Sunday, October 16, 2011

വ്യര്‍ത്ഥകാമനകള്‍

വ്യര്‍ത്ഥകാമനകള്‍

പണ്ടെങ്ങോ ജീവിച്ചു മരിച്ചതാണ് ഞാന്‍ 
ജീവന്‍റെ ഉള്‍ നാമ്പുകണ്ടഴുകി 
അഴുകി കിടന്നതാണ് ഞാന്‍ ...... 

പ്രണയത്തിന്‍റെ മേച്ചില്‍ പുറങ്ങളില്‍ 
ഹൃദയം കൊത്തിവലിക്കുന്ന 
കഴുകന്‍ ചുണ്ടുകള്‍ക്കിടയില്‍.....
ആത്മാര്‍ത്ഥതയുടെ- 
മുഖം മൂടിക്കുള്ളില്‍,
കപട സ്നേഹത്തിന്‍റെ കാല്‍ച്ചങ്ങലകളില്‍......
സ്വപ്ന ചരടില്‍ തുങ്ങിയാടുന്ന 
വ്യാമോഹങ്ങള്‍ക്കിടയില്‍........ 
എത്ര കൊടുത്താലും കൈ നീട്ടി നില്‍ക്കുന്ന 
മാനവ കോമരങ്ങള്‍ക്കിടയില്‍ ..

കാലമേറെ  കഴിഞ്ഞു പോയ്‌ ..
 വ്യര്‍ത്ഥകാമനകളിലൂടെ 
ഓര്‍മകളിലേക്ക് സഞ്ചരിക്കുമ്പോള്‍ 
എന്‍റെ പാതി മരണത്തില്‍ -
നഷ്ടപെടുത്തിയ ജീവിതത്തിന്‍റെ- 
ആഹുതി ഞാന്‍ അറിയുന്നു ......    

യോതിഷ് ആറന്മുള      

Sunday, October 9, 2011

യാത്ര

യാത്ര














എന്നുമെന്‍ യാത്രകളിലെല്ലാം 
മനസ്സിന്‍  പുസ്തകതാളില്‍ 
കുറിച്ചിട്ട പ്രണയം -
തിരയുന്നു......... 
ഓരോ യാത്രയും  
പ്രണയത്തിലേക്കുള്ള പിന്‍വിളികള്‍.....
ഹൃദയത്തിന്‍ -
അകത്താളുകളില്‍ സൂക്ഷിച്ച
മയില്‍ പീലിതണ്ടുകളിലൂടെ ......
എവിടെയോ  മറന്നു വച്ച -
ഓര്‍മകളുടെ മുത്തുകളിലൂടെയും
വളപ്പൊട്ടുകളിലൂടെയും..,
ഒടുവില്‍-
നഷട്ടപ്പെട്ടു പോയ
ബാല്യ കാലത്തിന്‍റെ
ചിതലരിച്ച ഓര്‍മകളില്‍............
നിറ കണ്ണുകളോടെ-
യാത്ര പറഞ്ഞകന്ന -
കളിക്കൂട്ടുകാരിയുടെ നൊമ്പരങ്ങളില്‍
അലിഞ്ഞില്ലാതാകുന്ന യാത്ര .........


                                                      യോതിഷ് ആറന്മുള 


Friday, September 30, 2011

അമ്മയും അച്ഛനും

അമ്മയും അച്ഛനും 














ഞാന്‍ നടക്കുന്ന വഴിയില്‍ 
പൂക്കള്‍  വിരിച്ചത്  അമ്മയാണെങ്കിലും....
അതിനു മുന്‍പെപ്പോഴോ 
ആ പൂക്കളിലെ പുഴുക്കളെയും -
ചെറു പ്രാണികളെയും
പെറുക്കി കളഞ്ഞിരുന്നു-
എന്നച്ഛന്‍ ..............


