Thursday, November 15, 2012

തിരിച്ചെത്തുവാനാകാതെ...


പകലന്തികള്‍ക്ക് നരകയറിയപ്പോളാണ്
ഞാന്‍ തിരിഞ്ഞു നോക്കിയത്...
കാഴ്ച മരവിച്ച കണ്ണുകള്‍ക്ക്‌
പകലിരവുകള്‍ -
നിശ്ചയമില്ലാതായിരിക്കിന്നു ...
ഉറവ വറ്റിയ ഞരമ്പുവഴികളില്‍
നനവൊട്ടി  മയങ്ങാന്‍ ശ്വേത രക്താണു -  
ഹൃദയമിടിപ്പിനു കാതോര്‍ത്തപ്പോളാണ്
എന്‍റെ കടലിരമ്പങ്ങള്‍ക്ക്
ഒച്ചയില്ലെന്നറിഞ്ഞത്...
കനല്‍വെന്ത വഴിയിലെ-
കല്ലിനും മുള്ളിനും പൂവിനും
ജീവിതത്തിന്‍റെ നരച്ച നിറം
പടര്‍ന്നതെപ്പോഴാണ്...
കാറ്റെന്‍റെ  വഴി മറന്നതാണോ?
കനവുണങ്ങിയ ചില്ലയില്‍
കിളികള്‍ പാട്ടുമറന്നുറങ്ങിയതാണോ?
കാലത്തെ അളന്നു മുറിക്കുന്ന -
ഘടികാരം മേഘ കീറില്‍ ഒളിച്ചത്  - എന്‍റെ
നിഴലിനെക്കൂടി കൊന്നുകളയാനായിരുന്നു ...
മഴപോയ വഴികളില്‍
സ്വപ്നങ്ങള്‍ കുളിരറിയാതെ വരണ്ടു കിടക്കുന്നു ...
മനുഷ്യയുസ്സിന്‍റെ അടയാളങ്ങള്‍
മാംസമുണങ്ങിയ എന്നില്‍
ചുരുണ്ടുപരക്കുന്നു ....
യാത്ര തുടങ്ങിയതെവിടെ എന്നറിയില്ല,
പേശിയും പിണങ്ങിയും ഇണങ്ങിയും
ഒരുപാട് നടന്നു..
തളര്‍ച്ച അറിയിക്കാതെ
വേഗം നടന്നു...
ഒരുപാടുമുന്നില്‍ എത്തിയപ്പോളാണ്
കൂട്ടില്ലാത്തവന്‍റെ  ഉള്‍പിടച്ചില്‍
അറിഞ്ഞത്...
പക്ഷെ - ഇപ്പോള്‍
ഇവിടെ ലോകം അവസാനിക്കുകയാണെന്ന്
തോന്നുന്നു...
എത്ര തിരിഞ്ഞു നടക്കാന്‍ ശ്രമിച്ചിട്ടും
എന്‍റെ ശവകുടീരത്തില്‍ കിതച്ചെത്തി
നില്‍ക്കുകയാണ് ഞാന്‍ ...
കേള്‍വി മുറിഞ്ഞ
കാതുകളില്‍ ഒരു താരട്ടീണം
കേള്‍ക്കുന്നുണ്ട്...
മോക്ഷമന്ത്രങ്ങള്‍ക്കൊപ്പം
എള്ളുംപൂവും ചേര്‍ത്തെന്‍റെ-
പാപത്തിന്‍റെ നീക്കിവപ്പിനു ,
കരയുന്ന കാക്കയുടെ താരാട്ട് .....



                                           യോതിഷ് ആറന്മുള

No comments:

Post a Comment

മുറിവ്

നേർച്ചയിൽ അധികവും പോയത് അങ്ങോട്ടാണ് .. ഉരുളി കമഴ്ത്തുമ്പോഴും ഉരുവിട്ടത് ആൺകുട്ടി ആൺകുട്ടിയെന്നാണ് ... ജനിക്കും മുൻപേതന്നെ അവഗണിക്കപ്പെട്ടു ....