Thursday, November 1, 2012

നഖം


നിന്‍റെ നഖമാണ് എനിക്കേറ്റം ഇഷ്ടമെന്നവള്‍
ഒരിക്കല്‍ എന്നോട് പറഞ്ഞു...
അവള്‍ക്കായി മിടിക്കുന്ന- എന്‍റെ
ഹൃദയം പോലും തള്ളിക്കൊണ്ടവള്‍
അങ്ങനെ പറഞ്ഞതെന്തെന്നു ,
പലവട്ടം ചിന്തിച്ചു....

എത്രാവര്‍ത്തി വെട്ടിനിരത്തിയാലും -
ജീവിതാവസാനം വരെ  വീണ്ടും
കിളിര്‍ത്തുകൊണ്ടിരിക്കുമീ  നഖം,
എന്നവള്‍  പറഞ്ഞതിനു ശേഷം -
ഞാന്‍ നഖം വളര്‍ത്താന്‍ തുടങ്ങിയിരിക്കുന്നു.......

കേരളജാതകം


ഒരു ജ്യോതിഷ പണ്ഡിതന്‍ പറഞ്ഞു..
ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ ദിവസമാണ് ഇന്ത്യ ജനിച്ചത്‌
അതുകൊണ്ട് തന്നെ പൂയം നക്ഷത്ര ജാതനാണ് ഇന്ത്യയെന്ന്...
അങ്ങനെ എങ്കില്‍ കേരളപ്പിറവിയിലും
ഒരു നാളുണ്ടാകും..
കേരളത്തിന്‍റെ മാത്രം നക്ഷത്രം ....
കേരളം ജനിച്ച സമയം- മോശമായിപ്പോയതാണോ എന്തോ?
ആകെ ഒരു മരവിച്ച മട്ടാണ്...
ബുധനും കുജനും ദിശമാറി സഞ്ചരിക്കുന്നത് കൊണ്ടാകും ...

മഹാബലിക്കു ശേഷം വാമനാവതാരത്തില്‍ തുടങ്ങി -
ശനിയുടെ അപഹാരം ..

ഹിരോഷിമയിലും നാഗസാക്കിയിലും-
മരണപ്പെട്ടവരുടെയെല്ലാം ജാതകം ഒന്നായിരുന്നോ- എന്ന
സാധാരണക്കാരന്‍റെ സംശയത്തിനു -
മറ്റൊരു ജ്യോതിഷ പണ്ഡിതന്‍ പറഞ്ഞ മറുപടി..
ബഹുരസം .
ഗോളങ്ങളുടെ സമ്മര്‍ദം മൂലമാണ്
അങ്ങനെ സംഭവിച്ചത് പോലും
കേരള നക്ഷത്രഗോളങ്ങളിലും-
സമ്മര്‍ദം ആണെന്ന് തോന്നുന്നു....
അല്ലെങ്കില്‍----
കേരളത്തില്‍ മാത്രം ഈ വാമനന്‍മാര്‍ എവിടെ നിന്നുവരുന്നു...



                                                         യോതിഷ് ആറന്മുള

Wednesday, October 31, 2012

കലികാലം


ആശുപത്രി കിടക്കയില്‍ കുഞ്ഞിനൊപ്പം കിടക്കുന്ന അമ്മ-
പന്ത്രണ്ടു കൊല്ലങ്ങള്‍ക്ക് മുന്‍പ്,
അതെ- കിടക്കയില്‍ പിറന്നവള്‍ ആണെന്നാരോ പറഞ്ഞു...
പിറന്നത്‌ പെണ്‍കുഞ്ഞാണെങ്കില്‍ -
കാമവെറി മൂത്ത അയല്‍ക്കാരന്‍ ഈ കുഞ്ഞിനേയും....  ഹോ?

തൊണ്ണൂറ്റി ആറാം വയസ്സിലും
അച്ഛനാകാന്‍ കഴിയുമെന്ന് ഒരു വിരുതന്‍ തെളിയിച്ചു...
പന്ത്രണ്ടാം വയസ്സില്‍ അച്ഛനായ കഥ -
ആരും പറഞ്ഞു കേട്ടിട്ടില്ല ..
നിഷ്കളങ്കത അഭിനയിച്ചു വന്ന -
വികലാംഗ പിശാചു പിച്ചി ചീന്തി ,
കൊന്നുകളഞ്ഞത്‌ സ്ത്രീ സമൂഹത്തെ ഒന്നാകെയാണ് ...

അതെങ്ങനെ - സ്ത്രീ ശരീരത്തിലെ വലിപ്പചെറുപ്പങ്ങളെ,
കൊത്തിവലിക്കാന്‍ ഇരിക്കുന്നവരുടെ കണ്ണില്‍ -
മോഹിപ്പിക്കുന്ന അസ്ഥിയും മാംസവും മുളക്കുന്നത്‌
പെണ്‍കുട്ടികള്‍ക്ക് മാത്രമാണല്ലോ?
അവരില്‍ അമ്മയേത് കൂടെപിറന്ന പെങ്ങളേത്..
മകളേത് ..

                                               യോതിഷ് ആറന്മുള

മരണം


ഇപ്പോള്‍ ഞാന്‍ ജനിച്ചു...
അടച്ചിട്ട ജാലക വാതില്‍ പലകയില്‍ ഒരു ഛായാമുഖി
പ്രതിബിംബം ഒരു നിഴല്‍ ...
എന്നെ  മത്രം നോക്കുന്നു...


