Monday, November 5, 2012

കളിയരങ്ങ്










ആട്ടവിളക്കണഞ്ഞിട്ടും
കൂടെ ആടിയവര്‍ ശുദ്ധ നൃത്തചുവടുകള്‍ വച്ച്
കലാശം  ചവുട്ടി പിരിഞ്ഞിട്ടും -
ഞാന്‍ ആടുകയാണ്...
തിരശ്ശീലയ്‌ക്ക് പുറകിൽ-
ചമയങ്ങള്‍ അഴിഞ്ഞു വീണ്- നഗ്നനായ് ..
അരങ്ങിനും ആട്ടവിളക്കിനും
അറിയാത്ത വേഷം ..
രാജസ കഥാപാത്രങ്ങളില്‍ ജീവിച്ച ദരിദ്രന്‍റെ,
രാക്ഷസ കഥാപാത്രങ്ങളില്‍ -
ജീവിച്ച സാത്വികന്‍റെ,
അരങ്ങറിയാതെപോയ-
ജീവിതവേഷം ...
അരങ്ങില്‍ സംസാരിക്കാത്ത-
കഥാപാത്രങ്ങള്‍ക്കുള്ളില്‍ ,
നീറുന്ന ജീവിത കഥകള്‍ക്ക് കൈ മുദ്ര പകര്‍ന്നു
ചിരിക്കുന്ന കത്തിവേഷം ...
ഇഷ്ടദേവതാ പൂജയ്ക്ക് -
തോടയം കെട്ടിയാടിയിട്ടും
ആയിരം അരങ്ങുകളില്‍ പൂതനാമോക്ഷം -
നിറഞ്ഞാടിയിട്ടും,
ജീവിതവേഷത്തിനു -
മോക്ഷം  ലഭിക്കുന്നതേയില്ല....


                                               യോതിഷ് ആറന്മുള 

No comments:

Post a Comment

മുറിവ്

നേർച്ചയിൽ അധികവും പോയത് അങ്ങോട്ടാണ് .. ഉരുളി കമഴ്ത്തുമ്പോഴും ഉരുവിട്ടത് ആൺകുട്ടി ആൺകുട്ടിയെന്നാണ് ... ജനിക്കും മുൻപേതന്നെ അവഗണിക്കപ്പെട്ടു ....