Friday, October 23, 2015






















ഞാൻ -
കല്ലെടുപ്പിച്ച തുമ്പിക്കുപോലും 
പറയാനുണ്ടാകും  നിന്നെ കുറിച്ച് ....

നീയേറെ കൗതുകത്തോടെന്നരുകിൽ 
ചിരിച്ചു കൊണ്ടിരിക്കുന്നൊരോർമയിൽ,
ഇന്നും ഒരു തുമ്പി -
കല്ലെടുക്കുന്നുണ്ട് ...

എത്രയെന്നറിയുവാൻ
















ഏതു മരപ്പൊക്കത്തോളം വളരണം 
എന്നിലേക്കൊന്ന്  നീ  ചേക്കേറുവാൻ ...........

ഏതു  കഥയിലെ പൂമരമാകണം ,
എത്ര വർഷകാലം  നനയണം ,
എത്ര വേനലിൽ വേകണം ,
എത്ര സന്ധ്യതൻ  കുങ്കുമം ചാലിച്ചെത്ര,
യുഗങ്ങളീ വഴിയിലോറ്റയ്ക്ക് -
കാത്തുനിൽക്കണം... 
ഏതു പുഴയിലേക്കു വേരുകളാഴ്ത്തണം ..
ഉള്ളിലേതു പൂവിന്റെ 
ഹൃദയം ഒളിപ്പിക്കണം .... 

ആത്മശാന്തി

കുടുംബസമേതം അവർ 
കാശിയിലും രമേശ്വരത്തും പോയി തൊഴുതു...
അച്ഛന്റെ ആത്മശാന്തിക്കുവേണ്ടി 
മനസ്സുരുകി പ്രാർത്ഥിച്ചു ..

ചിതാഭസ്മം ഗംഗയിൽ ഒഴുക്കുമ്പോൾ,


"കണ്ണടയും മുൻപ് 
കാശിയിലും രാമേശ്വരത്തും പോണം 
ഗംഗയിലൊന്നു മുങ്ങി കുളിക്കണം 
എന്നൊക്കെ മുത്തശ്ശന് ആഗ്രഹമുണ്ടായിരുന്നെന്ന് "

കൊച്ചുമകൻ പറയുന്നുണ്ടായിരുന്നു.. 

അപ്രഖ്യാപിത കവിത

സ്വയം പ്രഖ്യാപിത പെങ്ങന്മാർ ഒരുപാടുള്ള,
അപ്രഖ്യാപിത കാമുകനാണ് ഞാൻ ...........

Wednesday, October 14, 2015

പ്രകാശസംശ്ലേഷണം

















വെയിലേറ്റു വാടിയതല്ല...
അവനില്ലാതെന്നിൽ -
പ്രാണനില്ലെന്ന്  - ഒരില,
നിലാവിന്റെ പ്രണയത്തെ 
നിർഖേദം നിരസിക്കുന്നു... 

