Tuesday, November 27, 2012

നീതിന്യായ വ്യവസ്ഥിതിയോട്




















അവനുണ്ടായിരുന്ന അവകാശം
അവര്‍ക്ക് പതിച്ചു-
കൊടുത്തതിനു ശേഷമാണ്
മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി
അവരെ സമീപിച്ചത് ...
അവകാശങ്ങള്‍ ആനുകൂല്യങ്ങളിലേക്ക്
ചുരുങ്ങിയപ്പോള്‍ ,
ജപ്തിയുമെത്തി..
തലേന്ന് വൈകിട്ട് അവന്‍ -
ജീവിതഭാരം തൂക്കി നോക്കിയതാവാം
നെഞ്ചത്തടിച്ചു പെണ്ണ് കരയുന്നുണ്ട് ...
പിന്നെയും അമ്പതു പേര്‍കൂടി.
കണക്കു പ്രകാരം
ഇപ്രാവശ്യം 51 കര്‍ഷകര്‍
ആത്മഹത്യ ചെയ്തു ..
തുലാസിലിട്ടു ഇടതും വലതും
മാറി മാറി -
തൂക്കിനോക്കുന്നുണ്ടാകും
കുറഞ്ഞോ കൂടിയോ എന്ന് ?
51  ജീവന്‍റെ കണക്കു -
കുറഞ്ഞ സംഖ്യയല്ലെന്ന്-
ബോധ്യായാല്‍,
പരമോന്നത നീതിപീഠമേ -
അന്‍പത്തോന്ന്
കൊലപാതകങ്ങള്‍ക്ക്
എന്നെ തൂക്കികൊല്ലാന്‍
വിധിച്ചേക്കുക...
തെറ്റ് ചെയ്തത് ഞാനാണ് ..
ഞാനും വോട്ടു ചെയ്തിരുന്നു.


യോതിഷ് ആറന്മുള

Sunday, November 25, 2012

ബുള്‍സൈ

തട്ടുകടയിലെ വട്ട പ്ലേറ്റില്‍,
എന്റെ വിശപ്പിനെ-
നോക്കി കിടക്കുന്നു,
പാതിവെന്തൊരു ഭ്രൂണം ..
ചേതനയറ്റൊരു കാളകണ്ണുപോലെ...

Thursday, November 22, 2012

അരപ്പ്



ചായ്പ്പിലെ അമ്മികല്ലില്‍
വേലക്കുവന്നവള്‍ അരയ്ക്കുകയാണ് ...
അരപ്പില്‍ അളവില്‍ കൂടുതലാണ്
എരിവും പുളിവും ..
തമ്പ്രാന്‍റെ ഇഷ്ടമതായിരിക്കാം..
എതിര്‍ദിശയിലേക്ക് ചലിക്കുന്ന
ജീവിതരേഖയുടെ അഗ്രങ്ങള്‍ -
ചേര്‍ത്തൊരു വൃത്തം വരയ്ക്കാന്‍ ..
കണ്ണീരുപ്പു ചേര്‍ത്തവള്‍ അരയ്ക്കുന്നു ...
ആ വൃത്തത്തിന്‍റെ നേര്‍ പകുതിയോളം
അരച്ചെടുത്ത് സൂര്യനെ ഉറങ്ങാന്‍ വിടും ...
സ്വപ്നങ്ങളെ പൂര്‍ണചന്ദ്രനൊപ്പം -
സല്ലപിക്കാനും.
അമാവാസിയില്‍,
ഇരുളുറങ്ങുന്ന പൊത്തുകളില്‍
അരപ്പില്‍ നഷ്ടപ്പെട്ട രുചിഭേദങ്ങളുടെ -
സുഗന്ധ വ്യഞ്ജന കൂട്ടുതേടി
മൂര്‍ഖനെ പോലെ അലയും.
അരിക് ഉടഞ്ഞ വെള്ളികിണ്ണത്തിനൊപ്പം -
നഷ്ടപ്പെട്ടുപോയ സ്വാദ്
തിരിച്ചുകിട്ടിയില്ലെങ്കില്‍ ,
അപ്പോഴെല്ലാം -
വഴിപങ്കിടാതെ പോയവന്‍റെ
ഓര്‍മ്മയുടെ വേദനകൂടി
ചേര്‍ത്തരയ്ക്കാറുണ്ടവള്‍

