Thursday, January 24, 2013

പ്രേതം















പാല് പുളിച്ചു
തൈരായപ്പോഴും
ഓന്തിനു നിറം
മാറിയപ്പോഴും
ആരും പറഞ്ഞില്ല പ്രേതം പ്രേതമെന്ന്...
കനത്ത നിശബ്ദതയില്‍
ഒളിച്ചുകടന്ന ഒരു -
ചെറുകാറ്റ് ,
അറിയാതൊരു -
കതകടച്ചപ്പോള്‍
നിലവിളിച്ചു കൊണ്ട്
പറഞ്ഞു പ്രേതം   പ്രേ ... തം ......



                                              യോതിഷ് ആറന്മുള

Wednesday, January 23, 2013

നിസ്സാരന്‍
















ആര്‍ക്കും വേണ്ടാത്ത ആദര്‍ശങ്ങള്‍
പുലമ്പി നടന്നവനെന്നു  പറഞ്ഞ് -
ആരുമെന്നെ കുറ്റപ്പെടുത്തരുതേ...
വരും തലമുറയ്ക്ക് വേണ്ടി
ഒന്നും ചെയ്തില്ലെന്നും
പറഞ്ഞേക്കരുത് ...

ഞാനും വറ്റി തുടങ്ങിയ -
പുഴയില്‍ നിന്നും
മണ്ണ് കട്ടുവാരിയാണ്‌
കെട്ടുറപ്പുള്ളോരു വീട് പണിതത് ....
എനിക്കും എന്‍റെ മക്കള്‍ക്കും
താമസിക്കാം ....
കൊച്ചുമക്കള്‍ ഓലമെടഞ്ഞു -
കുടിലുകെട്ടി ജീവിക്കുമായിരിക്കും,
അതെന്തെങ്കിലുമാകട്ടെ .....

നിങ്ങള്‍ക്കൊപ്പം ഒന്നിനും കൂടിയില്ലാന്നു-
പരാതി പറയരുത്...
പുഴമലിനമാക്കാനും ,
മാലിന്യക്കുന്നുകളിലെന്‍റെ
കൈയൊപ്പ്‌ ചാര്‍ത്താനും,
ഇരുള്‍ വീഴുന്നത് വരെ
ഞാനും കാത്തിരുന്നിട്ടുണ്ട് ..

എന്നിലെ ചിത്രകാരന്‍
ഉണര്‍ന്നു പ്രവര്‍ത്തിച്ചപ്പോഴൊക്കെ -
ഞാന്‍ കോറി വരച്ച കാന്‍വാസുകളില്‍
എനിക്ക് മുന്‍പാരോ
വികലമായ അക്ഷരങ്ങള്‍കൊണ്ട്
പരസ്യം പതിക്കരുതെന്നെഴുതി -
വച്ചെന്നെ കളിയാക്കിയിരുന്നു....
എന്നിട്ടും ഞാന്‍ വരച്ചില്ലേ...
കുറെ നഗ്നചിത്രങ്ങള്‍ ...

പൊതു  ശൌച്യാലയങ്ങളിലെ
ചുവരുകളില്‍ -
എന്നിലെ കവി പാടിയിട്ടുണ്ട്
വേശ്യയുടെ കൊട്ടാരത്തിലെ -
പൂന്തോപ്പുകളെ കുറിച്ച് ...
വിഷം പുരട്ടിയ അമ്പുകളുമായി
വേട്ടയ്ക്ക് വന്ന കാട്ടാളന്മാരെക്കുറിച്ച് ...
ഉല്ലസിക്കാന്‍ വന്ന
രാജാക്കന്മാരെ കുറിച്ച് ....

തണല്‍ മരങ്ങള്‍
വച്ചുപിടിപ്പിച്ചിടത്തെല്ലാം
എന്നിലെ ശുനകന്‍ കാലുകള്‍
പൊക്കി മൂത്രം ചുരത്തി -
ഉണക്കി കളഞ്ഞിട്ടുണ്ട്...

