Tuesday, January 19, 2016

നീ വരുന്നതും കാത്ത്



പിന്നെയും യാത്ര പറയാതെ 
കടന്നുപോയ കാലമേ.........

ഞാനിവിടൊറ്റയ്ക്കാണ്  ഇന്നുമീ - 
മഴകൊത്തലേറ്റ് ,
നനഞ്ഞ്....
നനഞ്ഞു നനഞ്ഞേ  നിൽപ്പു ... 
ഈ മഴകൊത്തലേറ്റു ഞാൻ.. 
നനഞ്ഞു നനഞ്ഞേ  നിൽപ്പു ... 


ഇന്നലെ പെയ്ത ശിശിരത്തിലല്ല...
മിഴിയിലൂടൂർന്ന വർഷത്തിലല്ല ....
ഒടുവിൽ നീ പൂശിയ  നറുചന്ദന തെന്നലിലല്ല ...
ഇന്നലെ നാം കണ്ട സ്വപ്നത്തിലല്ല ...
വസന്തമറിയാതെ പൂത്ത -
പൂവിലാണെന്റെ ചേതന..
വസന്തമറിയാതെ പൂത്ത -
പൂവിലാണെന്റെ ചേതന..

ദൂരെ എകാന്തമെതോ ചില്ലയിൽ ........
ഒറ്റയ്ക്കിരിക്കുന്ന പക്ഷിയുടെ -
തേങ്ങലാണെന്റെ പരിവേദനം ...
പകൽ ....
പകൽ പൊള്ളിയടർന്ന തളിരുകളിൽ 
വേനലേറ്റമൊടുവിലേക്ക് -
നീക്കിവച്ചോരു തളിരിലാണെന്റെ  ജീവനം ...   
വേനലേറ്റമൊടുവിലേക്ക് -
നീക്കിവച്ചോരു തളിരിലാണെന്റെ  ജീവനം ...   


ഏറെ നാളുകൾ  - 
നമ്മളാ തുരുത്തിന്നോരത്ത്  ഒരുമിച്ചിരുന്നതും 
ചുണ്ടുപൊട്ടും വരെ തമ്മിലൊട്ടുന്നതും ,
വറുതിയോർക്കതെ -
കഥപറഞ്ഞുറങ്ങിയും ...
കാത്തുകാത്തൊടുവിലാ പൗർണമി -
വെളുത്തു പോകുന്നതും ...
കാത്തുകാത്തൊരാ പൗർണമി -
വെളുത്തു പോകുന്നതും ...
എന്റെയേകാന്ത ശയ്യയിലെന്നുമാ -
പോയകാല ശരത്കാല ചുംബനം 
തിരികെ വാങ്ങുന്നതും ....
സ്വപ്നമുണ്ണുന്നു ഞാൻ ... 
സ്വപ്നമുണ്ണുന്നു ഞാൻ ... 

ഇനിയും യാത്ര പറയാതെ -
പോയ കാലമേ .......
ഇനി വരില്ലെന്നുറപ്പില്ലാത്തോരിളം -
പ്രതീക്ഷയെന്തിനോ ..

ഇനിയും യാത്ര പറയാതെ -
പോയ കാലമേ .......
ഇനി വരില്ലെന്നുറപ്പില്ലാത്തോരിളം -
പ്രതീക്ഷയെന്തിനോ ..
പടിവാതിലോളം ചെന്ന്,
പടിവാതിലോളം ചെന്ന്,
മഴകൊത്തലേറ്റ് ,
നനഞ്ഞു നനഞ്ഞേ നിൽപ്പൂ ...
നനഞ്ഞു നനഞ്ഞേ നിൽപ്പൂ ....

പടിവാതിലോളം ചെന്ന്,
മഴകൊത്തലേറ്റ് ,
നീ വരുന്നതും കാത്തീ മണ്ണിൽ ഞാൻ 
നനഞ്ഞു നനഞ്ഞേ നിൽപ്പൂ ...
നനഞ്ഞു നനഞ്ഞേ നിൽപ്പൂ ...




രചന : യോതിഷ് ആറന്മുള
ആലാപനം , ആവിഷ്ക്കാരം : അഭിലാഷ് ആറന്മുള
Recorded By: ആംബ്രോസ് അഗസ്റ്റിൻ
Recorded at :ഹോവാർഡ് ജോൺസൺ


Monday, December 14, 2015

താരാട്ട്

ഞാനാദ്യം കണ്ട സ്വപ്നങ്ങൾക്കെല്ലാം 
നേർത്തൊരു താരാട്ടീണത്തിന്റെ - 
പശ്ചാത്തലമുണ്ടായിരുന്നു ...

കനൽ


കെട്ടുപോകാതിരിക്കാൻ 
ഇടയ്ക്കിടെ ഊതി ഊതി കത്തിക്കുന്നൊരു -
കനലുണ്ട് നെഞ്ചിൽ....
നീറിയും പുകഞ്ഞും അങ്ങനെ.....


