കവിതന്നെ ...
പിന്നെയും ആരൊക്കെയോ പറഞ്ഞു.
നിന്നില്‍ ഒരു കവി ഉറങ്ങിക്കിടക്കുന്നു..
അറിയാതെ ഞാനും അത്  വിശ്വസിച്ചു.
പിന്നീട് -
കാറ്റിനെയും ,
മഴയെയും ,വേനലിനെയും  കുറിച്ച് ,
അമ്മയെ കുറിച്ച് അച്ഛനെക്കുറിച്ച് ,
സാമൂഹിക തിന്മകളെ കുറിച്ച് ,
അനീതിയെയും അക്രമങ്ങളെയും കുറിച്ച്  ...
അങ്ങനെ അങ്ങനെ ...
ഞാന്‍ എഴുതിയവ എല്ലാം
വാരികകളിലേക്കും മഞ്ഞപത്രങ്ങളിലേക്കും
അയച്ചുകൊടുത്തു ..
ഒരു കവിതപോലും  അക്ഷരം-
ഒട്ടിയ പേപ്പറില്‍ അച്ചടിച്ചുവന്നില്ല..
ഒടുവില്‍ -
ഞാന്‍ എന്‍റെ
പ്രണയ നഷ്ടത്തെ കുറിച്ച് എഴുതി അയച്ചു..
അച്ചടിച്ച്‌ വന്ന കവിതക്കൊപ്പം -
എന്‍റെ ഹൃദയം കൊത്തിനുറുക്കി
എഴുതിയ അക്ഷരങ്ങളെ പ്രണയിക്കാന്‍
ഒരുപാട് വായനക്കാര്‍ വന്നു..
അപ്പോള്‍ മാത്രമാണ് -
സാമൂഹിക തിന്മകളെ കുറിച്ച്
വായിക്കാന്‍ സമയമില്ലാതവരെപ്പറ്റി
ഞാന്‍ ചിന്തിക്കുന്നത്....
അവരെല്ലാം പ്രണയിക്കുകയാണ്‌ ...
പ്രണയ നഷ്ടത്തില്‍ മാത്രമാണ്
അവര്‍ക്ക് കവിതയാവശ്യം ....



                                               യോതിഷ് ആറന്മുള

Thursday, October 25, 2012

ഭ്രാന്ത്‌ ...




ഞാന്‍ എന്‍റെ സങ്കടങ്ങളുടെ കെട്ടുകള്‍ എല്ലാം-
അയിച്ചു വിടാന്‍ പോകുന്നു ...
അല്ലെങ്കില്‍ എന്തിനാണ് കണ്ണീര്‍ പുഴയിലെ -
അവസാന തോണിക്കാരനായി ഞാന്‍ മാത്രം അലയുന്നു..
കപട സ്നേഹത്തിന്‍റെ കാല്‍ച്ചങ്ങലകളെ -
ഇടനെഞ്ചില്‍ കനത്തു നില്‍ക്കുന്ന -
ഭാരം തള്ളിയിട്ടു  പൊട്ടിച്ചെറിയണം.
എന്നിട്ടും- എനിക്കെന്‍റെ സ്വതന്ത്ര്യം തിരിച്ചു കിട്ടിയില്ലെങ്കില്‍
ലോകത്തിന്‍റെ നെറുകയില്‍ ചവുട്ടി,
കത്തി മറിയുന്ന സൂര്യന് കീഴെനിന്നു -
ഉറക്കെ അട്ടഹസിക്കണം .....

Wednesday, October 24, 2012

മറക്കണം


മറക്കണം എന്ന ഒരൊറ്റ വാക്കിലൂടെ-
എന്‍റെ മരണമാണ്.. 
നീ ചോദിക്കുന്നത് ..
യുഗങ്ങളായി ഞാന്‍ ചെയ്ത തപസ്സാണ് 
എനിക്ക് നിന്നോടുള്ള പ്രണയം .
നീ തുറന്നു വിടാന്‍ പറയുന്നത്-
ആയിരം കുതിരയെ പൂട്ടിയ എന്‍റെ സ്വപ്ന തേരിനെയാണ്.

