Thursday, November 23, 2017

ജ്യോതിശാസ്ത്രം

ആഴ്ചതോറും വാരഫലം നോക്കി 
ഇല്ലാത്ത പ്രയാസം ഉണ്ടാക്കി -
ജീവിക്കണമെന്നാണ് - ( ജ്യോതി )ശാസ്ത്രം    

അനാഥൻ

ദാരിദ്ര്യം ശീലമാക്കിയ,
ഭയം ഒരുടുവസ്ത്രം പോലെ
വാരിയുടുത്ത,
നിസ്സഹായത മുറ്റിയ -
ഏതോ പെണ്ണിന്റെ
വയറ്റിൽ പത്തുമാസം
നിറഞ്ഞുകിടന്ന വിശപ്പ് ...

ലക്ഷ്മണവ്യഥ

----------------------------------------------------------------------- 
ഇന്നലെ വരണ്ടതാണാ , കാനനപാതകൾ ..
ഇന്നലെ കരിഞ്ഞതാണാ കാട്ടുപൂവുകൾ ...
നന്നായി തെളിഞ്ഞ തടാകത്തിൽ
ഒരു തുള്ളി - കണ്ണുനീർ വീണു ,
മുറിഞ്ഞ നിശബ്ദത...
വാടികരിഞ്ഞ വരണമലർമാല്യം
കാലമൊന്നായ് തീർത്തതാം രേഖക-
ളാസുര മോഹച്ചുവടിനൊടുക്ക-
മവശേഷിപ്പിച്ചതാമോർമ്മകൾ...
ധൈര്യവീര്യം തകർന്നശ്രു തൂകുന്ന -
സത്യധർമ്മിഷ്ടാ ...
ഉള്ളിലീ ചിത്രമെത്ര മുള്ളുകൊള്ളുന്നു ...
നല്ലൊരു വാക്കുപൊലുമില്ല,
തെല്ലൊന്നു സാന്ത്വനിപ്പിക്കുവാൻ..
മറുജന്മമൊന്നെനിക്കില്ല ...
കയ്ക്കുന്ന നീരസ -
വിഷാദവിഷമിറക്കിയെന്തിന്നു -
സീതാപഹരണത്തെയോർത്തു,
വിതുമ്പുന്നു ജേഷ്ടാ... !!...
ആ - ദശമുഖമുടച്ചാഴിയിൽ തളയ്ക്കാൻ ...
ആത്മപീഡയും വ്യഥയുമീ വേവും മറക്കാൻ ...
താപസമൗനം വെടിഞ്ഞ്,
വാക്കലൊരു കൽപ്പന ..
ക്ഷമാ , ശീലഗുണം പരിത്യജിച്ച -
ർദ്ധ സമ്മതത്താലൊരു നോട്ടമെങ്കിലും
പകർന്നേകുക ...
ഹേ , മാരീച..
നീയാമപരന്നു -
പാടെ കവരാനുള്ള ,
വെറും മുക്തസൗന്ദര്യം
മാത്രമല്ലെന്റെ സ്വാമിനി ...
രാമനെന്നൊരേയുടലിൽ ചേർന്നമർന്ന് -
രാജാങ്കണവും,ഈ കാടും കടന്നവൾ..
അംഗരാജ്യം വെടിഞ്ഞ രാമന്റെ,
മരവുരിയുടുത്തേക-
പതീവ്രത തല്പയാണവൾ..
രാമനെന്നേക വിഹായസ്സിൽ
അലിഞ്ഞ മോഹപക്ഷിയാണവൾ..
ആശങ്കതെല്ലുമില്ലാതെ രാമ-
സുഖദുഃഖതിനൊപ്പമീ -
വനവാസത്തെയും വരിച്ചവൾ...
അഹോ! വയ്യിത്ര സങ്കടം ....
ഞാൻ കേട്ടരാമരോദനമശേഷം
ജേഷ്ഠന്റെയല്ലെന്നറിയാഞ്ഞതല്ല ..
വൃഥാപവാദം ഭയന്നുഴറിയോടിയീ -
ശഠനൻപൊട്‌ ക്ഷണിച്ചുവച്ചോരപായം...
നൈഷ്ടീക ജേഷ്ഠതപശക്തിയാൽ
തീർത്ത ലക്ഷ്മണരേഖ - കേവലം,
വൈഷയിക വേഷ പ്രച്ഛന്നത കൊണ്ടിത്ര -
തകരുമെന്നൊർത്തതില്ലീ മൂഢൻ ...
ഹോ, രാവണ ..
നീ തൊടുവിച്ച ഭ്രാന്തിൻ ക്രൂരമ്പുകൾ
കൊണ്ടതെൻ തോറ്റമാനസത്തിലാണ്...
ഹൃത്ത് ചക്രവാളത്തിലാ -
കനലെത്ര പൊള്ളിയെരിയുന്നു ...
പഞ്ചദോഷങ്ങളിൽ നീറുമീ -
വ്യഥിത കാണ്ഡത്തിലെന്റെ പാപകർമ്മം -
ജയിക്കുവാൻ ...
അഗ്നി ശുദ്ധിയാലെന്റെ
ചുടലയ്ക്ക് തീയൂട്ടുവാനൊരു -
ചിത കിട്ടിയെങ്കിൽ.....
ധൈര്യവീര്യം തകർന്നശ്രു തൂകുന്ന -
സത്യധർമ്മിഷ്ടാ ... മൽ -
ചിത്തത്തിലീ ചിത്രമെത്ര മുള്ളുകൊള്ളുന്നു ...