                             യോതിഷ് ആറന്മുള  

Thursday, September 29, 2011

ഓര്‍മ്മകള്‍

ഓര്‍മ്മകള്‍ 




















ഓര്‍മിക്കുവാന്‍ ഓര്‍മകളില്ലാതെ
ഞാനാ- കല്ലുവാരിയില്‍ 
ചില്ലികള്‍ക്കിടയില്‍ ഞെരിഞ്ഞമര്‍ന്ന 
പാവം മൊട്ടായിരുന്നു........
സൌരഭ്യമില്ലാതെ..  
വര്‍ണങ്ങളില്ലാതെ.....
ചെറു ഷഡ്പദങ്ങള്‍ പോലും 
അരികത്തണയാതെ-  
വീര്‍പ്പുമുട്ടുമ്പോള്‍ 
സ്വപ്നങ്ങള്‍ക്ക് ചിറകു കൊടുത്തു-
ഞാന്‍ ആകാശം മുട്ടെ പറന്നിരുന്നു ....
ഒരിക്കല്‍ -
കാലം എന്‍റെ തൊടിയിലും 
വസന്തം വിടര്‍ത്തി ...
മൊട്ടായിരുന്ന  ഞാന്‍ പൂവായി മാറി 
കല്ലിനും മുള്ളിനും ഇടയില്‍ നിന്ന് 
ഞാന്‍ പുറത്ത് വന്നു ......
അതി സുന്ദരമായ കാഴ്ചകള്‍ കണ്ട്-
പകലിനെയും നിലാവിനെയും 
കാറ്റിനെയും മഴയേയും 
ഒരുപോലെ സ്നേഹിച്ചു -
ദിനരാത്രങ്ങള്‍ പിന്നിടുമ്പോഴും അറിഞ്ഞില്ല 
വസന്തകാലത്തിന്‍റെ മഹത്വം ....
ഒടുവില്‍ -വസന്തം ;
കാലമതെന്നില്‍ നിന്നും 
തട്ടിയെടുക്കുമ്പോള്‍ -
കല്ലുകള്‍ക്കിടയിലേക്ക് 
മുള്ളിനടിയിലേക്ക് 
വാടി കൊഴിഞ്ഞിരുന്നു .....
അന്നെനിക്ക് ഓര്‍മിക്കുവാന്‍ 
ഒരുപാടുണ്ടായിരുന്നു ഓര്‍മ്മകള്‍.......... 

                                      
                                       യോതിഷ് ആറന്മുള 
                                     

Wednesday, September 28, 2011

മനുഷ്യന്‍

മനുഷ്യന്‍ 















ഒരു  ജന്മം
അതൊരു നിമിഷമാണെങ്കില്‍
കൂടിയീ ഭൂമിയില്‍ -
"മനുഷ്യനായ് " 
പിറക്കുവാന്‍ കൊതിച്ചുപോയ് ......
ഉരുകി എരിഞ്ഞുകൊണ്ട് -
അന്ധകാര കറുപ്പടര്‍ത്തി മാറ്റി - 
പ്രകാശം പരത്തുന്ന 
കെടാവിളക്കിന്‍റെ  തിരിയെന്ന പോലെ ....
പൂഴിക്കടലിലെ -
വെയില്‍കാനനത്തില്‍
നീര്‍ചോലകള്‍ വറ്റിവരളുന്ന വേനലില്‍ 
കുളിര്‍  മഴയെന്നപോലെ....
ചവറ്റുകൂന പറമ്പില്‍ 
അലയുന്ന ശുനകനും പന്നിക്കുമോപ്പം 
ഇരതിരയുന്നവര്‍ക്കൊരിത്തിരി 
അന്നമെന്നപോലെ ....
പെരുവഴിയില്‍ ഒരുനിരയില്‍ 
വിശപ്പിന്നും അബോധത്തിനു-
മിടയ്ക്കെപ്പോഴോ ,
സ്വപ്നമുണ്ണുന്നവര്‍ക്ക് 
തണലേകുന്ന മരമെന്ന പോലെ...
കൊലമരങ്ങളും കാമരസങ്ങളും
മാത്രം പ്രണയിക്കുന്നവര്‍ക്കിടയില്‍-
ശാന്തി മന്ത്രമെന്ന പോലെ...
പിറക്കുവാനായിരുന്നെങ്കില്‍ ...
നിലാവും മഴയും കുളിരും 
വിരിക്കുന്ന ഭൂമി; ഒരു-
മനോഹരതീരമാകുമായിരുന്നു..
എന്‍റെ സ്വപ്ന ലോകം 
യാഥാര്‍ത്ഥ്യമാകുമായിരുന്നു...........  


                              യോതിഷ് ആറന്മുള 

Sunday, September 25, 2011

നിറമില്ലാത്ത മഴവില്ല്

നിറമില്ലാത്ത മഴവില്ല്














വര്‍ഷങ്ങള്‍ എത്രയോ വേഗം കൊഴിഞ്ഞു .....
പകലന്തിയോളം കരഞ്ഞു ....
തിരികെ നടക്കുവാന്‍ കഴിയില്ലയെങ്കിലും 
വെറുതെ - പുറകിലെന്തോ തിരഞ്ഞു ........
ദൂരെ , പ്രതീക്ഷക്കു മുനവെച്ചു -
തിരിഞ്ഞു നോക്കുമ്പോളെന്‍
ഹൃദയത്തില്‍ വേര് പറിയുന്നു.....
എന്‍റെ ഹൃദയത്തില്‍ വേര് പറിയുന്നു.....
പിന്നിട്ട വഴിയിലെ പടിവാതിലാരോ 
കൊട്ടിയടച്ചിരിക്കുന്നു ......
ഇനിയെന്തെന്ന ഭാവം കനക്കുമ്പോഴും 
ഈ നിശബ്ധതയിലൊരു പിന്‍വിളി -
കാതോര്‍ക്കുമ്പോഴും 
ശൂന്യത മാത്രം നിറയുന്നു........

