Sunday, December 22, 2013

മൗനം


എന്നിട്ടും

നിന്റെ ഒരു തുള്ളി കണ്ണുനീർ മതി,
ഞാനൊരു പെരുമഴയിലെന്ന പോലെ
നിന്നു നനയാൻ...
ഞാനൊരു പുരുഷായുസ്സു മുഴുവൻ
നിറഞ്ഞു പെയ്തിട്ടുമെന്തെ പെണ്ണെ,
നീയെന്നിലേക്കൊന്നു
ചാറുക പോലും ചെയ്യുന്നില്ല...

പെണ്ണേ നിന്നോട്




ഇന്നേ വരെ കാണാത്ത,
കേൾക്കാത്ത,
പേരറിയാത്ത നാട്ടിലെല്ലാം
പെണ്ണു കണ്ടു കണ്ടൊടുവില്‍
നിന്‍റെ വീട്ടില്‍ -
ഞാൻ എത്തും വരെ,
കരുതി വച്ചേക്കണേ ...
ഒരു കപ്പു ചായയും ,
കാലിന്‍റെ പെരുവിരൽ -
തുമ്പിലൊരിത്തിരി നാണവും ...

ആത്മകഥ

എന്റെ കഥയിലെ നായകൻ ഞാൻ തന്നെയാണ് ...
കഥ - നായികയെക്കാൾ സസ്പെൻസായിരിക്കെ,
ക്ലൈമാക്സിൽ - തികച്ചും അപ്രതീക്ഷിതമായൊരിടവഴിയിൽ വച്ച്
എന്റെ നിഴലെന്നെ കുത്തി വീഴ്ത്തും വരെ ,
വില്ലനാരെന്നറിയാതെ നിഴലിനെയും വിശ്വസിച്ചങ്ങനെ ...

തുലാവർഷം

തുലാവർഷം പറഞ്ഞ കഥയോളം വരില്ല,
മറ്റൊരു കണ്ണീർ പരമ്പരയും .........

കാലം കളി തുടങ്ങിയത്

അന്നൊരു ഞായറാഴ്ച വൈകുന്നേരം
സിറ്റിയിലെ ട്രാഫിക് ബ്ലോക്കിൽ
മൂന്നു മാസത്തെ ഗർഭം മറന്നവൾ
ഡ്രൈവറോട് കയർക്കുകയാണ്..
കന്നി പ്രസവം പെണ്ണിന്റെ വീട്ടിലെന്നാചാരം.

"രാഹുകാലം തുടങ്ങും മുൻപ് വീട്ടിൽ കയറണം ..."

പുറപ്പെടും മുൻപ്
ഇറങ്ങാമെന്നു ഡ്രൈവറൊരു -
മൂന്നു പ്രാവശ്യം പറഞ്ഞതാണ് ....
ഇറങ്ങാമിറങ്ങാമെന്നു പറഞ്ഞവരെല്ലാം -
പിന്നെയും നിന്നൊരായിരം കാര്യം പറഞ്ഞു..
അല്ലെങ്കിലും എങ്ങോട്ടെങ്കിലും -
പുറപ്പെടും മുൻപാണല്ലോ
പറയാൻ വിശേഷങ്ങൾ കൂടുതൽ ...
എന്നിട്ടും - ഡ്രൈവറോട് കയർക്കുകയാണ്..
കൃത്യ സമയത്തിന് മുൻപ് വീട്ടിലെത്തിച്ചു -
ഡ്രൈവർ കഴിവ് തെളിയിച്ചു..

കാലം കളി തുടങ്ങിയത്
മറ്റൊരു ഞായറാഴ്ച വൈകുന്നേരമാണ് ....

സുഖ പ്രസവം ... ആണ്‍കുട്ടി ..
അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു ...
അച്ഛന്റെ അതെ മൂക്ക് ..
അമ്മയുടെ കണ്ണുകൾ ..
വന്നവർക്കെല്ലാമുണ്ടായിരുന്നു അഭിപ്രായങ്ങൾ...

പ്രസവ വേദനയ്ക്കിടയിലെപ്പോഴോ-
രാഹു വന്നതും പോയതും മാത്രം ആരുമറിഞ്ഞില്ല...
അല്ലെങ്കിൽ ആരും പറഞ്ഞില്ല..

വില്പ്പന ചരക്ക്



ഇലകൾ കൊഴിഞ്ഞൊരു വൃദ്ധ വൃക്ഷം
എന്നോട് പുഴയെ കുറിച്ചു ചോദിച്ചു ...
ഇരുപതു ഉറുപ്പികയുടെ
പായ്ക്കറ്റുകളിൽ വിപണിയിലെ
വില്പ്പന ചരക്കാണ്‌ പുഴയെന്നു -
പറഞ്ഞു ഞാനേറെ വേഗം നടന്നു,
പുഴതീർന്നു, വീട്ടിലേക്കു -
വീണ്ടുമൊരു പുഴവാങ്ങണം 

മുറിവ്

നേർച്ചയിൽ അധികവും പോയത് അങ്ങോട്ടാണ് .. ഉരുളി കമഴ്ത്തുമ്പോഴും ഉരുവിട്ടത് ആൺകുട്ടി ആൺകുട്ടിയെന്നാണ് ... ജനിക്കും മുൻപേതന്നെ അവഗണിക്കപ്പെട്ടു ....