Monday, November 17, 2014

പൂവിന്റെ മനസ്സ്











പൂമ്പാറ്റ ചിറകുള്ള ,
കാട്ടുതുമ്പി -
ഇന്നലെയും വന്നിരുന്നു...
പിന്നാലെ ഒരു പൂവിന്റെ മനസ്സുമുണ്ടായിരുന്നു...
എന്റെ മുറിയിലാകെ ,
അവർ സല്ലപിച്ചു പാറി കളിച്ചുകൊണ്ടിരുന്നു ....
ജനാലയ്ക്കപ്പുറം
ചെമ്പകച്ചോട്ടിൽ
വസന്തം വന്നു കാത്തു നിൽക്കുന്നെന്ന്
ഒരു മിന്നാമിനുങ്ങ് വന്നു -
പറഞ്ഞിട്ടു പോയി.....
ഇടയ്ക്കെപ്പൊഴോ -
മിന്നാമിനുങ്ങുകൾ മാത്രമുള്ള ,
താഴ്വാരത്തെ കുറിച്ച് അവൻ -
പൂവിന്റെ കാതിൽ സ്വകാര്യം പറഞ്ഞു...
നമുക്കവിടേക്ക് പോകാം
അവിടേക്കു പോകാമെന്ന്
പൂവിന്റെ മനസ്സ് കിന്നരിക്കുന്നതും കേട്ടു .....
ആയിരം മിന്നാമിനുങ്ങുകൾക്കു-
നടുവിൽ ;
ഞാനവളെ ചേർത്തു ചുംബിക്കുമ്പോളാണ്
പൂമ്പാറ്റ ചിറകുള്ള കാട്ടുതുമ്പി ,
അവിടേക്കെത്തുന്നത് .....
പൂവിന്റെ മനസ്സിപ്പോൾ
തുമ്പി ചിറകുകൾക്കു പുറത്തിരുന്ന്
പുതിയ ലോകം ആസ്വദിക്കുകയാണ് ....
നാമൊരുമിച്ചു നട്ട -
ചെമ്പകച്ചോട്ടിൽ
വസന്തം വന്നു കാത്തു നിൽക്കുന്നെന്ന്
അവളോട്‌ പറയുമ്പോൾ
അവൾ എനിക്കൊരു-
ചെമ്പകപ്പൂവ് തന്നു......
ഞാനാപ്പൂവിനെ താലോലിക്കുമ്പോഴും ,
ചുംബിക്കുമ്പോഴും ,
പൂമ്പാറ്റ ചിറകുള്ള കാട്ടുതുമ്പി
രൂക്ഷമായി എന്നെ തന്നെ -
നോക്കി നിൽക്കയായിരുന്നു .......
ഇപ്പോൾ പൂവിന്റെ മനസ്സ്
തുമ്പി തന്റെ ഹൃദയത്തോട്
ചേർത്ത് പിടിച്ചിരിക്കയാണ്‌...
ഞൊടിയിടയിൽ -
ആയിരത്തിൽ ഒരു മിന്നാമിനുങ്ങോഴികെ ,
ബാക്കിയെല്ലാം എവിടെക്കോ അപ്രത്യക്ഷമായി...
താഴ്വാരമാകെ -
കൂരിരുട്ടിന്റെ കൊടിയ നിശബ്ദതയിലാണ്ടു പോയി....
ജനാലയ്ക്കപ്പുറം -
നിലാവിനോട് വസന്തം
തിരികെ പോകാനുള്ള വഴി ,
ചോദിക്കുന്നെന്നു പറഞ്ഞിട്ട്
അവശേഷിച്ച മിന്നാമിനുങ്ങും
എവിടെക്കോ മറഞ്ഞു...
ആദ്യം തൊടിയിൽ എത്തിയത്
ഞാനായിരുന്നു ...
തൊടിയിലാകെ -
നിലാവ് പെയ്യുന്നുണ്ട്...
ചെമ്പക ചില്ലയിൽ
വസന്തം മടക്കയാത്രയ്ക്ക് തയ്യാറെടുക്കുന്നു....
അവൾ അപ്പോൾ -
നീലചിറകുള്ള ചിത്രശലഭത്തിനു പിന്നാലെ ,
ഓടുകയായിരുന്നു....
ഓടി ഓടി തളർന്നവൾ
എന്നോട് പരിഭവിക്കുമ്പോളാണ്
പൂമ്പാറ്റ ചിറകുള്ള കാട്ടുതുമ്പി
തൊടിയിലേക്കെത്തുന്നത്...
ഇപ്പോഴും പൂവിന്റെ മനസ്സ്
ഹൃദയത്തോട് ചേർന്ന് തന്നെ ഇരുപ്പുണ്ട്‌...
അവരുടെ സ്നേഹത്തിൽ എനിക്കസൂയ തോന്നി...
തെന്നലിനൊപ്പം ചെന്നവർ
വസന്തത്തിനോട് മടങ്ങരുതെന്നപേക്ഷിക്കുന്നത് കണ്ടു...
ഇതൊന്നും ശ്രദ്ധിക്കാതെയവൾ
നീലചിറകുള്ള ചിത്രശലഭത്തിനു -
വേണ്ടി നിർബന്ധിച്ചുകൊണ്ടിരുന്നു .....
അവരുടെ സ്നേഹത്തിൽ എനിക്കസൂയ -
പെരുകി പെരുകി വന്നു..
നീലചിറകുള്ള ചിത്രശലഭത്തിനെ
പിടിച്ചവളുടെ കയ്യിൽ കൊടുക്കുമ്പോൾ
നിലാവ് പോയ വഴിയെ
വസന്തം ഇറങ്ങി നടന്നു...
പൂവിന്റെ മനസ്സെന്നെ -
നിസ്സഹായതയോടെ ,
തുറിച്ചു നോക്കുന്നുണ്ടായിരുന്നു...
ഞാൻ നോക്കി നോക്കി നിൽക്കെ ,
കാട്ടുതുമ്പിയുടെ
പൂമ്പാറ്റ ചിറകടർന്നു
ചെമ്പകചോട്ടിൽ വീണു...
പൂവിന്റെ മനസ്സ്
താഴെവീണേഴായ് ചിതറി....
നീലചിറകിനോട് ചേർന്ന് മുളയ്ക്കാൻ തുടങ്ങി...
ആർദ്രമാരോ
വിളിക്കുന്നതു കേട്ടാണ്
ഞാനുണർന്നത് ...
മുറിയിലപ്പോൾ
അവൾ മയങ്ങുന്നുണ്ടായിരുന്നു...
ജനാലയ്ക്കപ്പുറം
ചെമ്പകചോട്ടിൽ
രണ്ടു മിന്നാമിനുങ്ങുകൾ
വട്ടമിട്ടു പറക്കുന്നുണ്ടായിരുന്നു...

Wednesday, April 30, 2014

നട്ടുച്ചയുടെ യാത്രവണ്ടി നീങ്ങി തുടങ്ങുമ്പോൾ ...

അവരിരുവർക്കുമിടയിൽ നിന്നും 
ഒരു റെയിൽപാത നീണ്ടു നീണ്ടു പോകും .... 

