Sunday, September 29, 2013

വെയിലുൽസവം















ആകാശത്തിന്റെ മടിയിലൊരു
കടലിനെ ഒളിപ്പിച്ചു വച്ച്
വെയിലു ചിരിക്കും ...
ചിരിച്ചു ചിരിച്ചങ്ങനെ
കാലം കാത്തുവച്ച വെയിലുൽസവത്തിനോടുവിൽ
വേനലു പുതച്ച മണ്‍കൂടുകളിൽ -
നിന്നും മഴപ്പാറ്റകൾ
ചിറകു കൊഴിച്ച് യാഗം നടത്തുന്നിടത്തേക്ക്,
മണ്ണിന്റെയും മരങ്ങളുടേയും
പ്രാർത്ഥനകൾ കൂട്ടിമുട്ടുന്നിടത്തേക്ക്,
പെയ്തിറങ്ങുന്ന മഴപ്പൊട്ടലിൽ -
കൂണുകൾ മോഹക്കുടനിവർത്തും.....
പൂഴി നന്നഞ്ഞെത്തുന്ന കാറ്റ്
ഗൃഹാതുരത്വത്തിലേക്ക് ചുഴറ്റി എറിയും ...
അവിടെ - ബാല്യ ,കൗമരത്തിന്റെ
ഓർമകളിൽ
എവിടെയൊക്കെയോ കവിത നിന്നുനനയുകയും
പ്രണയം തോരാതെ പെയ്യുകയും ചെയ്യും...
എങ്കിലും - പെയ്തു പെയ്തു വെറുപ്പിച്ച് ,
ഒടുക്കത്തെ മഴയെന്നു -
പ്‌രാക്ക് കഴിയുമ്പോൾ
കുറുക്കന്റെ കല്യാണം കൂടാനെന്നവ്യാജേന
വഴിയോരത്തും വേലിക്കെട്ടിലും വന്ന്
പെരുമഴയിൽ നനഞ്ഞു കിടക്കും - പാവം വെയിൽ........

യോതിഷ് ആറന്മുള

"ഒറ്റ"ക്കവിതകൾ

നീയെന്നെ കുറിച്ചു ചിന്തിക്കുമ്പോൾ മാത്രമല്ല ,അല്ലാത്തപ്പോഴും ഞാൻ എവിടെയൊക്കെയോ ജീവിക്കുന്നു.. ജീവിതത്തിലേറെ നേരവും നാം തനിച്ചാണെന്ന തിരിച്ചറിവിൽ , ഒറ്റപെട്ടുപോകുന്ന, ഒറ്റയ്ക്കാവുന്ന ചില വരികൾ  -  ഒറ്റക്കവിതകൾ 

1. ഞാനും 

കൂടെയുണ്ടെന്നു  തോന്നിപ്പിക്കും വിധം
ചേർന്നു നില്ക്കുന്ന
ഒരുപാട് ഒറ്റകൾക്ക് നടുവിൽ
ഞാനും ഒറ്റയ്ക്കാവുന്നു.....
















2. ഒറ്റവരിപ്പാത 

ഒന്നാണെന്നു പറഞ്ഞ വഴിയിൽ നിന്ന്
മുൻപോട്ടും പുറകോട്ടും
ഒറ്റയ്ക്കൊറ്റയ്ക്കു തിരിഞ്ഞു -
ദൂരേക്ക് നീണ്ടു നീണ്ടു പോകുന്ന
ഒറ്റവരിപ്പാത ......


3. കുടിശ്ശിക 

പത്തുമാസത്തെ വാടക ,
കുടിശ്ശിക തീർത്ത്‌ 
വൃദ്ധസദനത്തിലെ 
ഒറ്റമുറിക്കു കൊടുക്കുന്ന മക്കൾ .....






4. പൊട്ടത്തെറ്റ്


ഒറ്റയിൽ നിന്നൊറ്റ കൂട്ടുമ്പോഴും 
കുറയ്ക്കുമ്പോഴും
രണ്ടൊറ്റകൾ  അവശേഷിക്കപ്പെടുന്നിടത്താണ് 
ജീവിതത്തിന്റെ ഗണിതവും 
ഗണിതത്തിലെ  ശാസ്ത്രവും തമ്മിൽ തെറ്റുന്നത്...