                                                          യോതിഷ് ആറന്മുള

കവിതയാവശ്യം




കാലത്തിന്‍റെ വൈകൃതങ്ങളെ -
നാലുവരിയായി ..
ഒരു വെള്ള പേപ്പറില്‍ ,
കുത്തികുറിച്ചു ..
പലകുറി വായിച്ചു നോക്കി .
വായന സുഖം തോന്നാഞ്ഞാല്‍--
ചീഞ്ഞു നാറുന്ന വരികളെ-
ഞാന്‍ ചവറ്റുകുട്ടയിലേക്ക് ചുരുട്ടിയെറിഞ്ഞു.
അന്യന്‍റെ സ്വകാര്യതയില്‍ ഒളികണ്ണെറിഞ്ഞു-
സുഖം കണ്ടെത്തുന്നവരില്‍ ഒരുവന്‍
അത് കണ്ടെടുത്തു വായിച്ചിട്ട് പറഞ്ഞു
നീയൊരു കൊച്ചു കവിതന്നെ ...
പിന്നെയും ആരൊക്കെയോ പറഞ്ഞു.
നിന്നില്‍ ഒരു കവി ഉറങ്ങിക്കിടക്കുന്നു..
അറിയാതെ ഞാനും അത്  വിശ്വസിച്ചു.
പിന്നീട് -
കാറ്റിനെയും ,
മഴയെയും ,വേനലിനെയും  കുറിച്ച് ,
അമ്മയെ കുറിച്ച് അച്ഛനെക്കുറിച്ച് ,
സാമൂഹിക തിന്മകളെ കുറിച്ച് ,
അനീതിയെയും അക്രമങ്ങളെയും കുറിച്ച്  ...
അങ്ങനെ അങ്ങനെ ...
ഞാന്‍ എഴുതിയവ എല്ലാം
വാരികകളിലേക്കും മഞ്ഞപത്രങ്ങളിലേക്കും
അയച്ചുകൊടുത്തു ..
ഒരു കവിതപോലും  അക്ഷരം-
ഒട്ടിയ പേപ്പറില്‍ അച്ചടിച്ചുവന്നില്ല..
ഒടുവില്‍ -
ഞാന്‍ എന്‍റെ
പ്രണയ നഷ്ടത്തെ കുറിച്ച് എഴുതി അയച്ചു..
അച്ചടിച്ച്‌ വന്ന കവിതക്കൊപ്പം -
എന്‍റെ ഹൃദയം കൊത്തിനുറുക്കി
എഴുതിയ അക്ഷരങ്ങളെ പ്രണയിക്കാന്‍
ഒരുപാട് വായനക്കാര്‍ വന്നു..
അപ്പോള്‍ മാത്രമാണ് -
സാമൂഹിക തിന്മകളെ കുറിച്ച്
വായിക്കാന്‍ സമയമില്ലാതവരെപ്പറ്റി
ഞാന്‍ ചിന്തിക്കുന്നത്....
അവരെല്ലാം പ്രണയിക്കുകയാണ്‌ ...
പ്രണയ നഷ്ടത്തില്‍ മാത്രമാണ്
അവര്‍ക്ക് കവിതയാവശ്യം ....



                                               യോതിഷ് ആറന്മുള

Thursday, October 25, 2012

ഭ്രാന്ത്‌ ...




ഞാന്‍ എന്‍റെ സങ്കടങ്ങളുടെ കെട്ടുകള്‍ എല്ലാം-
അയിച്ചു വിടാന്‍ പോകുന്നു ...
അല്ലെങ്കില്‍ എന്തിനാണ് കണ്ണീര്‍ പുഴയിലെ -
അവസാന തോണിക്കാരനായി ഞാന്‍ മാത്രം അലയുന്നു..
കപട സ്നേഹത്തിന്‍റെ കാല്‍ച്ചങ്ങലകളെ -
ഇടനെഞ്ചില്‍ കനത്തു നില്‍ക്കുന്ന -
ഭാരം തള്ളിയിട്ടു  പൊട്ടിച്ചെറിയണം.
എന്നിട്ടും- എനിക്കെന്‍റെ സ്വതന്ത്ര്യം തിരിച്ചു കിട്ടിയില്ലെങ്കില്‍
ലോകത്തിന്‍റെ നെറുകയില്‍ ചവുട്ടി,
കത്തി മറിയുന്ന സൂര്യന് കീഴെനിന്നു -
ഉറക്കെ അട്ടഹസിക്കണം .....

Wednesday, October 24, 2012

മറക്കണം


മറക്കണം എന്ന ഒരൊറ്റ വാക്കിലൂടെ-
എന്‍റെ മരണമാണ്.. 
നീ ചോദിക്കുന്നത് ..
യുഗങ്ങളായി ഞാന്‍ ചെയ്ത തപസ്സാണ് 
എനിക്ക് നിന്നോടുള്ള പ്രണയം .
നീ തുറന്നു വിടാന്‍ പറയുന്നത്-
ആയിരം കുതിരയെ പൂട്ടിയ എന്‍റെ സ്വപ്ന തേരിനെയാണ്.

എങ്കിലും നിനക്കുവേണ്ടി
ഞാന്‍ മറക്കാം -
എന്‍റെ മൃതിയിലൂടെ എന്നെതന്നെ .....



                                                                      യോതിഷ് ആറന്മുള 

മുറിവ്

നേർച്ചയിൽ അധികവും പോയത് അങ്ങോട്ടാണ് .. ഉരുളി കമഴ്ത്തുമ്പോഴും ഉരുവിട്ടത് ആൺകുട്ടി ആൺകുട്ടിയെന്നാണ് ... ജനിക്കും മുൻപേതന്നെ അവഗണിക്കപ്പെട്ടു ....