Sunday, September 29, 2013

"ഒറ്റ"ക്കവിതകൾ

നീയെന്നെ കുറിച്ചു ചിന്തിക്കുമ്പോൾ മാത്രമല്ല ,അല്ലാത്തപ്പോഴും ഞാൻ എവിടെയൊക്കെയോ ജീവിക്കുന്നു.. ജീവിതത്തിലേറെ നേരവും നാം തനിച്ചാണെന്ന തിരിച്ചറിവിൽ , ഒറ്റപെട്ടുപോകുന്ന, ഒറ്റയ്ക്കാവുന്ന ചില വരികൾ  -  ഒറ്റക്കവിതകൾ 

1. ഞാനും 

കൂടെയുണ്ടെന്നു  തോന്നിപ്പിക്കും വിധം
ചേർന്നു നില്ക്കുന്ന
ഒരുപാട് ഒറ്റകൾക്ക് നടുവിൽ
ഞാനും ഒറ്റയ്ക്കാവുന്നു.....
















2. ഒറ്റവരിപ്പാത 

ഒന്നാണെന്നു പറഞ്ഞ വഴിയിൽ നിന്ന്
മുൻപോട്ടും പുറകോട്ടും
ഒറ്റയ്ക്കൊറ്റയ്ക്കു തിരിഞ്ഞു -
ദൂരേക്ക് നീണ്ടു നീണ്ടു പോകുന്ന
ഒറ്റവരിപ്പാത ......


3. കുടിശ്ശിക 

പത്തുമാസത്തെ വാടക ,
കുടിശ്ശിക തീർത്ത്‌ 
വൃദ്ധസദനത്തിലെ 
ഒറ്റമുറിക്കു കൊടുക്കുന്ന മക്കൾ .....






4. പൊട്ടത്തെറ്റ്


ഒറ്റയിൽ നിന്നൊറ്റ കൂട്ടുമ്പോഴും 
കുറയ്ക്കുമ്പോഴും
രണ്ടൊറ്റകൾ  അവശേഷിക്കപ്പെടുന്നിടത്താണ് 
ജീവിതത്തിന്റെ ഗണിതവും 
ഗണിതത്തിലെ  ശാസ്ത്രവും തമ്മിൽ തെറ്റുന്നത്...

 






5.ഓർമ്മയിലേക്കെന്നും  ഒറ്റയ്ക്ക് 


തുമ്പിക്ക് പിന്നാലെ, 
തുമ്പപ്പൂ പറിച്ച്,
കളിക്കൂട്ടുകാർ ഒട്ടൊരുപാടുണ്ടെന്നാകിലും....
ഓലപ്പമ്പരം കറക്കിക്കൊണ്ട്
ഒറ്റയ്ക്കാണെപ്പോഴും 
പ്രതീക്ഷയോടെ കുട്ടിക്കാലത്തിലേക്ക് 
ഓടിചെല്ലാറ്



യോതിഷ് ആറന്മുള

1 comment:

ദീപ എന്ന ആതിര said...

ഒരുപാട് ഇഷ്ടായി ഈ ഒറ്റ ചിന്തകള്‍

Post a Comment

മുറിവ്

നേർച്ചയിൽ അധികവും പോയത് അങ്ങോട്ടാണ് .. ഉരുളി കമഴ്ത്തുമ്പോഴും ഉരുവിട്ടത് ആൺകുട്ടി ആൺകുട്ടിയെന്നാണ് ... ജനിക്കും മുൻപേതന്നെ അവഗണിക്കപ്പെട്ടു ....