Wednesday, October 28, 2015

കവിത ഉള്ള രണ്ടാത്മാക്കളുടെ ആത്മഭാഷണങ്ങൾ
ഒറ്റശിഷ്ടം ...
നാമെന്ന ഇരട്ട ചങ്ക് ...
ഇത് പറയുമ്പോളുണ്ടാകുന്ന
പൊരുത്തവും പൊരുത്തക്കേടും;
തിരിച്ചറിയുന്നതിലെ അപാകതയിലാണ്-
നീയും ഞാനും
പങ്കുകച്ചവടക്കാരാകുന്നത്...

എന്റെ മൌനം വിവര്‍ത്തനം ചെയ്യാനുള്ള
ഭാഷ ഭൂമിയില്‍ ഉണ്ടായിട്ടില്ലെന്ന് അവൾ.....
ഒരു വാക്കിന്റെ പോലും ആവശ്യമില്ലാതെ...
കണ്ണുകൾ കൊണ്ട് കഥപറയാതെ ,
ചുണ്ടോടു ചുണ്ട് ചേർക്കാതെ ..
ശലഭങ്ങൾ വന്നു മുത്താതെ വിരിയുന്ന പൂവുപോലെ ...
നീ എഴുതുന്ന കവിതകളില്ലേ
മൗനം കൊണ്ടെഴുതുന്ന കവിതകൾ ...
ആ കവിതകളിലാണ് ഞാൻ എന്നെ കണ്ടെത്താറുള്ളത് ....
നിന്റെ സ്നേഹം തുടിക്കുന്നത് കാണാറുള്ളത്‌ ...
നിന്‍റെ മൌനത്തിന്റെ സംഗീതം
കേള്‍ക്കുന്നൊരു കാതുണ്ടെനിക്ക് ..
ഒടുവിലേക്ക്എഴുതാൻ മാറ്റി നിർത്തിയിരിക്കുകയാണ് -
നിന്റെ മൗനത്തെ വിവർത്തനം ചെയ്തൊരു കവിത ..
അതായിരിക്കും എന്റെ അവസാന കവിത ...
(എഴുതപ്പെടാത്ത കവിതകള്‍
ബാക്കി വെയ്ക്കുന്നത് എനിക്ക് നിന്നോടുള്ള
സ്വാര്‍ത്ഥതയാണ് ...)
ഈ മാറ്റി നിർത്തലുകളിൽ ആണ്
ലോകം തകിടം മറിയുന്നത് !!!
പൂവുകള്‍ വാടും,
ആകാശം വീഴും ......
മാറ്റി നിർത്തുമ്പോള്‍ -
തകര്‍ക്കപ്പെടുന്ന ആകാശം,
സദാചാരികള്‍ താങ്ങി നിറുത്തും ...
ഞാനും നീയും മാത്രം നേരെ നില്ക്കുമ്പോൾ
ലോകം മുഴുവൻ തലകീഴായ്ക്കിടക്കും.
ഒരു റിവേർസബിൾ (സദാചാര) മാറ്റം ...
വെളിച്ചം കട്ടെടുക്കാത്ത ആൾക്കാർ
നിറയുന്ന ലോകത്തിന്റെ തെളിവ് എവിടെ?
അതിന്റെ ചിത്രങ്ങൾ കാണിച്ചു തരൂ..?
നമുക്ക് രണ്ടാൾക്കുമിടയിലെ
വലിയ / ചെറിയ തുരുത്തുണ്ടല്ലോ .. അവിടെ .
അവിടെയാണാ ലോകം ...
നിന്റെ -
ചിത്രം ഓർമിച്ചെടുത്ത് വരയ്ക്കുമ്പോഴും
നിന്നെ ഓർക്കുമ്പോഴും- ഞാൻ
അറിയാതെ കണ്ണടയ്ക്കുന്നു..
ഇരുട്ടിൽ കാണുന്നു...
എല്ലാം കറുപ്പിൽ കാണുന്നു..
എല്ലാ നിറവും കറുപ്പാണെന്ന് കുറിക്കുന്നു...
കറുപ്പഴക്
കറുപ്പിനഴക്
കറുപ്പിനേഴഴക് ...
പത്തിൽ ഏഴാണൊ / ഏഴ് നൂറിൽ ആണോ
എന്ന അവ്യക്തതയിലാണ് ..
കറുപ്പിന്റെ അഴകിനെ - കവി
തന്ത്രപൂർവ്വം കൈകാര്യം ചെയ്തിരിക്കുന്നത് ..
നിന്റെ ചിത്രം ഓർമിച്ചെടുത്ത് വരയ്ക്കുമ്പോഴും
നിന്നെ ഓർക്കുമ്പോഴും- ഞാൻ
കണ്ണു തുറന്നു വയ്ക്കാറുണ്ട് ...
കറുപ്പിന് ഏഴഴക് എന്നെഴുതിയത്
വലിയ കവിയുടെ ഏറ്റവും -
വലിയ നുണ...
ഇരട്ട ശിഷ്ടം .,
നമെന്ന ഒറ്റചങ്ക്....
എന്നുപറയാത്തിടത്തോളം -
എല്ലാ പുലരിയും കറുപ്പണ് .....
എല്ലാ തീവ്രതയും കറുപ്പാണ്...
തീവ്രമായെതെല്ലാം കറുപ്പാണ്...
കൂട്ടുകവിത with Chinchu Rosa

