Wednesday, October 31, 2012

കവിതയാവശ്യം




കാലത്തിന്‍റെ വൈകൃതങ്ങളെ -
നാലുവരിയായി ..
ഒരു വെള്ള പേപ്പറില്‍ ,
കുത്തികുറിച്ചു ..
പലകുറി വായിച്ചു നോക്കി .
വായന സുഖം തോന്നാഞ്ഞാല്‍--
ചീഞ്ഞു നാറുന്ന വരികളെ-
ഞാന്‍ ചവറ്റുകുട്ടയിലേക്ക് ചുരുട്ടിയെറിഞ്ഞു.
അന്യന്‍റെ സ്വകാര്യതയില്‍ ഒളികണ്ണെറിഞ്ഞു-
സുഖം കണ്ടെത്തുന്നവരില്‍ ഒരുവന്‍
അത് കണ്ടെടുത്തു വായിച്ചിട്ട് പറഞ്ഞു
നീയൊരു കൊച്ചു കവിതന്നെ ...
പിന്നെയും ആരൊക്കെയോ പറഞ്ഞു.
നിന്നില്‍ ഒരു കവി ഉറങ്ങിക്കിടക്കുന്നു..
അറിയാതെ ഞാനും അത്  വിശ്വസിച്ചു.
പിന്നീട് -
കാറ്റിനെയും ,
മഴയെയും ,വേനലിനെയും  കുറിച്ച് ,
അമ്മയെ കുറിച്ച് അച്ഛനെക്കുറിച്ച് ,
സാമൂഹിക തിന്മകളെ കുറിച്ച് ,
അനീതിയെയും അക്രമങ്ങളെയും കുറിച്ച്  ...
അങ്ങനെ അങ്ങനെ ...
ഞാന്‍ എഴുതിയവ എല്ലാം
വാരികകളിലേക്കും മഞ്ഞപത്രങ്ങളിലേക്കും
അയച്ചുകൊടുത്തു ..
ഒരു കവിതപോലും  അക്ഷരം-
ഒട്ടിയ പേപ്പറില്‍ അച്ചടിച്ചുവന്നില്ല..
ഒടുവില്‍ -
ഞാന്‍ എന്‍റെ
പ്രണയ നഷ്ടത്തെ കുറിച്ച് എഴുതി അയച്ചു..
അച്ചടിച്ച്‌ വന്ന കവിതക്കൊപ്പം -
എന്‍റെ ഹൃദയം കൊത്തിനുറുക്കി
എഴുതിയ അക്ഷരങ്ങളെ പ്രണയിക്കാന്‍
ഒരുപാട് വായനക്കാര്‍ വന്നു..
അപ്പോള്‍ മാത്രമാണ് -
സാമൂഹിക തിന്മകളെ കുറിച്ച്
വായിക്കാന്‍ സമയമില്ലാതവരെപ്പറ്റി
ഞാന്‍ ചിന്തിക്കുന്നത്....
അവരെല്ലാം പ്രണയിക്കുകയാണ്‌ ...
പ്രണയ നഷ്ടത്തില്‍ മാത്രമാണ്
അവര്‍ക്ക് കവിതയാവശ്യം ....



                                               യോതിഷ് ആറന്മുള

Thursday, October 25, 2012

ഭ്രാന്ത്‌ ...




ഞാന്‍ എന്‍റെ സങ്കടങ്ങളുടെ കെട്ടുകള്‍ എല്ലാം-
അയിച്ചു വിടാന്‍ പോകുന്നു ...
അല്ലെങ്കില്‍ എന്തിനാണ് കണ്ണീര്‍ പുഴയിലെ -
അവസാന തോണിക്കാരനായി ഞാന്‍ മാത്രം അലയുന്നു..
കപട സ്നേഹത്തിന്‍റെ കാല്‍ച്ചങ്ങലകളെ -
ഇടനെഞ്ചില്‍ കനത്തു നില്‍ക്കുന്ന -
ഭാരം തള്ളിയിട്ടു  പൊട്ടിച്ചെറിയണം.
എന്നിട്ടും- എനിക്കെന്‍റെ സ്വതന്ത്ര്യം തിരിച്ചു കിട്ടിയില്ലെങ്കില്‍
ലോകത്തിന്‍റെ നെറുകയില്‍ ചവുട്ടി,
കത്തി മറിയുന്ന സൂര്യന് കീഴെനിന്നു -
ഉറക്കെ അട്ടഹസിക്കണം .....