എവിടെയാണിന്നെന്‍റെ പ്രണയവും 
ധനുമാസപുലരിയും അമാവാസിനാളും
എവിടെയാണിന്നെന്‍റെ ഹൃദയത്തില്‍ മുക്കി -
ചുവന്ന പീലിതണ്ടില്‍ 
ആത്മാവിലെഴുതിയ പ്രണയകുറിപ്പുകള്‍....
എവിടെയാണിന്നെന്‍റെ നിഴലും 
നിറയുന്ന കുളിരും 
കടലോര സന്ധ്യയും,
എന്‍റെ സ്വപ്നങ്ങളും .........
ഒടുവിലെന്‍ മിഴിതുമ്പിലൊരു-
കുങ്കുമപോട്ടായി കടലാഴങ്ങളിലെപ്പോഴോ 
ചാടിമരിച്ച കിരണങ്ങളും
കാലതിരശ്ശീലയില്‍ തേഞ്ഞു മറഞ്ഞ -
നിലാവും മിഥുനങ്ങളും
പകര്‍ന്നു തന്നതിരുളിന്‍റെ നിറവും 
നിറമകന്ന മഴവില്ലും സ്വപ്നങ്ങളും മാത്രം ......
ഇനിയും പ്രതീക്ഷക്കു മുനവച്ചു 
തിരിഞ്ഞു നോക്കുമ്പോളെന്‍
ഹൃദയത്തില്‍ വേര് പറിയുന്നു.....

എന്‍റെ ഹൃദയത്തില്‍ വേര് പറിയുന്നു.....

ഞാനിനിയുമൊരുപാട്ട് പതിയെ മൂളാം
എന്‍റെ കരളിന്‍റെ തേങ്ങലുകള്‍  ഓര്‍ത്തുപാടാം ...
ജാലകപ്പാളിക്കുമപ്പുറം 
നീളും ഒരൊറ്റയടിപ്പാത  തീരുവോരം 
നോക്കി ഞാനിരിപ്പു.......
ഇനിയും തിരികെ നീ എത്തുമെങ്കില്‍....
ഇഷ്ട വസന്തമേ......... 
നഷ്ട സ്വപ്നങ്ങളെ ....
നിങ്ങളെന്‍റെ ചിതയ്ക്ക് -
കൊളുത്തിയ തീയില്‍ വെന്തു പിടയുമ്പോഴും 
പ്രതീക്ഷക്കു മുനവെച്ചു -
തിരിഞ്ഞു നോക്കുമ്പോളെന്‍
ഹൃദയത്തില്‍ വേര് പറിയുന്നു.....
എന്‍റെ ഹൃദയത്തില്‍ വേര് പറിയുന്നു.....



                                        യോതിഷ് ആറന്മുള 

Saturday, September 24, 2011

അഭയാര്‍ത്ഥികള്‍

അഭയാര്‍ത്ഥികള്‍





















ഇന്നീ  സ്കൂള്‍ വരാന്തയില്‍ -
അഭയാര്‍ത്ഥികള്‍ക്കൊപ്പം ,
അവന്‍ ചോദിച്ചോരായിരം ചോദ്യചിഹ്നങ്ങള്‍ ....
എനിക്ക് മുന്‍പില്‍ വളഞ്ഞു-
കുത്തി നില്‍ക്കുന്നു ...
മലവെള്ളപ്പാച്ചിലില്‍ തോണിയിലേറി -
ദൂരേക്ക്‌ പോയ അമ്മയ്ക്ക് 
വിശക്കുന്നുണ്ടാകുമോ...... ?
എനിക്ക് വിശക്കുമ്പോള്‍ അച്ഛന്‍ -
കരയുന്നത് എന്തിനാണ്...... ?
അച്ഛന്‍ കരയുമ്പോളെന്തിനാണുണ്ണിയെ  
ചുംബിക്കുന്നത് .....?
ഒടുവില്‍- 
ജീവിതതിനര്‍ത്ഥം വിശപ്പാണോ ?
എന്നവന്‍റെ  ചോദ്യത്തിനുത്തരം -"അതെ "
എന്നറിയാതെ ഞാന്‍ തികട്ടിയപ്പോള്‍ 
മനപ്പായസം പോലവനാ - ഒരുത്തരം 
നക്കികുടിച്ചു............. 


                                  യോതിഷ് ആറന്മുള 



മുറിവ്

നേർച്ചയിൽ അധികവും പോയത് അങ്ങോട്ടാണ് .. ഉരുളി കമഴ്ത്തുമ്പോഴും ഉരുവിട്ടത് ആൺകുട്ടി ആൺകുട്ടിയെന്നാണ് ... ജനിക്കും മുൻപേതന്നെ അവഗണിക്കപ്പെട്ടു ....