Wednesday, November 4, 2015

മോഹം

















എനിക്കൊരു മരമാകണം 
തളിർത്തു കൊഴിഞ്ഞ് 
പിന്നെയും 
തളിർത്തു കൊഴിഞ്ഞ് ... 
വേരുകളിലൂടെ വേരുകൾതൊട്ടു 
നിൽക്കുന്ന മരമാകണം ...

വളർത്തമ്മ അറിയാതെ വന്നു 
കുഞ്ഞുങ്ങളെ താലോലിക്കുന്ന 
കുയിൽ പെണ്ണിന്റെ 
താരാട്ട് കേട്ടുറങ്ങുന്ന മരചില്ലയാകണം...

പുളിയുറുമ്പിനുറങ്ങാൻ 
ഇലപ്പന്തലൊരുക്കണം ..
അണ്ണാറക്കണ്ണന്റെ -
വിശപ്പിനൊരായിരം തേൻപഴമാകണം ....
ഓലേഞ്ഞാലിക്ക് -
ആടാനൊരൂഞ്ഞാലൊരുക്കണം 
കൊത്തിപറിച്ചു സ്നേഹിക്കുന്ന , 
മരക്കൊത്തനു -
ഉള്ളിലൊരിത്തിരി ഇടം കൊടുക്കണം ...

ഹൃദയമൂറ്റി -
ജീവനെടുത്തേക്കാമെങ്കിലും,
ഇത്തിൾകണ്ണിക്കുമൽപ്പം 
നീരുകൊടുക്കണം ...

മൈനയ്ക്കും മാടപ്രാവിനും 
തത്തയ്ക്കും കൊക്കിനും 
കാകനും കൂമനും
പുള്ളിനും പരുന്തിനും 
കഴുകനും,
കാടുകടന്നെത്തുന്ന ദേശാടന പക്ഷിക്കും 
അല്പനേരമിരിക്കാ- 
നൊരുവഴിയമ്പലമാകണം....

നൂറ്റാണ്ടുകളോളം 
പടർന്നു പന്തലിച്ചു 
തണലും തണുപ്പുമായി , 
വീടും കൂടുമായി , 
തലമുറകൾക്കു താങ്ങാകണം .....

പെട്ടന്നൊരു നാളിലാമോഹം 
ഉപേക്ഷിച്ചവൾ പറന്നു പോകുമ്പോൾ 
കാടൊരു മൊട്ടകുന്നായിരുന്നു ...
കൂടൊരു കുട്ടിയുടെ കയ്യിലായിരുന്നു...
കൂടിരുന്ന മരം -
നൂറു കഷ്ണങ്ങളായി ,
നുറുങ്ങി കിടക്കുകയായിരുന്നു..
-- 

Thursday, October 29, 2015

കവിത ഉള്ള രണ്ടാത്മാക്കളുടെ ആത്മഭാഷണങ്ങൾ
























ഒറ്റശിഷ്ടം ...
നാമെന്ന ഇരട്ട ചങ്ക് ...
ഇത് പറയുമ്പോളുണ്ടാകുന്ന
പൊരുത്തവും പൊരുത്തക്കേടും;
തിരിച്ചറിയുന്നതിലെ അപാകതയിലാണ്-
നീയും ഞാനും
പങ്കുകച്ചവടക്കാരാകുന്നത്...