Wednesday, October 24, 2012

മറക്കണം


മറക്കണം എന്ന ഒരൊറ്റ വാക്കിലൂടെ-
എന്‍റെ മരണമാണ്.. 
നീ ചോദിക്കുന്നത് ..
യുഗങ്ങളായി ഞാന്‍ ചെയ്ത തപസ്സാണ് 
എനിക്ക് നിന്നോടുള്ള പ്രണയം .
നീ തുറന്നു വിടാന്‍ പറയുന്നത്-
ആയിരം കുതിരയെ പൂട്ടിയ എന്‍റെ സ്വപ്ന തേരിനെയാണ്.

എങ്കിലും നിനക്കുവേണ്ടി
ഞാന്‍ മറക്കാം -
എന്‍റെ മൃതിയിലൂടെ എന്നെതന്നെ .....



                                                                      യോതിഷ് ആറന്മുള 

Tuesday, December 27, 2011

കാത്തിരിപ്പ്‌


അവസാനമെവിടെയെന്നറിയാതെ-
നീളുമീ; മണ്‍പാതയ്ക്കുമപ്പുറം
മേഘശകലങ്ങള്‍ തീര്‍ക്കുന്ന -
നിഴല്‍ ചിത്രങ്ങളില്‍ ,
ഇടയ്ക്കെപ്പോഴെങ്കിലും
എനിക്കേറ്റം ഇഷ്ടപെടുന്ന -
രൂപം വരയ്ക്കുന്നതും നോക്കി- ഞാന്‍
കാത്തിരിക്കുന്നു .........

നട്ടുച്ചനേരത്ത്‌ സൂര്യന്‍
തലയ്ക്കു മുകളില്‍
തിളച്ചു മറിയുമ്പോള്‍
ഒരു തണല്‍ മരമെന്നില്‍
നിഴല്‍ വിരിക്കുന്നതും .........
മഴത്തുള്ളികള്‍ വന്നലറി
കരഞ്ഞു കൊണ്ടാഞ്ഞു പെയ്യുമ്പോള്‍ -
ഒരു ചെമ്പില തണ്ടുമായ് -
എന്നോടോത്തണയുന്നതും നോക്കി- ഞാന്‍
കാത്തിരിക്കുന്നു .........

ഒടുവില്‍ -
എന്റെ  കാത്തിരിപ്പുകളെല്ലാം
നിന്നില്‍ എത്തിച്ചേരുന്നത്
തികച്ചും യാദ്ര്യശ്ചികം  മാത്രം.........  


                                        യോതിഷ് ആറന്മുള

Tuesday, November 15, 2011

ആദ്യമായ്

ആദ്യമായ് 











ഒരു വാക്കിലൂടെയെന്‍ അനുരാഗമെല്ലാം
കൊതിയോടെ മെല്ലെ പറഞ്ഞനേരം
ആരാരുമറിയാതെ  എന്തിനു നീയെന്‍ -
മനസ്സിനുള്ളില്‍ നിന്‍ ഹൃദയതാളം
മറന്നു വച്ചു.......

ആദ്യമായ് കണ്ട നാള്‍ എന്തിനു
നീയെന്നെ - നിന്‍ കണ്കൊണില്‍ ഒളിച്ചുവച്ചു
നീ പറയാതെ എങ്കിലും
മനസ്സിന്റെ ജാലക മിഴിപൂക്കള്‍ ആകഥ
എനിക്ക് പറഞ്ഞു തന്നു ..

