Tuesday, March 8, 2016

പരാതി



ഒരു വീട് ഉണരുന്നതു മുതൽ
ഉറങ്ങും വരെ -
പെണ്ണുടൽ  ഓടി തളരുന്നത് ...

നേരം പുലരുന്നതിനു മുൻപ്-
അടുക്കളയിൽ,
വിറകിനൊപ്പം പുകയുന്നത് ...
കഞ്ഞിക്കൊപ്പം തിളയ്ക്കുന്നത് ..
കടുകിനോപ്പം പൊട്ടിചിതറുന്നത്‌ ...

പെണ്ണായുസ്സ്
വീടുകൊണ്ട് തീരുന്നില്ലെന്ന്
പരിതപിക്കുന്നത്‌ ...

മാവേലി സ്റ്റൊറിലെ  തിരക്കിൽ നിന്ന് ,
റേഷൻ കടയിലെ ക്യൂവിലേക്ക് നീളുന്നത് ..
വിപണി ചന്തയിലെ മേടവെയിൽ
ചൂടിൽ നിന്ന്
പലചരക്കു കടയിലെ സാധനങ്ങളുടെ
ലിസ്റ്റിലേക്ക് വിയർത്തിറങ്ങുന്നത് ....

ദിനംപ്രതി -
കുട്ടികൾ
സ്കൂൾ
പ്രായമായ അച്ഛൻ
ആശുപത്രി ...

മാസംപ്രതി -
പാചകവാതകം
ഫോണ്‍ ബിൽ
കറണ്ടു ബിൽ ....
അങ്ങനെ അങ്ങനെ ,
ഓടി ഓടി നീ തളരുന്നത് ...

അറിയാം  പെണ്ണേ ...
നിന്റെ പരാതി ഇതൊക്കേയാണെന്നും
വീടിന്റെ രണ്ടു കാലുകൾ
നിന്റെതാണെന്നും ....

എങ്കിലും ഒന്ന് പറയട്ടെ...

വീട് ഉണരുന്നതു മുതൽ
ഉറങ്ങും വരെ -
പെണ്ണുടൽ  ഓടി തളരുന്നിടത്തെല്ലാം -

മീനവേനൽ ചൂടിലും ,
ഇടവപ്പാതിയിൽ കുതിർന്നും
പാടത്തും വരമ്പത്തും പോസ്റ്റിന്റെ മുകളിലും ,
വിയർത്തും നനഞ്ഞും ..
മാവേലി സ്റ്റൊറിലെ  തിക്കിലും തിരക്കിലും
ശാന്തനായി സാധനങ്ങൾ എടുത്തും  കൊടുത്തും,
റേഷൻ അരി അളന്നു തൂക്കിയും കുശലം ചോദിച്ചും,
വിപണി ചന്തയിൽ
ചുമടെടുത്തും,
ആണുടലും ഉണ്ടായിരുന്നു..

ജീവിതത്തിന്റെ കണക്കുകൾ തെറ്റുമോന്നു  ഭയന്ന് ...
കൂട്ടിയും കിഴിച്ചും ഹരിച്ചും ഗുണിച്ചും നോക്കി നോക്കി ,
നീയുണരുന്നതിനു അല്പ്പമാത്ര  മുൻപ്
ഉറങ്ങാറുള്ള അവൻ...

സ്കൂളിലും  ,
ആശുപത്രിയിലും ,
ഗ്യാസ് ഏജേൻസിയിലും  ,
വിദ്യുച്ഛക്തി ബോർഡിലും,
ടെലഫോണ്‍ എക്സ്ചേഞ്ചിലും,
എന്നു വേണ്ട എല്ലായിടങ്ങളിലും ..
ഓരോരോ പണിയിൽ ഏർപ്പെട്ടു കൊണ്ട്
നിരവധി അനവധി ആണുടലുകൾ  ഓടിക്കൊണ്ടിരിക്കുന്നു...    

ആരോടും പരാതി പറയാനില്ലാത്ത
ഒരു പണിയുമായി,
അവനും വീടിന്റെ രണ്ടു  കാലാകുന്നുണ്ട്...
നിനക്ക് താങ്ങാകുന്നുണ്ട് ....

( 2016 ഫെബ്രുവരി ലക്കത്തിൽ പുടവ കുടുംബ മാസികയിൽ വന്ന കവിത )



 
 




No comments:

Post a Comment

മുറിവ്

നേർച്ചയിൽ അധികവും പോയത് അങ്ങോട്ടാണ് .. ഉരുളി കമഴ്ത്തുമ്പോഴും ഉരുവിട്ടത് ആൺകുട്ടി ആൺകുട്ടിയെന്നാണ് ... ജനിക്കും മുൻപേതന്നെ അവഗണിക്കപ്പെട്ടു ....