Sunday, October 20, 2013

ശിക്ഷ



















സ്കൂളിൽ പഠിക്കുന്ന കാലം -
യൂണിഫോമിനോടേറെ
കൊതിയാണെന്നെല്ലാരോടും
കള്ളം പറഞ്ഞു ...
സ്കൂളിൽ നിന്നു വീടെത്തിയാലും,
പൂരത്തിനു പോയാലും,
കല്യാണത്തിനു പോയാലും ,
ഉണ്ണുമ്പോഴും ,
ഉറങ്ങുമ്പോഴുമെല്ലാം-
കുപ്പായത്തിനു ഒരേ നിറമായിരുന്നു..

തൊടിയിൽ പോലീസും കള്ളനും
കളിക്കുന്നതിനിടയിൽ -
കുപ്പയമപ്പാടെ കീറിപോയി ...
അന്ന് ,
പുതു നിറത്തിലൊരു പുത്തൻ കുപ്പായത്തിനു -
കൊതിയുണ്ടെന്നു കരഞ്ഞപ്പോൾ ,
പിഞ്ചികീറിയ ബാല്യം
തുന്നി ചേർത്തുകൊണ്ട് അമ്മ പറഞ്ഞിട്ടുണ്ട് -
സമയദോഷം മാറട്ടെന്ന് ...
ചോദിക്കുമ്പോഴൊക്കെ -
അടുത്ത ഓണത്തിനെന്നച്ഛൻ
ഉറപ്പു പറയുമായിരുന്നു ...
ഓണവും വിഷുവും പലകുറി വന്നുപോയി ...
എന്നിട്ടും -
വീട്ടിലേക്കെത്തുന്ന ,
പുത്തൻ കുപ്പായത്തിനു മാത്രം
എന്നും ഒരേ നിറം ..

ഓരോ തവണ പുത്തൻ കുപ്പയവുമായി
വരുമ്പോഴും
പാടത്തെ ചേറുമണക്കുന്ന ,
തുന്നാനൊരിത്തിരി ഇടം-
ബാക്കിയില്ലാത്ത ,
നരച്ചു പിഞ്ചിയ പഴയ കുപ്പായം തന്നെയാണ്
അച്ഛൻ ധരിച്ചിരുന്നത് ...
പുത്തൻ കുപ്പായം കാണാൻ
അടുക്കളയിൽ നിന്നെത്തി നോക്കുന്ന -
അമ്മയുടെ സാരിതലപ്പിലുമുണ്ടായിരുന്നു ,
കരിമ്പനടിച്ച ജീവിതത്തിന്റെ പാടുകൾ...

എന്തുകൊണ്ടാണോ എന്തോ ?
ജീവപര്യന്തം
സമയദോഷത്തിനു
ശിക്ഷിച്ചിരിക്കയാണെന്നു തോന്നുന്നു.... 

No comments:

Post a Comment

മുറിവ്

നേർച്ചയിൽ അധികവും പോയത് അങ്ങോട്ടാണ് .. ഉരുളി കമഴ്ത്തുമ്പോഴും ഉരുവിട്ടത് ആൺകുട്ടി ആൺകുട്ടിയെന്നാണ് ... ജനിക്കും മുൻപേതന്നെ അവഗണിക്കപ്പെട്ടു ....