ആദ്യമായ് കാണുമ്പോള്‍ എന്തിനു
നീയെന്നെ നിന്‍ -ചുണ്ടിലെ പുഞ്ചിരിക്കുള്ളില്‍
ഒളിച്ചുവച്ചു ....
നീ പറയാതെ എങ്കിലും
ആയിരം സ്വകാര്യങ്ങള്‍
ആ നുണക്കുഴികള്‍ പറഞ്ഞു തന്നു .......


                                       യോതിഷ് ആറന്മുള 

Sunday, October 16, 2011

വ്യര്‍ത്ഥകാമനകള്‍

വ്യര്‍ത്ഥകാമനകള്‍

പണ്ടെങ്ങോ ജീവിച്ചു മരിച്ചതാണ് ഞാന്‍ 
ജീവന്‍റെ ഉള്‍ നാമ്പുകണ്ടഴുകി 
അഴുകി കിടന്നതാണ് ഞാന്‍ ...... 

പ്രണയത്തിന്‍റെ മേച്ചില്‍ പുറങ്ങളില്‍ 
ഹൃദയം കൊത്തിവലിക്കുന്ന 
കഴുകന്‍ ചുണ്ടുകള്‍ക്കിടയില്‍.....
ആത്മാര്‍ത്ഥതയുടെ- 
മുഖം മൂടിക്കുള്ളില്‍,
കപട സ്നേഹത്തിന്‍റെ കാല്‍ച്ചങ്ങലകളില്‍......
സ്വപ്ന ചരടില്‍ തുങ്ങിയാടുന്ന 
വ്യാമോഹങ്ങള്‍ക്കിടയില്‍........ 
എത്ര കൊടുത്താലും കൈ നീട്ടി നില്‍ക്കുന്ന 
മാനവ കോമരങ്ങള്‍ക്കിടയില്‍ ..

കാലമേറെ  കഴിഞ്ഞു പോയ്‌ ..
 വ്യര്‍ത്ഥകാമനകളിലൂടെ 
ഓര്‍മകളിലേക്ക് സഞ്ചരിക്കുമ്പോള്‍ 
എന്‍റെ പാതി മരണത്തില്‍ -
നഷ്ടപെടുത്തിയ ജീവിതത്തിന്‍റെ- 
ആഹുതി ഞാന്‍ അറിയുന്നു ......    

യോതിഷ് ആറന്മുള      

Sunday, October 9, 2011

യാത്ര

യാത്ര














എന്നുമെന്‍ യാത്രകളിലെല്ലാം 
മനസ്സിന്‍  പുസ്തകതാളില്‍ 
കുറിച്ചിട്ട പ്രണയം -
തിരയുന്നു......... 
ഓരോ യാത്രയും  
പ്രണയത്തിലേക്കുള്ള പിന്‍വിളികള്‍.....
ഹൃദയത്തിന്‍ -
അകത്താളുകളില്‍ സൂക്ഷിച്ച
മയില്‍ പീലിതണ്ടുകളിലൂടെ ......
എവിടെയോ  മറന്നു വച്ച -
ഓര്‍മകളുടെ മുത്തുകളിലൂടെയും
വളപ്പൊട്ടുകളിലൂടെയും..,
ഒടുവില്‍-
നഷട്ടപ്പെട്ടു പോയ
ബാല്യ കാലത്തിന്‍റെ
ചിതലരിച്ച ഓര്‍മകളില്‍............
നിറ കണ്ണുകളോടെ-
യാത്ര പറഞ്ഞകന്ന -
കളിക്കൂട്ടുകാരിയുടെ നൊമ്പരങ്ങളില്‍
അലിഞ്ഞില്ലാതാകുന്ന യാത്ര .........


                                                      യോതിഷ് ആറന്മുള 


മുറിവ്

നേർച്ചയിൽ അധികവും പോയത് അങ്ങോട്ടാണ് .. ഉരുളി കമഴ്ത്തുമ്പോഴും ഉരുവിട്ടത് ആൺകുട്ടി ആൺകുട്ടിയെന്നാണ് ... ജനിക്കും മുൻപേതന്നെ അവഗണിക്കപ്പെട്ടു ....