Thursday, April 25, 2013

അവധിക്കാലത്ത്‌
















പുസ്തകസഞ്ചി വലിച്ചെറിഞ്ഞു ,
തൊടിയിലേക്ക്‌ അഴിച്ചുവിട്ട  -
ആട്ടിൻ കുട്ടികളെപോലെ ,
ഓടിനടക്കുമ്പോൾ...  
അവധിക്കാലമായിട്ടും  
അമ്മയെന്തിനാണ് 
എന്റെ പിന്നാലെ പാടത്തും തൊടിയിലും  
വന്ന് കാത്തുനിൽക്കുന്നതെന്ന്    
ചിന്തിച്ചു വശം കെടാറാണ്  പതിവ് ..
വാസുവേട്ടന്റെ പറമ്പിലെ  
മൂവാണ്ടൻ മാവിന്റെ കൊമ്പിലേക്ക്   
ഞാനും എന്റെട്ടനും  
വാശിക്ക് പായിച്ച  കല്ലുകൾ -
പൊട്ടിക്കാറുള്ള  മാമ്പഴം 
കഴിക്കരുതെന്നമ്മ ശാട്യം   
പിടിച്ചതെന്തിനാണെന്ന് 
മാങ്ങാചൊന വീണു പൊള്ളികറുത്ത  
പാടുകളാണ് പറഞ്ഞു തന്നത് ..
കഞ്ഞിയും കറിയും വയ്ക്കാൻ  
മാത്രം അറിയാവുന്നത് കൊണ്ടാവും  
ഓടിക്കളിക്കാതെ ഒരിടത്തിരുന്ന്  
കളിയ്ക്കാൻ അമ്മ  നിർബന്ധം      
പിടിക്കുന്നതെന്ന് കണ്ടുപിടിച്ചത് 
ഇതുപോലൊരു അവധിക്കാലത്താണ്‌     ...
വണ്ടി ഉരുട്ടികൊണ്ടു  നടന്നു-
മറിഞ്ഞുവീണ് പള്ള കീറികരഞ്ഞപ്പോൾ...
പുഞ്ചവരമ്പത്തെ ചേറിൽ -
മീൻ കോരിനടക്കുമ്പോൾ ...
വിശപ്പും ദാഹവുമില്ലാതെ 
കശുമാങ്ങ പെറുക്കിനടക്കുമ്പോൾ...
കളിക്കൂട്ടുകാരിയുടെ 
പമ്പരം തല്ലിപൊട്ടിച്ചു വഴക്കുകൂടുമ്പോൾ 
"നശിച്ച അവധിക്കാലം തീർന്നിരുന്നെങ്കിലെ -"
ന്നമ്മ  പരിതപിക്കും .
ഒടുവിൽ  - 
ഏട്ടന്റെ  കയ്യിൽ  തൂങ്ങി 
സ്കൂളിലേക്ക്  പുറപ്പെടുമ്പോൾ  
ഇനി പകലുമുഴുവൻ  ഞാനൊറ്റയ്ക്കാണെന്നുള്ള-  
അമ്മയുടെ നെടുവീർപ്പോടുകൂടി 
കടന്നു പോകുന്ന അവധിക്കാലം 


യോതിഷ് ആറന്മുള 

Sunday, April 14, 2013

വിഷുക്കണി


അമ്പല പറമ്പിലെ
കോളാമ്പിയിലൂടോഴുകിയെത്തിയ
പ്രഭാതഗീതത്തിനും
പൂക്കളൊഴിഞ്ഞ-
കൊന്നമരത്തിനും..
ചായക്കു കരുതിയ
അഞ്ചുരൂപ തുട്ടിനും ..
ചട്ടുകാലിനും...
മുഷിഞ്ഞ ഭാണ്ഡത്തിലെ,
ദാരിദ്ര്യം പിടിച്ച -
ഗുരുവായുരപ്പനും ..
കണികാണാൻ
വിളിച്ചുണർത്തിയ-
കടത്തിണ്ണയിലെ,
കൊതുകിനും വിഷു ആശംസകൾ....