അപഥ സഞ്ചാരത്തിന്റെ 
വാതിലിലൂടെ -
പെട്ടന്നൊരേകാന്ത നാടകത്തിലേക്കയാൾ
നിലതെറ്റി വീഴും ....
അരങ്ങിലെ അരണ്ട കാഴ്ച്ചയിൽ
ജനാലക്കപ്പുറത്തേക്ക് കൈയ്യെത്തിച്ച്
ചെമ്പകപൂവെന്നു താലോലിച്ചൊരു -
ചെമ്പരത്തി പൂവ് ചെവിയിൽ ചൂടും ...
ഉള്ളിലൊരു മുറിവ് നീറുന്നെന്നു-
ചുവരുകളോട് പരിഭവിക്കും ...
ഞാനറിയാതെ എന്നിൽ നിന്നവൾ
ഒഴുകുന്നെന്നു കരയും ...
ഇടയ്ക്കിടെ -
ഓലപ്പീലിക്കപ്പുറത്തേക്ക്
കണ്ണെറിഞ്ഞു,
വീണ്ടും വേണ്ടുമാ കവിത പാടും ...

"ഒടുവിലൊരോർമ്മതൻ ചിറകുമായ്
അമ്പിളി ദൂരെ പോയ്‌ മറയേ...
കത്തുമൊരായിരം ചോദ്യമായ്
എന്തിനോ നീയും മഞ്ഞു പോകെ ...
ഇരവിന്നഗാത മൗനത്തിൽ നിന്നും -
മരണം മണക്കുന്നു ..
എന്റെ മരണം മണക്കുന്നു... "

പലയാവർത്തി പാടും
പാടി പാടി എപ്പോഴോ ...
ഒരിക്കൽക്കൂടി വേദനവാരി ചൂടി തളർന്നുറങ്ങും...
കൂട്ടി വച്ച രാത്രി സ്വപ്നങ്ങളിൽ
അയാൾ അവൾക്കൊപ്പം
പുറത്തിറങ്ങും ..

കുന്നുകളിലും
താഴ് വ്വാരങ്ങളിലും
പുഴയുടെ തീരത്തും
കടലോരത്തും പോയി,
അവളുടെ മടിയിൽ തലചായ്ച്ചുറങ്ങും...
മഴക്കാലം മുഴുവൻ
ഒന്നിച്ചൊരു കുടക്കീഴിൽ നടന്നു തീർക്കും...
മഞ്ഞുകാല രാത്രികളിൽ
ചുംബന കുളിരിന്റെ
ഇടർച്ച തോരും വരെ മാറോടു ചേർക്കും...
മെല്ലെ മെല്ലെ സ്വപ്നത്തിന്റെ ഭാവം മാറും..
അപരിചിതമായ ഇടവഴി,
കെട്ടിപുണർന്നും വേർപിരിഞ്ഞും
അറ്റമില്ലാതെ നീണ്ടു കിടക്കുന്ന -
റെയിൽ പാളങ്ങൾ...
അരൂപങ്ങളായ മുഖങ്ങൾ..
അവ്യക്തമായ ശബ്ദ ശകലങ്ങൾ...
ആയിരം കൂട്ടമണിയോച്ചകൾ..
ഘോരാന്തകര കറുപ്പ്..
വാവൽ കലമ്പൽ ...
ദുഃസ്വപനത്തിന്റെ ചരുവിൽ നിന്ന്
വീണ്ടും വീണ്ടുമൊരു തീവണ്ടി
ചൂളമടിച്ചു പായുന്നു...

നട്ടുച്ചയുടെ യാത്രവണ്ടി ,
നീങ്ങി തുടങ്ങുന്നു...
അവരിരുവർക്കുമിടയിൽ നിന്നും
ഒരു റെയിൽപാത നീണ്ടു നീണ്ടു പോകുന്നു...

ഇനി ഒരിക്കലും
അവസാനിക്കനിടയില്ലാത്തൊരേകാന്ത -
നാടക രംഗത്തിൽ
ജീവിതത്തിന്റെ പകൽ അസ്തമിച്ചയാൾ
ഞെട്ടിയുണരുന്നു ...
വീണ്ടുമാ കവിത പാടുന്നു ...

"ഒടുവിലൊരോർമ്മതൻ ചിറകുമായ്
അമ്പിളി ദൂരെ പോയ്‌ മറയേ...
കത്തുമൊരായിരം ചോദ്യമായ്
എന്തിനോ നീയും മഞ്ഞു പോകെ ...
ഇരവിന്നഗാത മൗനത്തിൽ നിന്നും -
മരണം മണക്കുന്നു ..
എന്റെ മരണം മണക്കുന്നു... " 

മുറിവ്

നേർച്ചയിൽ അധികവും പോയത് അങ്ങോട്ടാണ് .. ഉരുളി കമഴ്ത്തുമ്പോഴും ഉരുവിട്ടത് ആൺകുട്ടി ആൺകുട്ടിയെന്നാണ് ... ജനിക്കും മുൻപേതന്നെ അവഗണിക്കപ്പെട്ടു ....