എങ്കിലും നിനക്കുവേണ്ടി
ഞാന്‍ മറക്കാം -
എന്‍റെ മൃതിയിലൂടെ എന്നെതന്നെ .....



                                                                      യോതിഷ് ആറന്മുള 

Tuesday, December 27, 2011

കാത്തിരിപ്പ്‌


അവസാനമെവിടെയെന്നറിയാതെ-
നീളുമീ; മണ്‍പാതയ്ക്കുമപ്പുറം
മേഘശകലങ്ങള്‍ തീര്‍ക്കുന്ന -
നിഴല്‍ ചിത്രങ്ങളില്‍ ,
ഇടയ്ക്കെപ്പോഴെങ്കിലും
എനിക്കേറ്റം ഇഷ്ടപെടുന്ന -
രൂപം വരയ്ക്കുന്നതും നോക്കി- ഞാന്‍
കാത്തിരിക്കുന്നു .........

നട്ടുച്ചനേരത്ത്‌ സൂര്യന്‍
തലയ്ക്കു മുകളില്‍
തിളച്ചു മറിയുമ്പോള്‍
ഒരു തണല്‍ മരമെന്നില്‍
നിഴല്‍ വിരിക്കുന്നതും .........
മഴത്തുള്ളികള്‍ വന്നലറി
കരഞ്ഞു കൊണ്ടാഞ്ഞു പെയ്യുമ്പോള്‍ -
ഒരു ചെമ്പില തണ്ടുമായ് -
എന്നോടോത്തണയുന്നതും നോക്കി- ഞാന്‍
കാത്തിരിക്കുന്നു .........

ഒടുവില്‍ -
എന്റെ  കാത്തിരിപ്പുകളെല്ലാം
നിന്നില്‍ എത്തിച്ചേരുന്നത്
തികച്ചും യാദ്ര്യശ്ചികം  മാത്രം.........  


                                        യോതിഷ് ആറന്മുള

Tuesday, November 15, 2011

ആദ്യമായ്

ആദ്യമായ് 











ഒരു വാക്കിലൂടെയെന്‍ അനുരാഗമെല്ലാം
കൊതിയോടെ മെല്ലെ പറഞ്ഞനേരം
ആരാരുമറിയാതെ  എന്തിനു നീയെന്‍ -
മനസ്സിനുള്ളില്‍ നിന്‍ ഹൃദയതാളം
മറന്നു വച്ചു.......

ആദ്യമായ് കണ്ട നാള്‍ എന്തിനു
നീയെന്നെ - നിന്‍ കണ്കൊണില്‍ ഒളിച്ചുവച്ചു
നീ പറയാതെ എങ്കിലും
മനസ്സിന്റെ ജാലക മിഴിപൂക്കള്‍ ആകഥ
എനിക്ക് പറഞ്ഞു തന്നു ..

ആദ്യമായ് കാണുമ്പോള്‍ എന്തിനു
നീയെന്നെ നിന്‍ -ചുണ്ടിലെ പുഞ്ചിരിക്കുള്ളില്‍
ഒളിച്ചുവച്ചു ....
നീ പറയാതെ എങ്കിലും
ആയിരം സ്വകാര്യങ്ങള്‍
ആ നുണക്കുഴികള്‍ പറഞ്ഞു തന്നു .......


                                       യോതിഷ് ആറന്മുള 

Sunday, October 16, 2011

വ്യര്‍ത്ഥകാമനകള്‍

വ്യര്‍ത്ഥകാമനകള്‍

പണ്ടെങ്ങോ ജീവിച്ചു മരിച്ചതാണ് ഞാന്‍ 
ജീവന്‍റെ ഉള്‍ നാമ്പുകണ്ടഴുകി 
അഴുകി കിടന്നതാണ് ഞാന്‍ ...... 