 






5.ഓർമ്മയിലേക്കെന്നും  ഒറ്റയ്ക്ക് 


തുമ്പിക്ക് പിന്നാലെ, 
തുമ്പപ്പൂ പറിച്ച്,
കളിക്കൂട്ടുകാർ ഒട്ടൊരുപാടുണ്ടെന്നാകിലും....
ഓലപ്പമ്പരം കറക്കിക്കൊണ്ട്
ഒറ്റയ്ക്കാണെപ്പോഴും 
പ്രതീക്ഷയോടെ കുട്ടിക്കാലത്തിലേക്ക് 
ഓടിചെല്ലാറ്



യോതിഷ് ആറന്മുള

മൗനം



















ആത്മഹത്യ കുറിപ്പുകൾ കണ്ടെടുക്കപ്പെടുന്നത്

നാലും കൂടിയ കവലകളിലേക്ക് ,
കിതച്ചോടിയെത്തുന്ന -
അനവധി സാധാരണ ജീവിതങ്ങളിൽ ചിലത് ...
സിഗ്നൽ ലൈറ്റുകളിൽ തെളിയുന്നത്
പച്ചയോ?
മഞ്ഞയോ?
ചുവപ്പോ?
എന്നു തിരിച്ചറിയാനാകാതെ -
മുൻപോട്ടു ചലിച്ചു തുടങ്ങുന്നിടത്ത് നിന്നും
വഴിപിരിഞ്ഞു പോവുകയും
തമ്മിലിടിച്ചു തകർന്നുടയുകയും
ചെയ്യുന്നിടത്താണ് -
ആത്മഹത്യാ കുറിപ്പുകൾ കണ്ടെടുക്കപ്പെടുകയും ,
വഴിമുട്ടിയ ജീവിത ദുരന്തത്തിന്റെ
ഒറ്റവരി കവിത
വായിക്കപ്പെടുകയും ചെയ്യുന്നത്....

യോതിഷ് ആറന്മുള

അപ്പോഴും

ഞാനൊരു ഉരുൾ പൊട്ടലിൽ
കുത്തി ഒലിച്ചു പോകയാവും ...
അല്ലെങ്കിൽ അഗാതമായ കൊക്കയിലേക്ക്
പതിക്കുകയവും ...
ചിലപ്പോൾ ചുഴിയിലകപ്പെട്ടു
ചുറ്റി തിരിയുകയായിരിക്കും...
അപ്പോഴും - എന്റെ കൈകൾ
നിന്നെ തിരഞ്ഞു തിരഞ്ഞൊടുവിൽ
എന്റെ ഹൃദയത്തിൽ
തപ്പിത്തടഞ്ഞ് ഞെട്ടിയുണരുന്നത്
എന്തുകൊണ്ടാണ് ......


യോതിഷ് ആറന്മുള

ഇത്തിൾക്കണ്ണി

മഴവന്നു വിളിച്ചിട്ടും 
തളിർക്കനാകാതെ...
കാറ്റ് പിടിക്കതൊരു ഒറ്റമരം ..
വസന്തമെത്തി മടങ്ങിയ ചില്ലയിൽ
അവശേഷിച്ച -
രണ്ടിലകളിൽ
ജീവന്റെ പച്ചപ്പ്‌ മങ്ങിതുടങ്ങിയിട്ടും ,
ജലഞരമ്പുകളിൽ നിന്നോടുവിലത്തെ -
തുള്ളിയും കവർന്നെടുത്തിട്ടും,
മതിയാകാതെ ..
തിന്നു തിന്നെന്റെ ഹൃദയവും
കാർന്നുതിന്ന് - നീ
പടർന്നു കയറുന്നതെങ്ങോട്ടാണ് ...

യോതിഷ് ആറന്മുള

Saturday, September 28, 2013

ദുരവസ്ഥ

ആഘോഷങ്ങൾ എത്ര വലുതാണെങ്കിലും 
ഒരു നിമിഷത്തിന്റെ ദൈർഘ്യത്തിലവ പോയ്‌ മറയും .... 
ഏറ്റവും ചെറിയ സങ്കടങ്ങൾക്കു പോലും -
ഒരു മനുഷ്യായുസ്സിന്റെ ദൈർഘ്യമനുഭവിക്കേണ്ടി വരുന്നത് 
എന്തൊരു ദുരവസ്ഥയാണ് ...

യോതിഷ് ആറന്മുള

അന്നുമിതുപോൽ

പ്രജ്ഞ പൊള്ളിയടർന്നൊരു  തിരി നിന്നിലെരിയുന്ന-  ന്നേരം നീ തിരികെയെത്തിടും... അന്നുമിതുപോൽ  നാലു ചുവരുകൾ  നിന്നെ നോക്കിക്കിടന്നിടു...