Sunday, April 7, 2013

മുല്ലവള്ളിയും ഞാനും

മുറ്റത്തെ മുല്ലവള്ളിക്കു പ്രണയം ...
രാത്രിയുടെ കണ്ണുതെറ്റി എപ്പോഴൊക്കെ 
വെയില് വന്നു വിളിച്ചാലും 
ചെമ്പരത്തി കയ്യിലൂടെ പടർന്ന് , 
പറമ്പിലെ വേലിക്കപ്പുറം നിൽക്കുന്ന -
കുറ്റിമുല്ലയുടെ കവിളിൽ ചെന്നുതൊടും ..
ആയിക്കോ...
ഞാനൊന്നും പറയുന്നില്ല...
ആ കുറ്റിമുല്ലക്ക് വെള്ളമൊഴിക്കാറുള്ള
പാവാടക്കാരിയുടെ കണക്കുപുസ്തകത്തിൽ
143 എന്നെഴുതികൊടുത്തതിനാണ്
അവളുടെ അച്ഛൻ
ഒരു പകലുമുഴുവൻ
തെറി പറഞ്ഞുകൊണ്ടാ വേലികെട്ടിയത്...
മുല്ലവർഗ്ഗമാണെങ്കിലും
കുറ്റിയും വള്ളിയും
രണ്ടു ജാതിയാണെന്നയാൾ കലഹിക്കും,
മുല്ലവള്ളിപടർപ്പിലെന്നും -
പൂക്കൾക്ക് ദാരിദ്രമാണെന്നയാൾ
നാടാകെ പറയുകയും ചെയ്യും...
ഒടുവിൽ - പകലുകാണാതെ നിലാവറിയാതെ
നിനക്കും ആ വേലി ചാടെണ്ടിവരും
ആയിക്കോ...
ഞാനൊന്നും പറയുന്നില്ല....

യോതിഷ് ആറന്മുള

No comments:

Post a Comment

മുറിവ്

നേർച്ചയിൽ അധികവും പോയത് അങ്ങോട്ടാണ് .. ഉരുളി കമഴ്ത്തുമ്പോഴും ഉരുവിട്ടത് ആൺകുട്ടി ആൺകുട്ടിയെന്നാണ് ... ജനിക്കും മുൻപേതന്നെ അവഗണിക്കപ്പെട്ടു ....