എന്തോ -
ഓര്‍മ വച്ച കാലം മുതല്‍
ഓസോണ്‍ പാളികളോടെനിക്ക്  
വലത്തൊരു വെറുപ്പാണ് .
ഇല്ലാത്ത പ്ലാസ്റ്റിക്‌ തേടിപ്പിടിച്ചു
കത്തിച്ചു ദിനതോറും പണികൊടുത്തില്ലെങ്കില്‍
ഉറക്കം വരാറില്ല ....



കേട്ടോ ?
വരും തലമുറയ്ക്ക് വേണ്ടി
ഞാനൊന്നും ചെയ്തില്ലെന്നു മാത്രം
ഇനി പറഞ്ഞേക്കരുത് ...



                                      യോതിഷ് ആറന്മുള

Sunday, January 20, 2013

ആത്മഹത്യ















മരിക്കും വരെ -
എന്നില്‍ ജീവനുണ്ടായിരിക്കുമല്ലേ ....
പക്ഷെ - ഒരു സംശയം ?
വണ്ടിച്ചക്രത്തിനും
മരണത്തിനുമിടയിലെ
പ്രാണന്‍റെ പിടച്ചില്‍ -
ഒരായിരം പേര്‍ക്കിടയില്‍ നോക്കി
നില്‍ക്കുമ്പോള്‍ .....
തല വെട്ടി കൈ വെട്ടി
പിന്നെണ്ണം മറന്നു വെട്ടി -
നുറുക്കിയിട്ട് -
രക്തസാക്ഷിക്ക്
ചെങ്കൊടി പുതപ്പിക്കുമ്പോള്‍ ...
ആളൊഴിഞ്ഞ തെരുവില്‍
തിരക്കേറിയ നഗര വീഥികളില്‍
കാട്ടു പൊന്തക്കുള്ളില്‍
ഓടുന്ന വണ്ടിയില്‍ ..
എന്തിനെന്റെ വീട്ടില്‍
പോലും അവളുടെ വേദന
തിന്നുദ്ധരിക്കുമ്പോള്‍ ....
ചെറു ചൂണ്ടയില്‍
വിരജീവിതം കോര്‍ത്തു -
പുഴമീനിന്‍റെ
തൊണ്ട കുത്തി
കളിക്കുമ്പോള്‍ ...
രാവ് പുലരുന്നതിന്‍ മുന്‍പ് -
കഴുത്തോടിച്ചു  പൂവന്‍റെ
കൂവലവശേഷിപ്പിക്കുമ്പോള്‍ ...
തൊട്ടു തലോടി
കറന്നെടുത്തൊക്കെയുമൂറ്റി -
കുടിച്ചോടുവില്‍,
കൈ കാലുകള്‍ കെട്ടി
നിസ്സഹായതയുടെ
നിലവിളിപോലും
കേള്‍ക്കാതറയ്ക്കാതെ -
ഉടലില്‍ നിന്നും തല അറുത്തു -
മാറ്റുമ്പോള്‍ ......
അപ്പോഴൊക്കെ എന്നില്‍
ജീവനുണ്ടയിരുന്നോ?
ഹേയ്‌.. അങ്ങനെ അല്ല..
നാം തന്നെ ചുടലക്കാട്ടില്‍
ചുട്ടു കരിക്കുന്നുണ്ട്
നമ്മുടെ മനസ്സും
ശരീരവും ......
ചിന്ത നശിച്ച്,
പ്രതികരണശേഷി മരവിച്ച്‌ ,
വിവേചന ബുദ്ധിയില്ലാത്ത -
പ്രേതം കണക്കെ....
ഇടയ്ക്കൊക്കെ  മരിക്കാറുണ്ട്  നമ്മള്‍ ....

