Wednesday, November 4, 2015

മോഹം

















എനിക്കൊരു മരമാകണം 
തളിർത്തു കൊഴിഞ്ഞ് 
പിന്നെയും 
തളിർത്തു കൊഴിഞ്ഞ് ... 
വേരുകളിലൂടെ വേരുകൾതൊട്ടു 
നിൽക്കുന്ന മരമാകണം ...

വളർത്തമ്മ അറിയാതെ വന്നു 
കുഞ്ഞുങ്ങളെ താലോലിക്കുന്ന 
കുയിൽ പെണ്ണിന്റെ 
താരാട്ട് കേട്ടുറങ്ങുന്ന മരചില്ലയാകണം...

പുളിയുറുമ്പിനുറങ്ങാൻ 
ഇലപ്പന്തലൊരുക്കണം ..
അണ്ണാറക്കണ്ണന്റെ -
വിശപ്പിനൊരായിരം തേൻപഴമാകണം ....
ഓലേഞ്ഞാലിക്ക് -
ആടാനൊരൂഞ്ഞാലൊരുക്കണം 
കൊത്തിപറിച്ചു സ്നേഹിക്കുന്ന , 
മരക്കൊത്തനു -
ഉള്ളിലൊരിത്തിരി ഇടം കൊടുക്കണം ...

ഹൃദയമൂറ്റി -
ജീവനെടുത്തേക്കാമെങ്കിലും,
ഇത്തിൾകണ്ണിക്കുമൽപ്പം 
നീരുകൊടുക്കണം ...

മൈനയ്ക്കും മാടപ്രാവിനും 
തത്തയ്ക്കും കൊക്കിനും 
കാകനും കൂമനും
പുള്ളിനും പരുന്തിനും 
കഴുകനും,
കാടുകടന്നെത്തുന്ന ദേശാടന പക്ഷിക്കും 
അല്പനേരമിരിക്കാ- 
നൊരുവഴിയമ്പലമാകണം....

നൂറ്റാണ്ടുകളോളം 
പടർന്നു പന്തലിച്ചു 
തണലും തണുപ്പുമായി , 
വീടും കൂടുമായി , 
തലമുറകൾക്കു താങ്ങാകണം .....

പെട്ടന്നൊരു നാളിലാമോഹം 
ഉപേക്ഷിച്ചവൾ പറന്നു പോകുമ്പോൾ 
കാടൊരു മൊട്ടകുന്നായിരുന്നു ...
കൂടൊരു കുട്ടിയുടെ കയ്യിലായിരുന്നു...
കൂടിരുന്ന മരം -
നൂറു കഷ്ണങ്ങളായി ,
നുറുങ്ങി കിടക്കുകയായിരുന്നു..
-- 

No comments:

Post a Comment

മുറിവ്

നേർച്ചയിൽ അധികവും പോയത് അങ്ങോട്ടാണ് .. ഉരുളി കമഴ്ത്തുമ്പോഴും ഉരുവിട്ടത് ആൺകുട്ടി ആൺകുട്ടിയെന്നാണ് ... ജനിക്കും മുൻപേതന്നെ അവഗണിക്കപ്പെട്ടു ....