പ്രണയത്തിന്‍റെ മേച്ചില്‍ പുറങ്ങളില്‍ 
ഹൃദയം കൊത്തിവലിക്കുന്ന 
കഴുകന്‍ ചുണ്ടുകള്‍ക്കിടയില്‍.....
ആത്മാര്‍ത്ഥതയുടെ- 
മുഖം മൂടിക്കുള്ളില്‍,
കപട സ്നേഹത്തിന്‍റെ കാല്‍ച്ചങ്ങലകളില്‍......
സ്വപ്ന ചരടില്‍ തുങ്ങിയാടുന്ന 
വ്യാമോഹങ്ങള്‍ക്കിടയില്‍........ 
എത്ര കൊടുത്താലും കൈ നീട്ടി നില്‍ക്കുന്ന 
മാനവ കോമരങ്ങള്‍ക്കിടയില്‍ ..

കാലമേറെ  കഴിഞ്ഞു പോയ്‌ ..
 വ്യര്‍ത്ഥകാമനകളിലൂടെ 
ഓര്‍മകളിലേക്ക് സഞ്ചരിക്കുമ്പോള്‍ 
എന്‍റെ പാതി മരണത്തില്‍ -
നഷ്ടപെടുത്തിയ ജീവിതത്തിന്‍റെ- 
ആഹുതി ഞാന്‍ അറിയുന്നു ......    

യോതിഷ് ആറന്മുള      

Sunday, October 9, 2011

യാത്ര

യാത്ര














എന്നുമെന്‍ യാത്രകളിലെല്ലാം 
മനസ്സിന്‍  പുസ്തകതാളില്‍ 
കുറിച്ചിട്ട പ്രണയം -
തിരയുന്നു......... 
ഓരോ യാത്രയും  
പ്രണയത്തിലേക്കുള്ള പിന്‍വിളികള്‍.....
ഹൃദയത്തിന്‍ -
അകത്താളുകളില്‍ സൂക്ഷിച്ച
മയില്‍ പീലിതണ്ടുകളിലൂടെ ......
എവിടെയോ  മറന്നു വച്ച -
ഓര്‍മകളുടെ മുത്തുകളിലൂടെയും
വളപ്പൊട്ടുകളിലൂടെയും..,
ഒടുവില്‍-
നഷട്ടപ്പെട്ടു പോയ
ബാല്യ കാലത്തിന്‍റെ
ചിതലരിച്ച ഓര്‍മകളില്‍............
നിറ കണ്ണുകളോടെ-
യാത്ര പറഞ്ഞകന്ന -
കളിക്കൂട്ടുകാരിയുടെ നൊമ്പരങ്ങളില്‍
അലിഞ്ഞില്ലാതാകുന്ന യാത്ര .........


                                                      യോതിഷ് ആറന്മുള 


Friday, September 30, 2011

അമ്മയും അച്ഛനും

അമ്മയും അച്ഛനും 














ഞാന്‍ നടക്കുന്ന വഴിയില്‍ 
പൂക്കള്‍  വിരിച്ചത്  അമ്മയാണെങ്കിലും....
അതിനു മുന്‍പെപ്പോഴോ 
ആ പൂക്കളിലെ പുഴുക്കളെയും -
ചെറു പ്രാണികളെയും
പെറുക്കി കളഞ്ഞിരുന്നു-
എന്നച്ഛന്‍ ..............