                                       യോതിഷ് ആറന്മുള

Wednesday, January 16, 2013

ഈര്‍ക്കില്‍


ഇന്നലെ കേട്ടത്.....

നിരപരാധിയുടെ
ജനനേന്ദ്രിയത്തില്‍
തിരുകികയറ്റിയ  ഈര്‍ക്കില്‍
അവനെക്കൊണ്ട്  കുറ്റസമ്മതപത്രം
എഴുതിവാങ്ങിച്ചു ....
അലമാരയിലെ
പണവും പണ്ടവും മാത്രമല്ല,
കളസമടക്കം മോഷ്ടിച്ചത് ഞാനാണ്‌ ....

ഇന്ന് കേള്‍ക്കുന്നത്.......

ഇരുട്ടിന്‍റെ മറവില്‍
കറുത്ത ചരിത്രം കുറിച്ചിട്ട്
ദില്ലിയിലെ തെരുവില്‍ നിന്നും
സുഖ വാസകേന്ദ്രത്തിലേക്ക്
പോയവര്‍,
വടിച്ചു നക്കിയ -
ബിരിയാണി പാത്രത്തിന്
പിന്നില്‍ ഇരുന്നു -
പല്ലിട കുത്തി ചിരിക്കുന്നു ....

                                  യോതിഷ് ആറന്മുള

Friday, January 11, 2013

പുഴ പോയി ഒളിച്ചത്















അവന്‍റെ അത്യാര്‍ത്തിക്ക്
മുന്നില്‍ നിന്നുമാണ്
പുഴ പോയി ഒളിച്ചത്...
ഉറവ വറ്റിയ -
മണല്‍ക്കാടുകള്‍ക്കിടയില്‍  
ഒരു കള്ളിമുള്‍ ചെടി
യാത്ര തുടങ്ങിയിരിക്കുന്നു ...
വെയില്‍ പൂക്കുന്ന താഴ്‌വരയില്‍
മഴവരുന്നതും കാത്ത് ഉണ്മ -
ഉണങ്ങിയും ,
കോണ്‍ക്രീറ്റ് മരങ്ങള്‍ക്കിടയില്‍
മാലിന്യം നിറഞ്ഞൊരു
തോട് ഒഴുകാതെയും ,
കെട്ടി കിടക്കുന്നു ...
അമ്മയുടെ  ചേല
വലിച്ചുരിഞ്ഞു -
ഒക്കെയുമൂറ്റി  കുടിച്ചെങ്കിലും ,
നിണമുണങ്ങിയ  മാറില്‍  നിന്ന് -
അവന്‍റെ  ആര്‍ത്തിക്ക്
ഒട്ടുവകയില്ലാതെ ...
ഇടയ്ക്കിടെ  ഉറവ  പൊടിയുന്നുണ്ട് ...
പക്ഷെ -
മണല്‍ക്കാടുകളില്‍
പൂക്കുന്ന വെയിലിനും,
കള്ളിമുള്‍ ചെടിക്കും
ഒരു മാത്ര നുണയുവാന്‍ പോലും കിട്ടാതെ -
പേരിനു പൊലുമൊഴുകതെയും
ഉറവയില്‍ തന്നെ -
ഒളിക്കുന്നു  പുഴ ...