യോതിഷ് ആറന്മുള

Saturday, April 6, 2013

മുല്ലവള്ളിയും ഞാനും

മുറ്റത്തെ മുല്ലവള്ളിക്കു പ്രണയം ...
രാത്രിയുടെ കണ്ണുതെറ്റി എപ്പോഴൊക്കെ 
വെയില് വന്നു വിളിച്ചാലും 
ചെമ്പരത്തി കയ്യിലൂടെ പടർന്ന് , 
പറമ്പിലെ വേലിക്കപ്പുറം നിൽക്കുന്ന -
കുറ്റിമുല്ലയുടെ കവിളിൽ ചെന്നുതൊടും ..
ആയിക്കോ...
ഞാനൊന്നും പറയുന്നില്ല...
ആ കുറ്റിമുല്ലക്ക് വെള്ളമൊഴിക്കാറുള്ള
പാവാടക്കാരിയുടെ കണക്കുപുസ്തകത്തിൽ
143 എന്നെഴുതികൊടുത്തതിനാണ്
അവളുടെ അച്ഛൻ
ഒരു പകലുമുഴുവൻ
തെറി പറഞ്ഞുകൊണ്ടാ വേലികെട്ടിയത്...
മുല്ലവർഗ്ഗമാണെങ്കിലും
കുറ്റിയും വള്ളിയും
രണ്ടു ജാതിയാണെന്നയാൾ കലഹിക്കും,
മുല്ലവള്ളിപടർപ്പിലെന്നും -
പൂക്കൾക്ക് ദാരിദ്രമാണെന്നയാൾ
നാടാകെ പറയുകയും ചെയ്യും...
ഒടുവിൽ - പകലുകാണാതെ നിലാവറിയാതെ
നിനക്കും ആ വേലി ചാടെണ്ടിവരും
ആയിക്കോ...
ഞാനൊന്നും പറയുന്നില്ല....

യോതിഷ് ആറന്മുള

Wednesday, April 3, 2013

കേരളശില്പി

ഭൂതകാലത്തെന്നോ-
ഒരു നട്ടുച്ചനേരം 
വടക്കൻ മലബാറിലെ 
പരീദിക്കാന്റെ പീടികയിൽ നിന്നും 
ഉച്ച ഭക്ഷണം കഴിക്കുകയാണ് - പരശുരാമൻ... 
തെക്കൻ കന്യാകുമാരിയിൽ നിന്നും
ഐതിഹ്യ കേരളശില്പി -
കാലത്തു തുടങ്ങിയ വേല ... 
പരീദിക്കാന്റെ പീടികയ്ക്കുള്ള 
സ്ഥലം കൂടി കടലിൽ നിന്നും 
വേർതിരിച്ചെടുത്തൊരു - ഭഗീരഥഭക്ഷണം...
കടൽ വെട്ടി തേഞ്ഞ -
മഴു മിനുക്കി പണി തുടർന്ന ഭഗീരഥൻ,
കൃത്യ നിർവ്വഹണത്തിനു ശേഷം 
അഞ്ചു മണിക്ക് -
കൂലിവാങ്ങി വീട്ടിലേക്കു പോയി.... 

1956 നവംബർ 1

"വടക്കൻ മലബാറും 
തിരുകൊച്ചിയും 
തിരുവിതാംകൂറും 
മറ്റുനാട്ടുരാജ്യങ്ങളും 
ചേർത്തൊരു സമ്പൂർണകേരളം "
പിറന്നെന്നു നാടാകെ അറിഞ്ഞത് 
പരീദിക്കാന്റെ പിന്മുറക്കാരൻ 
ജബ്ബാറിന്റെ ചായപീടികയിലെ 
ഉച്ചഭാഷിണിയിലൂടെയാണ് 

വർഷങ്ങൾക്കിപ്പുറം 

കോഴിക്കോട്ടങ്ങാടിയിൽ 
പരീദിക്കാന്റെ പിന്മുറക്കാരിൽ 
ഹോട്ടൽ മാനേജ്മെന്റു പാസ്സായ 
ഒരേയൊരു ഷെഫ്-
അബുവിന്റെ ,
അലുവയും മത്തിക്കറിയും 
മാത്രം കിട്ടാറുള്ള -
ന്യൂ ജെനറേഷൻ റെസ്റ്റൊറന്റിൽ 
ഒരു മേശക്കിരുപുറമിരുന്ന്
കേരളശില്പിയുടെ പേരിൽ 
യുക്തിയും മഴുവും 
തമ്മിൽ കൊമ്പുകോർക്കുന്നു .....

യോതിഷ് ആറന്മുള

അന്നുമിതുപോൽ

പ്രജ്ഞ പൊള്ളിയടർന്നൊരു  തിരി നിന്നിലെരിയുന്ന-  ന്നേരം നീ തിരികെയെത്തിടും... അന്നുമിതുപോൽ  നാലു ചുവരുകൾ  നിന്നെ നോക്കിക്കിടന്നിടു...