                             യോതിഷ് ആറന്മുള  

Thursday, September 29, 2011

ഓര്‍മ്മകള്‍

ഓര്‍മ്മകള്‍ 




















ഓര്‍മിക്കുവാന്‍ ഓര്‍മകളില്ലാതെ
ഞാനാ- കല്ലുവാരിയില്‍ 
ചില്ലികള്‍ക്കിടയില്‍ ഞെരിഞ്ഞമര്‍ന്ന 
പാവം മൊട്ടായിരുന്നു........
സൌരഭ്യമില്ലാതെ..  
വര്‍ണങ്ങളില്ലാതെ.....
ചെറു ഷഡ്പദങ്ങള്‍ പോലും 
അരികത്തണയാതെ-  
വീര്‍പ്പുമുട്ടുമ്പോള്‍ 
സ്വപ്നങ്ങള്‍ക്ക് ചിറകു കൊടുത്തു-
ഞാന്‍ ആകാശം മുട്ടെ പറന്നിരുന്നു ....
ഒരിക്കല്‍ -
കാലം എന്‍റെ തൊടിയിലും 
വസന്തം വിടര്‍ത്തി ...
മൊട്ടായിരുന്ന  ഞാന്‍ പൂവായി മാറി 
കല്ലിനും മുള്ളിനും ഇടയില്‍ നിന്ന് 
ഞാന്‍ പുറത്ത് വന്നു ......
അതി സുന്ദരമായ കാഴ്ചകള്‍ കണ്ട്-
പകലിനെയും നിലാവിനെയും 
കാറ്റിനെയും മഴയേയും 
ഒരുപോലെ സ്നേഹിച്ചു -
ദിനരാത്രങ്ങള്‍ പിന്നിടുമ്പോഴും അറിഞ്ഞില്ല 
വസന്തകാലത്തിന്‍റെ മഹത്വം ....
ഒടുവില്‍ -വസന്തം ;
കാലമതെന്നില്‍ നിന്നും 
തട്ടിയെടുക്കുമ്പോള്‍ -
കല്ലുകള്‍ക്കിടയിലേക്ക് 
മുള്ളിനടിയിലേക്ക് 
വാടി കൊഴിഞ്ഞിരുന്നു .....
അന്നെനിക്ക് ഓര്‍മിക്കുവാന്‍ 
ഒരുപാടുണ്ടായിരുന്നു ഓര്‍മ്മകള്‍.......... 

                                      
                                       യോതിഷ് ആറന്മുള 
                                     

Wednesday, September 28, 2011

മനുഷ്യന്‍

മനുഷ്യന്‍ 















ഒരു  ജന്മം
അതൊരു നിമിഷമാണെങ്കില്‍
കൂടിയീ ഭൂമിയില്‍ -
"മനുഷ്യനായ് " 
പിറക്കുവാന്‍ കൊതിച്ചുപോയ് ......
ഉരുകി എരിഞ്ഞുകൊണ്ട് -
അന്ധകാര കറുപ്പടര്‍ത്തി മാറ്റി - 
പ്രകാശം പരത്തുന്ന 
കെടാവിളക്കിന്‍റെ  തിരിയെന്ന പോലെ ....
പൂഴിക്കടലിലെ -
വെയില്‍കാനനത്തില്‍
നീര്‍ചോലകള്‍ വറ്റിവരളുന്ന വേനലില്‍ 
കുളിര്‍  മഴയെന്നപോലെ....
ചവറ്റുകൂന പറമ്പില്‍ 
അലയുന്ന ശുനകനും പന്നിക്കുമോപ്പം 
ഇരതിരയുന്നവര്‍ക്കൊരിത്തിരി 
അന്നമെന്നപോലെ ....
പെരുവഴിയില്‍ ഒരുനിരയില്‍ 
വിശപ്പിന്നും അബോധത്തിനു-
മിടയ്ക്കെപ്പോഴോ ,
സ്വപ്നമുണ്ണുന്നവര്‍ക്ക് 
തണലേകുന്ന മരമെന്ന പോലെ...
കൊലമരങ്ങളും കാമരസങ്ങളും
മാത്രം പ്രണയിക്കുന്നവര്‍ക്കിടയില്‍-
ശാന്തി മന്ത്രമെന്ന പോലെ...
പിറക്കുവാനായിരുന്നെങ്കില്‍ ...
നിലാവും മഴയും കുളിരും 
വിരിക്കുന്ന ഭൂമി; ഒരു-
മനോഹരതീരമാകുമായിരുന്നു..
എന്‍റെ സ്വപ്ന ലോകം 
യാഥാര്‍ത്ഥ്യമാകുമായിരുന്നു...........  


