Showing posts with label കഥ. Show all posts
Showing posts with label കഥ. Show all posts

Monday, February 29, 2016

ദ ഷെഫ്












ഫ്ലാറ്റിലെ കുട്ടികൾക്കുള്ള കളിസ്ഥലത്ത്, ഫ്ലാറ്റിന്റെ മറവുപറ്റിയുള്ള തണലിൽ കുട്ടികൾ കളിക്കുന്നു. പ്ലാസ്റ്റിക്‌ കൊണ്ട്  നിർമ്മിച്ച   കളിപാത്രങ്ങളിൽ   തരിമണലുകൊണ്ട് ചോറും ഉപയോഗശൂന്യമായ മലക്കറികൾകൊണ്ട് കറിയും വച്ച്, പഴയ കാലത്തിന്റെ അപ്ടേറ്റട് വേർഷൻ കണ്ട്, മൊബൈൽ യുഗത്തിന്റെ ചട്ടകൂടിനുള്ളിൽ ഒതുങ്ങുന്ന ബാല്യങ്ങളും കഞ്ഞീം കറീം വച്ച് കളിക്കുന്നുണ്ടല്ലോ എന്ന്  അറിയാതെ എന്നിൽ ആശ്വാസത്തിന്റെ  നിശ്വാസമുയർന്നു.  

 മുറ്റത്തെ മൂവാണ്ടൻ മാവിന്റെ തണലുപറ്റി മടന്തതണ്ട് കൊണ്ടുള്ള  തൂശനിലയിൽ, മണ്ണുകൊണ്ട് തുമ്പപ്പൂചോറും, വട്ടച്ചെടിയുടെ തളിരിലകൊണ്ട് പപ്പടവും, ചെമ്പരത്തിപ്പൂ കൊത്തിയരിഞ്ഞ ചീരതോരനും, കണ്ണഞ്ചിരട്ടചട്ടിയിൽ ഇഷ്ടിക പൊടിച്ച് വെള്ളം ചാലിച്ചതിൽ  കരിഞ്ഞ കുടമ്പുളിയും  മീനെന്നോണം കഷ്ണിച്ച മാവിലയും ചേർത്തുണ്ടാക്കിയ  മീൻകറിയും വിളമ്പി കുട്ടിക്കാലം വിരുന്നു വിളിച്ചു. ബാല്യകാലസ്മരണകളിലെവിടെയോ ഇരുന്ന് ഞാൻ  കുറച്ചു പച്ച മണ്ണ് വാരികുഴച്ചുണ്ടു.

കൂട്ടത്തിൽ അല്പം മുതിർന്ന,  മെലിഞ്ഞു നീണ്ട  പെൺകുട്ടിയാണ് കളിവീട്ടിലെ മുഖ്യഅതിഥി. മറ്റുള്ളവർ അവളെ നന്നായി സൽകരിക്കുന്നുണ്ട്. ഓരോരുത്തരും  അവരുടെ കറിയും കൂട്ടാനും വിളമ്പി കൊടുക്കുന്നു. കൂടുതൽ ഉത്സാഹം കാപ്പിരി മുടിയുള്ള പെൺകുട്ടിക്കാണ്.  വിളമ്പി വച്ചിരിക്കുന്നതെല്ലാം അതിഥി സ്വാദോടെ കഴിക്കുന്നു. ഓരോ കൂട്ടാനും തൊട്ടുകൂട്ടി, കോഴിക്കറിയിൽ മസാലകുറഞ്ഞുപോയെന്നും, പരിപ്പ് കുറച്ചുകൂടി വേകാനുണ്ടെന്നും മറ്റും പറയുന്നു. അതുവരെ കുറുമ്പ് കാട്ടിനടന്ന വഴക്കാളി ചെക്കൻ കൊണ്ടുവന്ന കറി കൂട്ടിയിട്ട്  അവൾ എന്തോ പറഞ്ഞു!. അവൻ കരഞ്ഞുകൊണ്ട്‌ ഫ്ലാറ്റിന്റെ രണ്ടാം ബ്ലോക്കിലേക്ക് ഓടിപോയി. 

പണ്ടൊക്കെ ഞങ്ങൾ കളിക്കുമ്പോൾ മൂവാണ്ടൻ മാവിന്റെ ചാഞ്ഞ ചില്ലയായിരുന്നു ചന്ത. ചന്തയിൽ പോയി മീൻ വാങ്ങുക, ഇഷ്ടിക പൊടിച്ചു മുളകുപൊടിയുണ്ടാക്കുക ഇത്യാദി പണികൾ ഒക്കെ ചെയ്തിരുന്നത് ആൺകുട്ടികളായിരുന്നു. ഇന്നിപ്പോ എല്ലാവരും കഞ്ഞി വയ്ക്കുന്നു കറി വയ്ക്കുന്നു. ഏതോ വീട്ടിൽ വന്ന അതിഥിയെ എല്ലാവരും ചേർന്ന് സല്ക്കരിക്കുന്നു. കളി എത്രയോ മാറിപോയിരിക്കുന്നു. 

"കഞ്ഞീം  കറീം കളിക്കാൻ എന്നെ കൂടി കൂട്ടുമോ? " 
ചോദ്യം കേട്ട് കുട്ടികളുടെ ആകാംക്ഷ മുറ്റിയ കണ്ണുകൾ എന്നിൽ തറച്ചു. എന്റെ കുസൃതിക്കു  മറുപടി പറഞ്ഞത്  ആ കാപ്പിരിമുടിയുള്ള  കുട്ടിയാണ്. 

"കഞ്ഞീംകരീമൊ ? അയ്യേ ! അതെന്താ ..?"
 അവളുടെ മുഖത്ത് ആശ്ചര്യം കലർന്നൊരു നുണക്കുഴി തെളിഞ്ഞു നിന്നു.
"ഞങ്ങള് കളിക്കുന്നത് കഞ്ഞീംകരീമല്ല!" 

"പി.. ന്നെ ....?"
ചോദ്യമായിരുന്നില്ല. എന്നിൽനിന്നറിയാതെ പുറപ്പെട്ടുപോയൊരു ശബ്ദം.  
"ദ ഷെഫ് !", കുഞ്ഞു ശബ്ദങ്ങൾ കൂട്ടുകൂടി മൊഴിഞ്ഞു..


( 28.2.2016 ൽ മാതൃഭൂമി വാരാന്ത്യപതിപ്പിൽ പ്രസിദ്ധീകരിച്ച കഥ )

മുറിവ്

നേർച്ചയിൽ അധികവും പോയത് അങ്ങോട്ടാണ് .. ഉരുളി കമഴ്ത്തുമ്പോഴും ഉരുവിട്ടത് ആൺകുട്ടി ആൺകുട്ടിയെന്നാണ് ... ജനിക്കും മുൻപേതന്നെ അവഗണിക്കപ്പെട്ടു ....