യോതിഷ് ആറന്മുള


Wednesday, November 21, 2012

ബോധം











ബോധമുള്ളവന്‍റെ  ശരി -
ഗൗതമ ബുദ്ധനും...
ബോധാമില്ലാത്തവന്‍റെ അബോധമാണ്
ശരിയെന്നു നാരാണത്ത് ഭ്രാന്തനും ....
ബോധമുള്ളവന്‍ അവന്‍റെ ബോധവും ,
അബോധവും എല്ലാം
തെറ്റാണെന്ന് വീണ്ടും വീണ്ടും
തെളിയിച്ചുകൊണ്ടിരിക്കുന്നു ...

                               യോതിഷ് ആറന്മുള

Tuesday, November 20, 2012

ഗാസയുടെ വിലാപം















ഗാസക്കുവേണ്ടി ഒരക്ഷരം പോലും
മിണ്ടിപ്പോകരുത്‌ ..
മരണപ്പെട്ട -
മൂന്നുമാസം പ്രായമുള്ള -
കുഞ്ഞുങ്ങളും
തീവ്രവാദികളാണെന്നു
ഏറ്റുപറഞ്ഞു മിണ്ടാതിരുന്നോണം.
ദൈവ പുത്രനില്‍ ആണ്
ആദ്യതീവ്രവാദിയെ
കണ്ടെത്തിയത്,
കുരിശിലേറ്റി കൊന്നുകളഞ്ഞു ...
അതുകൊണ്ട് തന്നെ -
ഗാസയുടെ മേല്‍ പതിക്കുന്ന -
തീയുണ്ടകളെ ആലിപ്പഴങ്ങളാണെന്നും
പറഞ്ഞേക്കണം ...
ഇനി എന്തെങ്കിലും പറയണമെന്ന്
തോന്നുന്നുവെങ്കില്‍
ഇത്രമാത്രം പറഞ്ഞേക്കുക...
ഗാസയില്‍ ഒരു ചുവന്ന പുഴ -
ഒഴുകുന്നുണ്ടെന്ന് മാത്രം.

അല്ലെങ്കില്‍ ,
നിങ്ങള്‍ക്ക് മനസ്സിലാകുന്നില്ലേ -
ഗാസയിലേക്ക്  നോക്കുമ്പോള്‍
ദൈവത്തിന്‍റെ കണ്ണിലും കരടു-
പോകുന്നത് .....
ഹാ കഷ്ടം ?
മുറിവേറ്റു ഗാസ നിലവിളിക്കുമ്പോള്‍
ഒരിറ്റു കണ്ണീര്‍ വരുന്നില്ലെങ്കില്‍,
അന്ത്യോപചാരം അര്‍പ്പിക്കാനെങ്കിലും
ഒച്ച പോന്തുന്നില്ലെങ്കില്‍
പോയി ചത്തുകളഞ്ഞേക്കുക ..


യോതിഷ് ആറന്മുള

Saturday, November 17, 2012

തുലാഭാരം


അവരുടെ പ്രണയ സാഫല്യത്തിനായ്
അവള്‍ അവനെയും കൂട്ടിവന്ന് -
നേന്ത്രപ്പഴം കൊണ്ട് തുലാഭാരം നടത്തി ....
പിന്നീട്- പ്രണയമെന്ന മായാലോകത്തില്‍ -
നിന്നും മകളെ പിന്തിരിപ്പിക്കാന്‍ -
മകളെയും കൂട്ടിവന്ന് അമ്മയും
ഒരു തുലാഭാരം നടത്തി ....
സങ്കടം പറഞ്ഞാലും
സന്തോഷം പങ്കിട്ടാലും
ചിരിച്ചുകൊണ്ട് നില്‍ക്കുന്ന കല്‍ദൈവം
ഇപ്പോഴും ചിരിച്ചങ്ങനെ നില്‍പ്പുണ്ട്.
അമ്പല കമ്മറ്റിക്കാര്‍ക്ക് -
വിശപ്പ്‌ തുടങ്ങിയപ്പോള്‍
വീണ്ടും വന്നു മറ്റൊരു തുലാഭാരം ....