                              യോതിഷ് ആറന്മുള 

Sunday, September 25, 2011

നിറമില്ലാത്ത മഴവില്ല്

നിറമില്ലാത്ത മഴവില്ല്














വര്‍ഷങ്ങള്‍ എത്രയോ വേഗം കൊഴിഞ്ഞു .....
പകലന്തിയോളം കരഞ്ഞു ....
തിരികെ നടക്കുവാന്‍ കഴിയില്ലയെങ്കിലും 
വെറുതെ - പുറകിലെന്തോ തിരഞ്ഞു ........
ദൂരെ , പ്രതീക്ഷക്കു മുനവെച്ചു -
തിരിഞ്ഞു നോക്കുമ്പോളെന്‍
ഹൃദയത്തില്‍ വേര് പറിയുന്നു.....
എന്‍റെ ഹൃദയത്തില്‍ വേര് പറിയുന്നു.....
പിന്നിട്ട വഴിയിലെ പടിവാതിലാരോ 
കൊട്ടിയടച്ചിരിക്കുന്നു ......
ഇനിയെന്തെന്ന ഭാവം കനക്കുമ്പോഴും 
ഈ നിശബ്ധതയിലൊരു പിന്‍വിളി -
കാതോര്‍ക്കുമ്പോഴും 
ശൂന്യത മാത്രം നിറയുന്നു........

എവിടെയാണിന്നെന്‍റെ പ്രണയവും 
ധനുമാസപുലരിയും അമാവാസിനാളും
എവിടെയാണിന്നെന്‍റെ ഹൃദയത്തില്‍ മുക്കി -
ചുവന്ന പീലിതണ്ടില്‍ 
ആത്മാവിലെഴുതിയ പ്രണയകുറിപ്പുകള്‍....
എവിടെയാണിന്നെന്‍റെ നിഴലും 
നിറയുന്ന കുളിരും 
കടലോര സന്ധ്യയും,
എന്‍റെ സ്വപ്നങ്ങളും .........
ഒടുവിലെന്‍ മിഴിതുമ്പിലൊരു-
കുങ്കുമപോട്ടായി കടലാഴങ്ങളിലെപ്പോഴോ 
ചാടിമരിച്ച കിരണങ്ങളും
കാലതിരശ്ശീലയില്‍ തേഞ്ഞു മറഞ്ഞ -
നിലാവും മിഥുനങ്ങളും
പകര്‍ന്നു തന്നതിരുളിന്‍റെ നിറവും 
നിറമകന്ന മഴവില്ലും സ്വപ്നങ്ങളും മാത്രം ......
ഇനിയും പ്രതീക്ഷക്കു മുനവച്ചു 
തിരിഞ്ഞു നോക്കുമ്പോളെന്‍
ഹൃദയത്തില്‍ വേര് പറിയുന്നു.....

എന്‍റെ ഹൃദയത്തില്‍ വേര് പറിയുന്നു.....

ഞാനിനിയുമൊരുപാട്ട് പതിയെ മൂളാം
എന്‍റെ കരളിന്‍റെ തേങ്ങലുകള്‍  ഓര്‍ത്തുപാടാം ...
ജാലകപ്പാളിക്കുമപ്പുറം 
നീളും ഒരൊറ്റയടിപ്പാത  തീരുവോരം 
നോക്കി ഞാനിരിപ്പു.......
ഇനിയും തിരികെ നീ എത്തുമെങ്കില്‍....
ഇഷ്ട വസന്തമേ......... 
നഷ്ട സ്വപ്നങ്ങളെ ....
നിങ്ങളെന്‍റെ ചിതയ്ക്ക് -
കൊളുത്തിയ തീയില്‍ വെന്തു പിടയുമ്പോഴും 
പ്രതീക്ഷക്കു മുനവെച്ചു -
തിരിഞ്ഞു നോക്കുമ്പോളെന്‍
ഹൃദയത്തില്‍ വേര് പറിയുന്നു.....
എന്‍റെ ഹൃദയത്തില്‍ വേര് പറിയുന്നു.....



