Wednesday, February 20, 2013

ഓര്‍മയിലെ ബാല്യം


















ഗ്ലാസ്സില്ലാത്ത -
വട്ടകണ്ണടക്കുവേണ്ടി ഞാനും
വാശിപിടിച്ചു കരഞ്ഞിട്ടുണ്ട് ....
സമയം കൃത്യമായി-
കാണിക്കില്ലെങ്കിലും
എനിക്കും വേണമായിരുന്നു
അപ്പുറത്തെ കുഞ്ഞികുല്‍സുവിന്‍റെ
പോലത്തെ  പൊട്ടവാച്ച് ..
പിന്നെയൊരിക്കല്‍
തേന്മാവിന്‍റെ കൊമ്പിലെ
ചില്ലയില് ഒളിച്ചു കളിക്കുന്ന,
കള്ളക്കാറ്റിനെ ഓടിച്ചിട്ടു-
വട്ടം കറക്കണമെന്നു പറഞ്ഞു
അച്ഛനെയും പൊതിരെ തല്ലി...
ഒടുവില്‍ - വടക്കേലെ കണാരേട്ടന്‍
തേങ്ങയിടാന്‍ വന്നപ്പോള്‍
അച്ഛന്‍ പറഞ്ഞു ..
ഒരു പച്ചോലകൂടി ഇട്ടേക്ക്‌.
ചെക്കനിപ്പോ -
ഓലക്കളിപ്പാട്ടത്തിലാണ് കമ്പം ...


യോതിഷ് ആറന്മുള

Friday, February 15, 2013

അതിര്‍വരമ്പുകള്‍ .......














മരണം കുടിച്ചിറക്കി -
അവരുടെ പ്രണയം ,
രണ്ടു മതങ്ങളെ  തോല്‍പ്പിച്ചു ..
തെക്കോട്ടുള്ള യാത്രയില്‍
ഇടവഴിയില്‍ വെച്ച് ,
പ്രണയത്തിന്‍റെ  അവശേഷിപ്പുകളില്‍ ഒന്ന്
ഖബറിടം ലക്ഷ്യമാക്കിയും,
മറ്റൊന്ന് തെക്കെകണ്ടത്തിലെ പച്ച മണ്ണിലേക്കും
വേര്‍ പിരിഞ്ഞു ...
ആത്മഹത്യ ചെയ്ത പാപം - അവരെ,
നരകത്തിലേക്കെത്തിക്കുകയുള്ളു എന്ന് മതം....
അവിടെയെങ്കിലും -
ഒന്നാകുമെന്നു കരുതി - പക്ഷെ
മതത്തിന്‍റെ ശക്തമായ ഇടപെടല്‍
അവരെ രണ്ടു നരകത്തിലേക്ക്
വലിച്ചിട്ടു ...


യോതിഷ് ആറന്മുള

നോട്ട്: ഇനി എല്ലാ മതങ്ങള്‍ക്കും കൂടി ഒരു സ്വര്‍ഗ്ഗം / ഒരു നരകം എന്ന് മാത്രം വാദിക്കരുതെ...


Wednesday, February 13, 2013

ഇങ്ങനെയും ചിലര്‍


കൃഷ്ണേട്ടാ ...
ഞാനീ വീട്ടില്‍ വന്നകാലം മുതല്‍
കൃഷ്ണേട്ടനാണല്ലോ എന്റെ വീടിനു കാവല്‍ ...
എന്നിട്ടിപ്പോള്‍ ,
വീട് മലപ്പുറത്തുള്ള നമ്മുടെ -
ചങ്ങായിക്കു വില്‍ക്കുന്നു
പറഞ്ഞപ്പോള്‍ മുതല്‍
വീട്ടിലെ മൂത്തകാരണവര്‍
പറയുന്ന  പുകില് ...  കേട്ടോ?