എന്റെ മൌനം വിവര്‍ത്തനം ചെയ്യാനുള്ള
ഭാഷ ഭൂമിയില്‍ ഉണ്ടായിട്ടില്ലെന്ന് അവൾ.....
ഒരു വാക്കിന്റെ പോലും ആവശ്യമില്ലാതെ...
കണ്ണുകൾ കൊണ്ട് കഥപറയാതെ ,
ചുണ്ടോടു ചുണ്ട് ചേർക്കാതെ ..
ശലഭങ്ങൾ വന്നു മുത്താതെ വിരിയുന്ന പൂവുപോലെ ...
നീ എഴുതുന്ന കവിതകളില്ലേ
മൗനം കൊണ്ടെഴുതുന്ന കവിതകൾ ...
ആ കവിതകളിലാണ് ഞാൻ എന്നെ കണ്ടെത്താറുള്ളത് ....
നിന്റെ സ്നേഹം തുടിക്കുന്നത് കാണാറുള്ളത്‌ ...
നിന്‍റെ മൌനത്തിന്റെ സംഗീതം
കേള്‍ക്കുന്നൊരു കാതുണ്ടെനിക്ക് ..
ഒടുവിലേക്ക്എഴുതാൻ മാറ്റി നിർത്തിയിരിക്കുകയാണ് -
നിന്റെ മൗനത്തെ വിവർത്തനം ചെയ്തൊരു കവിത ..
അതായിരിക്കും എന്റെ അവസാന കവിത ...
(എഴുതപ്പെടാത്ത കവിതകള്‍
ബാക്കി വെയ്ക്കുന്നത് എനിക്ക് നിന്നോടുള്ള
സ്വാര്‍ത്ഥതയാണ് ...)
ഈ മാറ്റി നിർത്തലുകളിൽ ആണ്
ലോകം തകിടം മറിയുന്നത് !!!
പൂവുകള്‍ വാടും,
ആകാശം വീഴും ......
മാറ്റി നിർത്തുമ്പോള്‍ -
തകര്‍ക്കപ്പെടുന്ന ആകാശം,
സദാചാരികള്‍ താങ്ങി നിറുത്തും ...
ഞാനും നീയും മാത്രം നേരെ നില്ക്കുമ്പോൾ
ലോകം മുഴുവൻ തലകീഴായ്ക്കിടക്കും.
ഒരു റിവേർസബിൾ (സദാചാര) മാറ്റം ...
വെളിച്ചം കട്ടെടുക്കാത്ത ആൾക്കാർ
നിറയുന്ന ലോകത്തിന്റെ തെളിവ് എവിടെ?
അതിന്റെ ചിത്രങ്ങൾ കാണിച്ചു തരൂ..?
നമുക്ക് രണ്ടാൾക്കുമിടയിലെ
വലിയ / ചെറിയ തുരുത്തുണ്ടല്ലോ .. അവിടെ .
അവിടെയാണാ ലോകം ...
നിന്റെ -
ചിത്രം ഓർമിച്ചെടുത്ത് വരയ്ക്കുമ്പോഴും
നിന്നെ ഓർക്കുമ്പോഴും- ഞാൻ
അറിയാതെ കണ്ണടയ്ക്കുന്നു..
ഇരുട്ടിൽ കാണുന്നു...
എല്ലാം കറുപ്പിൽ കാണുന്നു..
എല്ലാ നിറവും കറുപ്പാണെന്ന് കുറിക്കുന്നു...
കറുപ്പഴക്
കറുപ്പിനഴക്
കറുപ്പിനേഴഴക് ...
പത്തിൽ ഏഴാണൊ / ഏഴ് നൂറിൽ ആണോ
എന്ന അവ്യക്തതയിലാണ് ..
കറുപ്പിന്റെ അഴകിനെ - കവി
തന്ത്രപൂർവ്വം കൈകാര്യം ചെയ്തിരിക്കുന്നത് ..
നിന്റെ ചിത്രം ഓർമിച്ചെടുത്ത് വരയ്ക്കുമ്പോഴും
നിന്നെ ഓർക്കുമ്പോഴും- ഞാൻ
കണ്ണു തുറന്നു വയ്ക്കാറുണ്ട് ...
കറുപ്പിന് ഏഴഴക് എന്നെഴുതിയത്
വലിയ കവിയുടെ ഏറ്റവും -
വലിയ നുണ...
ഇരട്ട ശിഷ്ടം .,
നമെന്ന ഒറ്റചങ്ക്....
എന്നുപറയാത്തിടത്തോളം -
എല്ലാ പുലരിയും കറുപ്പണ് .....
എല്ലാ തീവ്രതയും കറുപ്പാണ്...
തീവ്രമായെതെല്ലാം കറുപ്പാണ്...
കൂട്ടുകവിത with Chinchu Rosa

Friday, October 23, 2015

ചിറ്റാമ്പൽ

ആയിരം പൂർണേന്ദു ഒന്നിച്ചുദിച്ച പോലെത്ര -
നിലാവ് പൊഴിച്ച് പകലായ് ചമഞ്ഞാലുമാദിത്യാ ,
ചെറു ചിറ്റാമ്പൽ പൂവിനെന്നും
പ്രണയം നറുനിലാവിനോടല്ലേയുള്ളൂ .......





















ഞാൻ -
കല്ലെടുപ്പിച്ച തുമ്പിക്കുപോലും 
പറയാനുണ്ടാകും  നിന്നെ കുറിച്ച് ....

നീയേറെ കൗതുകത്തോടെന്നരുകിൽ 
ചിരിച്ചു കൊണ്ടിരിക്കുന്നൊരോർമയിൽ,
ഇന്നും ഒരു തുമ്പി -
കല്ലെടുക്കുന്നുണ്ട് ...

മുറിവ്

നേർച്ചയിൽ അധികവും പോയത് അങ്ങോട്ടാണ് .. ഉരുളി കമഴ്ത്തുമ്പോഴും ഉരുവിട്ടത് ആൺകുട്ടി ആൺകുട്ടിയെന്നാണ് ... ജനിക്കും മുൻപേതന്നെ അവഗണിക്കപ്പെട്ടു ....