                                        യോതിഷ് ആറന്മുള 

Saturday, September 24, 2011

അഭയാര്‍ത്ഥികള്‍

അഭയാര്‍ത്ഥികള്‍





















ഇന്നീ  സ്കൂള്‍ വരാന്തയില്‍ -
അഭയാര്‍ത്ഥികള്‍ക്കൊപ്പം ,
അവന്‍ ചോദിച്ചോരായിരം ചോദ്യചിഹ്നങ്ങള്‍ ....
എനിക്ക് മുന്‍പില്‍ വളഞ്ഞു-
കുത്തി നില്‍ക്കുന്നു ...
മലവെള്ളപ്പാച്ചിലില്‍ തോണിയിലേറി -
ദൂരേക്ക്‌ പോയ അമ്മയ്ക്ക് 
വിശക്കുന്നുണ്ടാകുമോ...... ?
എനിക്ക് വിശക്കുമ്പോള്‍ അച്ഛന്‍ -
കരയുന്നത് എന്തിനാണ്...... ?
അച്ഛന്‍ കരയുമ്പോളെന്തിനാണുണ്ണിയെ  
ചുംബിക്കുന്നത് .....?
ഒടുവില്‍- 
ജീവിതതിനര്‍ത്ഥം വിശപ്പാണോ ?
എന്നവന്‍റെ  ചോദ്യത്തിനുത്തരം -"അതെ "
എന്നറിയാതെ ഞാന്‍ തികട്ടിയപ്പോള്‍ 
മനപ്പായസം പോലവനാ - ഒരുത്തരം 
നക്കികുടിച്ചു............. 


                                  യോതിഷ് ആറന്മുള 



Friday, September 23, 2011

ചിതല്‍പുറ്റുകള്‍

ചിതല്‍പുറ്റുകള്‍











ചുമരില്‍ ഭാരമേറുന്നുവോ ?
ചുറ്റുമിരുള്‍ നിറയുന്നുവോ?
എങ്കിലിനി  ഞാന്‍ മയങ്ങട്ടയോ...
ആരോ പറഞ്ഞ വചനങ്ങള്‍ -
"പുറം കാഴ്ച കാണാതെ കണ്ണടച്ച് ...
ഒരു വാക്ക് മിണ്ടാതെ വായ പൊത്തി..
എന്‍റെ കാതുകള്‍ പൊത്തി ഞാനുങ്ങട്ടയോ ?"
എത്ര നാളുകള്‍ -
പിന്നെത്ര യുഗങ്ങള്‍ ....
ആ മരച്ചുവട്ടില്‍ ഞാനുറങ്ങി. 
എന്‍റെ ചോര പോടിഞ്ഞതറിഞ്ഞതില്ല , 
മകനെ കുരിശില്‍ തറച്ചതറിഞ്ഞതില്ല ,
മകളെ കൊത്തി വലിച്ചതറിഞ്ഞതില്ല ,
പെങ്ങള്‍ തന്‍ ചേല ഉരിഞ്ഞതറിഞ്ഞതില്ല ,
അമ്മ തന്‍ കണ്ണീര്‍ വരണ്ടതും അറിഞ്ഞതില്ല ...
യുഗാന്തരങ്ങള്‍ക്കുമപ്പുറം 
കണ്ണ് തുറന്നു ഞാന്‍ കണ്ട കാഴ്ച -
എന്നെ പൊതിഞ്ഞ ചിതല്‍പുറ്റുകള്‍.....
കാത് തുറന്നു ഞാന്‍ കേട്ടതാദ്യം -
"നീ വേണ്ട ഞാന്‍ മതി "
എന്നാ വാക്കും - പിന്നെ 
പ്രാണ വേദനയോടൊരു നിലവിളിയും...   