ചങ്ങായീടെ
പുരകാക്കണയാള്    
മുഹമ്മദ്‌ ആണെങ്കില്‍ -
വില്‍ക്കാന്‍ മേനക്കെടണ്ടാന്നു...
മറ്റൊരു കൃഷ്ണനോ ശിവനോ
കാവലേല്‍പ്പിക്കുന്നവന്
കൊടുത്താല്‍ മതി പോലും ...

"എന്‍റെ  മതം  ഈ വീടിന്‍റെ ഐശ്വര്യം "
പരമകഷ്ടം തന്നെ...

യോതിഷ് ആറന്മുള

Thursday, February 7, 2013

ഭീരു











ഒരിക്കല്‍ പോലും
പ്രണയിചിട്ടില്ലാത്തവന്‍ 
എല്ലാ അര്‍ത്ഥത്തിലും ഭീരുവാണ് ...
അതിനു വേണ്ടി -
കണ്ടെത്തുന്ന ന്യായങ്ങള്‍ 
ഭീരുത്വം മറയ്ക്കാനുള്ള ഉപാധിയും ...


വിലക്കയറ്റം


എന്നെ ചുട്ടു പൊള്ളിച്ചു കൊണ്ട്
അവര്‍ കത്തിച്ചു വിട്ടൊരു  റോക്കറ്റ്
താഴേക്കുള്ള വഴി മറന്നു നില്‍ക്കുന്നു ........




ദൈവവിശ്വാസി

അമ്മയെ വൃദ്ധസദനത്തില്‍
കൊണ്ടാക്കി വരുമ്പോള്‍
മാതാവിന്റെ മുന്‍പില്‍
ഒരു മെഴുകുതിരി -
കത്തിക്കാന്‍ അയാള്‍ മറന്നില്ല....

Tuesday, February 5, 2013

ലേഡീസ് ഷോപ്പ്

















എന്‍റെ ലേഡീസ് ഷോപ്പിനു മുന്‍പില്‍
ഭിക്ഷയെടുക്കുന്ന പെണ്‍കുട്ടി ,
ഇങ്ങോട്ട് നോക്കാറേയില്ല ...

ചാന്തുപൊട്ടും കരിമഷിയും
കുപ്പിവളകളുമില്ലെങ്കിലും,
അവള്‍ ജീവിക്കുന്നുണ്ട്  ....
അവളുടെ താളിയുണങ്ങിയ
തലമുടിക്കു മുന്‍പിലൂടെയാണ്
പലപ്പോഴും -
ഇന്ദുലേഖ നാണിച്ചിറങ്ങിപോയത് ....
ഫോറിന്‍പൗഡറും ,
ഫേസ്ക്രീമുകളും
വാസന തൈലവും
അവളില്‍ ഒരു സ്വപ്നവും നിറയ്ക്കുന്നില്ല ...
വിശപ്പില്ലാതെ ഒന്നുറങ്ങാന്‍ കഴിഞ്ഞാല്‍  
ഈ ഷോപ്പില്‍ കയറിയില്ലെങ്കിലും
ജീവിക്കാമെന്നവള്‍ സമൂഹത്തോട് -
നിരന്തരം കലഹിച്ചു,
കൊണ്ടിരിക്കുന്നു....
ഞാനുള്‍പ്പെടുന്ന പുരുഷവര്‍ഗം
സ്ത്രീയുടെ സൗന്ദര്യബോധത്തെ  -
പരമാവധി ചൂഷണം ചെയ്തിട്ടും

ആ പെണ്‍കുട്ടി മാത്രം
ഇങ്ങോട്ട് നോക്കുന്നതേയില്ല    ....


                                      യോതിഷ് ആറന്മുള

മുറിവ്

നേർച്ചയിൽ അധികവും പോയത് അങ്ങോട്ടാണ് .. ഉരുളി കമഴ്ത്തുമ്പോഴും ഉരുവിട്ടത് ആൺകുട്ടി ആൺകുട്ടിയെന്നാണ് ... ജനിക്കും മുൻപേതന്നെ അവഗണിക്കപ്പെട്ടു ....