 

Thursday, November 15, 2012

തിരിച്ചെത്തുവാനാകാതെ...


പകലന്തികള്‍ക്ക് നരകയറിയപ്പോളാണ്
ഞാന്‍ തിരിഞ്ഞു നോക്കിയത്...
കാഴ്ച മരവിച്ച കണ്ണുകള്‍ക്ക്‌
പകലിരവുകള്‍ -
നിശ്ചയമില്ലാതായിരിക്കിന്നു ...
ഉറവ വറ്റിയ ഞരമ്പുവഴികളില്‍
നനവൊട്ടി  മയങ്ങാന്‍ ശ്വേത രക്താണു -  
ഹൃദയമിടിപ്പിനു കാതോര്‍ത്തപ്പോളാണ്
എന്‍റെ കടലിരമ്പങ്ങള്‍ക്ക്
ഒച്ചയില്ലെന്നറിഞ്ഞത്...
കനല്‍വെന്ത വഴിയിലെ-
കല്ലിനും മുള്ളിനും പൂവിനും
ജീവിതത്തിന്‍റെ നരച്ച നിറം
പടര്‍ന്നതെപ്പോഴാണ്...
കാറ്റെന്‍റെ  വഴി മറന്നതാണോ?
കനവുണങ്ങിയ ചില്ലയില്‍
കിളികള്‍ പാട്ടുമറന്നുറങ്ങിയതാണോ?
കാലത്തെ അളന്നു മുറിക്കുന്ന -
ഘടികാരം മേഘ കീറില്‍ ഒളിച്ചത്  - എന്‍റെ
നിഴലിനെക്കൂടി കൊന്നുകളയാനായിരുന്നു ...
മഴപോയ വഴികളില്‍
സ്വപ്നങ്ങള്‍ കുളിരറിയാതെ വരണ്ടു കിടക്കുന്നു ...
മനുഷ്യയുസ്സിന്‍റെ അടയാളങ്ങള്‍
മാംസമുണങ്ങിയ എന്നില്‍
ചുരുണ്ടുപരക്കുന്നു ....
യാത്ര തുടങ്ങിയതെവിടെ എന്നറിയില്ല,
പേശിയും പിണങ്ങിയും ഇണങ്ങിയും
ഒരുപാട് നടന്നു..
തളര്‍ച്ച അറിയിക്കാതെ
വേഗം നടന്നു...
ഒരുപാടുമുന്നില്‍ എത്തിയപ്പോളാണ്
കൂട്ടില്ലാത്തവന്‍റെ  ഉള്‍പിടച്ചില്‍
അറിഞ്ഞത്...
പക്ഷെ - ഇപ്പോള്‍
ഇവിടെ ലോകം അവസാനിക്കുകയാണെന്ന്
തോന്നുന്നു...
എത്ര തിരിഞ്ഞു നടക്കാന്‍ ശ്രമിച്ചിട്ടും
എന്‍റെ ശവകുടീരത്തില്‍ കിതച്ചെത്തി
നില്‍ക്കുകയാണ് ഞാന്‍ ...
കേള്‍വി മുറിഞ്ഞ
കാതുകളില്‍ ഒരു താരട്ടീണം
കേള്‍ക്കുന്നുണ്ട്...
മോക്ഷമന്ത്രങ്ങള്‍ക്കൊപ്പം
എള്ളുംപൂവും ചേര്‍ത്തെന്‍റെ-
പാപത്തിന്‍റെ നീക്കിവപ്പിനു ,
കരയുന്ന കാക്കയുടെ താരാട്ട് .....



                                           യോതിഷ് ആറന്മുള

മുറിവ്

നേർച്ചയിൽ അധികവും പോയത് അങ്ങോട്ടാണ് .. ഉരുളി കമഴ്ത്തുമ്പോഴും ഉരുവിട്ടത് ആൺകുട്ടി ആൺകുട്ടിയെന്നാണ് ... ജനിക്കും മുൻപേതന്നെ അവഗണിക്കപ്പെട്ടു ....