                                  യോതിഷ് ആറന്മുള 

Friday, January 4, 2013

സംവിധായകന്‍








പെണ്ണിന്‍റെ വേദന
നീരുവന്നു കല്ലിച്ചതാണ്
മുലയെന്നു കാണിച്ചു  -
കൊടുക്കാനാണ്   ഞാന്‍
സിനിമ എടുത്തത് ....
കാമകൊതിപൂണ്ട
നോട്ടങ്ങളിലേക്കാണ്
അവളുടെ മുലകള്‍
പ്രദര്‍ശിപ്പിച്ചു
തിന്നാന്‍ പറഞ്ഞത് ......
പെണ്ണിന്‍റെ നോവുകളില്‍
നിന്നുമാണ് ഒരു ജന്മം
പിറവിയെടുക്കുന്നതെന്നു
സാക്ഷ്യപ്പെടുത്താനാണ്    
ലേബര്‍ റൂമിലേക്ക്‌
കാഴ്ചയെ ക്ഷെണിച്ചത്.......
ഒളിഞ്ഞും തെളിഞ്ഞും
അവളുടെ ആഴങ്ങളില്‍
നിന്നും അവന്‍
ജീവിതം കട്ടെടുക്കാന്‍
തുടങ്ങിയിടത്തേക്കാണ്
കോട്ടയത്ത്‌ നിന്നും
ഒരു 22 കാരിയെ
അവന്‍റെ അരികിലേക്ക്
പറഞ്ഞയച്ചത് ....
സെന്‍സര്‍ ചെയ്യേണ്ടുന്ന
കാമരംഗങ്ങളില്‍
അവന്‍റെ ലിംഗം
അറുത്തു മാറ്റികൊണ്ട്
സെന്‍സര്‍ ബോര്‍ഡിന്‍റെ
പണികൂടി അവളെ -
ഏല്‍പ്പിക്കുമ്പോള്‍
പ്രത്യാശയുടെ ഒരു വിത്തെന്നില്‍
കുഴിച്ചിട്ടിരുന്നു ... പക്ഷെ !!

                                           യോതിഷ് ആറന്മുള
   

Thursday, January 3, 2013

ചൊവ്വാദോഷം













മകന്‍റെ നക്ഷത്രം
കണിയാന്റെ
നാക്കിലിട്ടു തട്ടി -
ഒരു കവടിയിലെക്കും വലിചെറിയാന്‍
കൊടുക്കരുതെന്ന്
അവന്‍റെ അച്ഛനോട് ആയിരം വട്ടം
പറഞ്ഞതാണ്‌ -കേട്ടില്ല...
കണിയാന്‍ പറഞ്ഞ
കവടിക്കഥ വിശ്വസിക്കരുതെന്നും
പറഞ്ഞതാണ്‌ അതും കേട്ടില്ല...

എന്നിട്ടിപ്പോള്‍
വേലയ്ക്കു പോകാത്ത
മകനെ ശാസിക്കുമ്പോള്‍
എന്തെ അച്ഛന്‍
ചൊവ്വാദോഷം മറക്കുന്നു....
അച്ഛന്‍റെ മുറിപ്പെടുത്തുന്ന
വാക്കുകള്‍
ചൊവ്വാദോഷം
കൊണ്ട് കേള്‍ക്കേണ്ടിവരുന്നതാണന്നെന്തേ
മകനെ നീയും വിശ്വസിക്കാത്തൂ....

ചൊവ്വാഴ്ച മുഴുവന്‍
കിടന്നുറങ്ങിയിട്ടു
നീ കണിയാന്റെ
വീട്ടില്‍ വേലയ്ക്കു പോ ...
കയ്യില്‍ ചരടും കഴുത്തില്‍
എലസുമായി വരുന്നവരോട്
മുഴുവന്‍  ദോഷം പറഞ്ഞു
കാശ് വാങ്ങി നീ അച്ഛന് കൊടുക്കൂ ...
തീരട്ടെ അച്ഛന്റെ ആധിയും  
മകന്‍റെ ചൊവ്വാദോഷവും .....


                                              യോതിഷ് ആറന്മുള

മുറിവ്

നേർച്ചയിൽ അധികവും പോയത് അങ്ങോട്ടാണ് .. ഉരുളി കമഴ്ത്തുമ്പോഴും ഉരുവിട്ടത് ആൺകുട്ടി ആൺകുട്ടിയെന്നാണ് ... ജനിക്കും മുൻപേതന്നെ അവഗണിക്കപ്പെട്ടു ....