                              യോതിഷ് ആറന്മുള 


Wednesday, September 21, 2011

കാമുകി

അറിയതെയെപ്പോഴോ ......
ഹൃദയത്തോട്  ചേര്‍ന്ന്
മനസ്സിന്‍ ആയങ്ങളില്‍ 
കുളിര്‍ കോരിയിട്ട കവിത..
ഏകാന്ത യാത്രയില്‍ 
മനം മടുക്കുമ്പോള്‍ - എന്നില്‍,
സ്വപ്നം നിറച്ച്‌
കാണാമറയത്തെവിടെയോ...
കുറെ കവി വാക്കുകളുമായി-
എത്തുന്നത് നീ മാത്രം.

കോരിച്ചൊരിയുന്ന മഴയില്‍... 
ചിലപ്പോള്‍ -
ഉറക്കമില്ലാത്ത രാത്രികളില്‍...
ഏകാന്തതയുടെ നടുതളങ്ങളില്‍
ഒരു ഭ്രാന്തനായ് അലയുമ്പോള്‍,
അല്ല...
ദിനരാത്രങ്ങള്‍  പോലും 
നീ കടന്നുവരും.
ഒരു കാമുകിയുടെ പരിവേഷവുമായി ...
ഒരു ചൂളം വിളിയുടെ അകമ്പടിയോടെ,
പ്രണയ സുഗന്ധമായി എത്തുന്ന 
നീയാണ് എന്‍റെ കാമുകി...

പതനം നേരിടുന്ന സ്വപ്നം 
ഒടുവില്‍ - ഞാനും 
അഗാതങ്ങളില്‍ പതിക്കുമ്പോള്‍ 
ഒരു നേര്‍ത്ത സംഗീതമായി-
മനസ്സില്‍ ഒഴുകിയെത്തുന്നതും 
നീ മാത്രം.

കരിഞ്ഞുണങ്ങിയ പൂവും 
പാടാത്ത കുയിലും 
കുറുകാത്ത പ്രാവും
സിരകളില്‍ രക്തം കട്ടപിടിപ്പിക്കുമ്പോള്‍ 
ആ നിശബ്ദ താഴ്‌വരയില്‍ 
ഉന്മത്തനായ എന്നെ -
പ്രണയ വരികള്‍ കൊണ്ടൊരു-
ഗായകനാക്കുന്നതും നീ മാത്രം.

ഇരുട്ടില്‍ ഭീകരതയുടെ 
നഗ്നമുഖം കണ്ടു നിലവിളിക്കുമ്പോള്‍
ഞാന്‍ കാണുവാന്‍ ശ്രമിക്കുന്നതും 
അറിയാന്‍ ആഗ്രഹിക്കുന്നതും  - നിന്നെക്കുറിച്ച് ;
ഒടുവില്‍ -
നിഷ്കളങ്കതയുടെ ചാരുതയും 
നിറഞ്ഞ പുഞ്ചിരിയുമായി
എന്‍റെ പേരുചൊല്ലി വിളിക്കുന്ന 
നിന്നെ എനിക്ക് കാണുവാന്‍ സാധിക്കും ,
പ്രിയ കവിതേ .......
നീ തന്നെയാണെന്‍റെ   കാമുകി.......


Sunday, September 18, 2011

ഒരു കൊച്ചു പ്രണയഗീതം

ഒരു കൊച്ചു പ്രണയഗീതം 















ഒരു യാത്ര...
കുറച്ചു ദൂരം.
ആറുകാലങ്ങളില്‍ ഇരുകാലുമായി-
ഒരു സമയ രഥം....
വെയില്  ചിരിക്കുന്നു ....
പിന്നെപ്പോഴോ- മഴമേഘങ്ങള്‍
ചാറിക്കരയുന്നു.
ഇടവഴിയിലൊരു  മന്ദിരം - വഴിയമ്പലം .
ഇതുവരെ ചാരിയ  വാതിലുമായ്
ഒരു സഹയാത്രിക ...
മരുഭുമിയിലൊരു  മഞ്ഞു തുള്ളി ...
പിന്നെ പെരുമഴ -
നദി പിറക്കുന്നു ..
ഒരു കടലാസ് തോണിയും
കുറെ ആറ്റുവഞ്ചി പൂക്കളും
കാറ്റും പൂത്തമരങ്ങളും-
നിര്‍ത്താതെ കൂവുന്ന കുയിലും ;
ഒരു നീണ്ട സ്വപ്നം .

