Monday, December 3, 2012

തിരികെ യാത്ര





















മരണത്തില്‍ നിന്നും
വാര്‍ദ്ധക്യത്തിലേക്കാണ്‌
ഞാന്‍  ജനിച്ചത്‌ ..
ഒടുങ്ങാത്ത ശാപങ്ങളേറ്റ്   -
ജീര്‍ണിച്ച അസ്ഥിയില്‍  നിന്ന്
ശൈശവത്തിലേക്ക് വളര്‍ന്നു
അമ്മയുടെ പൊക്കിള്‍കൊടിയില്‍
പറ്റിച്ചേര്‍ന്നു -
ഗര്‍ഭ പാത്രത്തില്‍ കയറി ഒളിക്കണം ..

അള്‍സര്‍ തിന്ന കുടല്‍
തുന്നി ചേര്‍ത്ത്,
ആശുപത്രിക്കിടക്കയില്‍
ഉപേക്ഷിച്ച ഊന്നുവടി തേടിപ്പിടിച്ചു -
പിച്ചവച്ചു നടക്കാന്‍ പഠിക്കണം ..
തെക്കേ കണ്ടത്തില്‍
ചെമ്പക ചോട്ടില്‍
അവള്‍ മയങ്ങുന്നുണ്ടാകും..
അവളെയും കൂട്ടി -
വൃദ്ധ സദനത്തിലേക്ക്
പോകേണ്ടതുണ്ട് ..
അവിടെയാണെനിക്ക്
മകനെ നഷ്ടപ്പെട്ടത് ..
അച്ഛനെന്ന അഹങ്കാരം
പിളര്‍ന്നു താഴെ വീണെന്നെ നോക്കി
കളിയാക്കി ചിരിച്ചത് ...
എങ്കിലും ഒരു പരാജിതനെ പോലെ
വീടിന്‍റെ പടി ചവിട്ടേണ്ടതുണ്ട്.
അവിടെയെന്‍റെ യൌവ്വനം
വിയര്‍ത്ത് കിടപ്പുണ്ട്..
ചോരതിളപ്പിച്ചു
വേകിച്ചതിലോക്കെയും
കല്ലുകടിച്ചിട്ടുണ്ട്...

ഒരു മഴക്കാല രാത്രിയില്‍
മിന്നലിനൊപ്പം
യാത്രപോയ  അച്ഛനെയും അമ്മയെയും
തിരികെ കൂട്ടികൊണ്ട് വരണം .

ധനുമാസ പുലരിയില്‍
മകന്‍ അവളിലേക്ക്
ചുരുങ്ങുന്നത് മുതല്‍
അവനെ താലോലിച്ചങ്ങനെ
അവളുടെ വയറ്റില്‍
ചെവിയോര്‍ത്തു കിടക്കണം...
കിടപ്പറയില്‍ നിന്നും
അവളെയും കൂട്ടി കലാലയത്തിന്‍റെ
ഇടനാഴികളില്‍ പോയി  പ്രണയിക്കേണ്ടതുണ്ട് ...
മധുര പതിനെട്ടിന്‍റെ-
വാകപൂത്ത വഴികളിലാണ്
അവസാനമായി അവളെ കണ്ടു മുട്ടിയത്‌

പൊടി മീശക്കു കനം
കുറയുന്ന നാള്‍തൊട്ടു ,
നാമം ജപിക്കണം ...
ശലഭങ്ങളോട് കൂട്ടുകൂടി...
തുമ്പിക്കു പിന്നാലെ ...
കളിവള്ളത്തിലേറി മഴയിലൂടെ
ബാല്യത്തിലേക്ക്
തിരിച്ചു പോകണം ..
പെറുക്കി കൂട്ടിയ -
മഞ്ചാടിയും
കുന്നിക്കുരുവും
വളപ്പൊട്ടുകളും
വഴിയില്‍ ഉപേക്ഷിച്ച് -
അച്ഛനൊപ്പം ആനകളിക്കണം ....
ചെന്നിനായക കയ്പ്പിലൂടെ
അമ്മയുടെ മധുരം നുകര്‍ന്ന് -
മാറില്‍ പറ്റിചേര്‍ന്നങ്ങനെ..
ശേഷം ഗര്‍ഭപാത്രത്തില്‍
അമ്മക്ക് നിറം പകര്‍ന്നങ്ങനെ -
ഒടുവില്‍ ഇരുപത്തിമൂന്ന്
ക്രോമോസോമിന്‍റെ കണക്കുകളില്‍
വേര്‍പെട്ടു അലിഞ്ഞില്ലാതെയാകണം ....


യോതിഷ് ആറന്മുള

No comments:

Post a Comment

മുറിവ്

നേർച്ചയിൽ അധികവും പോയത് അങ്ങോട്ടാണ് .. ഉരുളി കമഴ്ത്തുമ്പോഴും ഉരുവിട്ടത് ആൺകുട്ടി ആൺകുട്ടിയെന്നാണ് ... ജനിക്കും മുൻപേതന്നെ അവഗണിക്കപ്പെട്ടു ....