Thursday, June 30, 2016

ഇനി നമുക്ക് മണ്ണുകൊണ്ട് തുലാഭാരം നടത്താം..



പുഴയുടെ പേരും പറഞ്ഞ്,
പെരിയ ഗ്രാമ സങ്കടങ്ങളെക്കുറിച്ചു -
പാടാനോ ....
നഗര വിലാപ കാവ്യങ്ങൾ
പാടി കരയുവാനോ ....

ഒരു കവിയും വരില്ല ......

കാരണം -
അയാൾക്കിപ്പോൾ
ഒട്ടകങ്ങളെ കുറിച്ച് മാത്രമേ
പാടാൻ കഴിയു...

നീണ്ടു നിവർന്നു കിടക്കുന്ന
മണ്‍ വഴികളിൽ
ഒരിക്കൽ പോലും വഴിതെറ്റാതെ-
വീടെത്തിക്കാറുള്ള
ഒട്ടകങ്ങളെ കുറിച്ച് മാത്രം ........

Tuesday, June 28, 2016

"ദൈവം കുഴമ്പു മണക്കുന്ന - മുറിയിൽ വിശ്രമിക്കുമ്പോൾ,"


അയാൾ -
ഭാര്യാസമേതനായി,
കാശി, രാമേശ്വരം, ഹരിദ്വാർ വഴി
ഹിമാലയത്തിൽ വരെ -
ദൈവസമീക്ഷയോടെ അലഞ്ഞു ...
മകൻ പോയ വഴിയിലേക്ക്
നോക്കി "വൃദ്ധ ദൈവങ്ങൾ" ആദ്യം ചിരിച്ചു...
പിന്നീട് -
തമ്മിൽ തമ്മിൽ
നോക്കിയിരുന്ന കണ്ണുകളിൽ
അതിർത്തികൾ ലംഘിച്ചൊരു - കടൽ,
വന്നു നിറഞ്ഞു....

Monday, June 20, 2016

റൊട്ടി

നാളെയും
നേരം പുലരുമല്ലോന്നോർത്തോത്ത്,
നാളെയും കുഞ്ഞുങ്ങൾ
കരയുമല്ലോന്നുള്ളിൽ  ഭാരം കനത്ത്,
കഴിഞ്ഞു പോയതിനേക്കാൾ -
വരാനിരിക്കുന്ന പതിനായിരം
വിശപ്പുരാത്രികളെ കുറിച്ച്
വേവലാതിപ്പെട്ട് - ഇന്നും,
റൊട്ടി മൂന്നായി പങ്കു വയ്ക്കപ്പെട്ടു...

Thursday, April 28, 2016

ചെമ്പരത്തി

എത്ര ആത്മാർഥമായി -
ചെമ്പരത്തി ചെവിയിൽ
ചൂടിയാലും,
ഭ്രാന്തെന്നേ പറയൂ ...
ഇടനെഞ്ചുകീറി ,
ചോരകിനിയുന്ന -
ചങ്കു കാണിച്ചാലും
ചെമ്പരത്തിയെന്നേ പറയൂ ..
പൂവെന്ന് പോലും
ചേർത്ത് വിളിക്കാനറച്ച് ,
എന്നെ പൂക്കളിൽ
ദളിതനാക്കിയതാര് ..
ഇത്രമേൽ -
അടിപ്പെട്ടവനാക്കിയതാര് .


മുറിവ്

നേർച്ചയിൽ അധികവും പോയത് അങ്ങോട്ടാണ് .. ഉരുളി കമഴ്ത്തുമ്പോഴും ഉരുവിട്ടത് ആൺകുട്ടി ആൺകുട്ടിയെന്നാണ് ... ജനിക്കും മുൻപേതന്നെ അവഗണിക്കപ്പെട്ടു ....