പാതി തുറന്ന വാതില്‍
ഉള്ളില്‍ കുറുകുന്ന പ്രാവുകള്‍ ....
പൂത്ത വാകമരത്തില്‍ ഒരു കിളിക്കുട് ,
പകലടങ്ങി -ഇരുട്ടില്‍ നറുനിലാവ്
ചന്ദനം കടഞ്ഞ ശില്പം;
നിശാ ശലഭങ്ങള്‍ക്ക്
ചിറകുമുളച്ചു.-  നിഴല്‍ക്കൂത്ത് ...
സമയരഥം ഉരുളുന്നു ...
ആറുകാലങ്ങളും  വസന്തം.

ഒരു കാറ്റ് ;-
ആടിയുലയുന്ന തീനാളം .
ഒപ്പം നിഴലുകള്‍ ...
ആരോ കമഴ്ത്തിയ എണ്ണപ്പാത്രം ,
തീ പടര്‍ന്നു .
കാറ്റാഞ്ഞു വീശി -
പ്രാവുകള്‍ ചിറകടിച്ചുയര്‍ന്നു,
ചുവന്ന പൂക്കള്‍ കരിഞ്ഞു .


കൊട്ടിയടച്ച വാതില്‍
കാന്‍വാസില്‍ -
ചായക്കൂട്ടുകള്‍ തീര്‍ത്ത രൂപമില്ലാത്ത ചിത്രം.
മച്ചില്‍ കുറുകുന്ന പ്രവുകളില്ല,
പകരം തൂങ്ങിയാടുന്ന "കയര്‍",
നിലച്ച സമയരഥം.
യാത്ര ഇത്രദൂരം.....

                                  യോതിഷ് ആറന്മുള


Saturday, September 17, 2011

കാലം












കാലം 

ചിതറിയ മാനുഷിക ചിന്തകളാല്‍ 
കൊഴിയുന്ന  ജീവസ്ഫുരണങ്ങള്‍ ;
വിടരുവാന്‍ വെമ്പുന്ന പുഷ്പമുകുളം 
ചെറു ചൂടില്‍ ഉണരാതുരുകുന്ന കാഴ്ച -  ഹോ ...?
ഇനിയും ശ്മശാനമാണ് മുന്‍പില്‍.
അടര്‍ന്നുതിരുന്ന ചുടു ചോരയില്‍ 
താണ്ഡവമാടുന്ന കലികാലമേ ...
അരിഞ്ഞിട്ട ചിറകില്‍ കുരുത്തത് -
പ്രതീക്ഷയല്ല.... 
ധര്‍മ്മബോധമല്ല...
പകയും അറപ്പും വെറുപ്പും മാത്രം .
ദാഹജലത്തിനു ചോരയൂറ്റുന്ന  കാലമേ......
കണ്ണുനീര്‍ വീണ മണ്ണില്‍ 
മുളയ്ക്കില്ലിനി, ജീവന്‍റെ പുതുനാമ്പുകള്‍ .....
കാലമുണരുമ്പോള്‍ ഉയരുന്ന -
നിലവിളിയില്‍ , അമ്മ-
തലതല്ലിക്കരയുന്നത് കേള്‍പ്പു; പുലരില്ല -
ശാന്തിയിനിയും.,
നശിക്കട്ടെ സര്‍വ്വതും - നശിക്കട്ടെ .

                                     യോതിഷ് ആറന്മുള            

മുറിവ്

നേർച്ചയിൽ അധികവും പോയത് അങ്ങോട്ടാണ് .. ഉരുളി കമഴ്ത്തുമ്പോഴും ഉരുവിട്ടത് ആൺകുട്ടി ആൺകുട്ടിയെന്നാണ് ... ജനിക്കും മുൻപേതന്നെ അവഗണിക്കപ്പെട്ടു ....