Thursday, October 22, 2015

ചിറ്റാമ്പൽ

ആയിരം പൂർണേന്ദു ഒന്നിച്ചുദിച്ച പോലെത്ര -
നിലാവ് പൊഴിച്ച് പകലായ് ചമഞ്ഞാലുമാദിത്യാ ,
ചെറു ചിറ്റാമ്പൽ പൂവിനെന്നും
പ്രണയം നറുനിലാവിനോടല്ലേയുള്ളൂ .......

ഞാൻ -
കല്ലെടുപ്പിച്ച തുമ്പിക്കുപോലും 
പറയാനുണ്ടാകും  നിന്നെ കുറിച്ച് ....

നീയേറെ കൗതുകത്തോടെന്നരുകിൽ 
ചിരിച്ചു കൊണ്ടിരിക്കുന്നൊരോർമയിൽ,
ഇന്നും ഒരു തുമ്പി -
കല്ലെടുക്കുന്നുണ്ട് ...

എത്രയെന്നറിയുവാൻ
ഏതു മരപ്പൊക്കത്തോളം വളരണം 
എന്നിലേക്കൊന്ന്  നീ  ചേക്കേറുവാൻ ...........

ഏതു  കഥയിലെ പൂമരമാകണം ,
എത്ര വർഷകാലം  നനയണം ,
എത്ര വേനലിൽ വേകണം ,
എത്ര സന്ധ്യതൻ  കുങ്കുമം ചാലിച്ചെത്ര,
യുഗങ്ങളീ വഴിയിലോറ്റയ്ക്ക് -
കാത്തുനിൽക്കണം... 
ഏതു പുഴയിലേക്കു വേരുകളാഴ്ത്തണം ..
ഉള്ളിലേതു പൂവിന്റെ 
ഹൃദയം ഒളിപ്പിക്കണം .... 

ആത്മശാന്തി

കുടുംബസമേതം അവർ 
കാശിയിലും രമേശ്വരത്തും പോയി തൊഴുതു...
അച്ഛന്റെ ആത്മശാന്തിക്കുവേണ്ടി 
മനസ്സുരുകി പ്രാർത്ഥിച്ചു ..

ചിതാഭസ്മം ഗംഗയിൽ ഒഴുക്കുമ്പോൾ,


"കണ്ണടയും മുൻപ് 
കാശിയിലും രാമേശ്വരത്തും പോണം 
ഗംഗയിലൊന്നു മുങ്ങി കുളിക്കണം 
എന്നൊക്കെ മുത്തശ്ശന് ആഗ്രഹമുണ്ടായിരുന്നെന്ന് "

കൊച്ചുമകൻ പറയുന്നുണ്ടായിരുന്നു.. 

അപ്രഖ്യാപിത കവിത

സ്വയം പ്രഖ്യാപിത പെങ്ങന്മാർ ഒരുപാടുള്ള,
അപ്രഖ്യാപിത കാമുകനാണ് ഞാൻ ...........

Tuesday, October 13, 2015

പ്രകാശസംശ്ലേഷണംവെയിലേറ്റു വാടിയതല്ല...
അവനില്ലാതെന്നിൽ -
പ്രാണനില്ലെന്ന്  - ഒരില,
നിലാവിന്റെ പ്രണയത്തെ 
നിർഖേദം നിരസിക്കുന്നു... 

അന്നുമിതുപോൽ

പ്രജ്ഞ പൊള്ളിയടർന്നൊരു  തിരി നിന്നിലെരിയുന്ന-  ന്നേരം നീ തിരികെയെത്തിടും... അന്നുമിതുപോൽ  നാലു ചുവരുകൾ  നിന്നെ നോക്കിക്കിടന്നിടു...